
കിംഗ് ഖാൻ എത്തുന്നു വിജയ്യുടെ വില്ലനായി !!
തമിഴ് സൂപ്പര്‍താരം വിജയുടെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ദളപതി 63. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫാന്മേഡ് പോസ്റ്ററുകളും മറ്റു വൈറലായി മാറിയിരുന്നു. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുക്കുന്ന വിജയ് ചിത്രത്തിനായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.
വിജയുടെ അറുപത്തിമൂന്നാം ചിത്രത്തിന് ഇതുവരെ പേരായിട്ടില്ല. ദളപതി 63 എന്ന് വിളിക്കപ്പെടുന്ന ചിത്രത്തിൽ ഷാരൂഖ് ആകും മുഖ്യ വില്ലൻ എന്നാണ് പറയപ്പെടുന്നത്. ചിത്രത്തിൽ ക്ലൈമാക്സിനോടടുത്ത് ആകും ബോളിവുഡ് ബാദ്ഷായുടെ കടന്നു വരവ്. ഹിന്ദിയിലെ ഒരു പ്രമുഖ താരം തന്നെ ചിത്രത്തിൽ വേണമെന്ന് നിർമ്മാതാക്കൾ തുടക്കം മുതൽ ആഗ്രഹിച്ചിരുന്നു. സംവിധായകൻ ആറ്റ്ലി ഷാരൂഖ് ഖാനെ സമീപിച്ചതോടെ നിബന്ധനകളോട് അദ്ദേഹം സമ്മതം മൂളുകയായിരുന്നു.
കാര്യങ്ങൾ ശരിയായ രീതിയിൽ നടക്കുകയാണെങ്കിൽ അധികം വൈകാതെ തന്നെ ഷാരൂഖ് ദളപതി 63നായി ഷൂട്ടിംഗ് ആരംഭിക്കും. നാല്-അഞ്ച് ദിവസം നീളുന്ന ഷൂട്ട് ചെന്നൈയിൽ വേണോ മുംബൈയിൽ വേണോ എന്ന ആലോചനയിലാണ് അണിയറ പ്രവർത്തകർ. നേരത്തെ ഐപിഎൽ കളിക്കിടെ ഷാരൂഖ് ഖാനൊപ്പം ഇരിക്കുന്ന ആറ്റ്ലിയുടെ ചിത്രങ്ങൾ പ്രചരിച്ചപ്പോൾ തന്നെ കിംഗ് ഖാന്റെ തമിഴ് അരങ്ങേറ്റം സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ആറ്റ്ലി ചിത്രമായ മെർസലിന്റെ ഹിന്ദി റീമേക്കിലും ഷാരൂഖ് എത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. ആറ്റ്ലി തന്നെയാകും ചിത്രം ബോളിവുഡിലും ഒരുക്കുക.