
വൈറസില്‍ ഒരു സീന്‍ പോലും ആഷിഖ് പൂര്‍ണിമയ്ക്കൊപ്പം തന്നില്ല, സങ്കടം പങ്കുവച്ച് ഇന്ദ്രജിത്ത്
നിപയുടെ പേടിപ്പെടുത്തുന്ന ഓര്‍മകളെ സ്ക്രീനിലാക്കി വൈറസ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രയിലര്‍ അക്ഷരാര്‍ത്ഥത്തില്‍ പ്രേക്ഷകരെ ഞെട്ടിച്ചു. നിപയുടെ ഭീകരദിനങ്ങളെ അത്രമേല്‍ ആ ചിത്രം ഒപ്പിയെടുത്തിട്ടുണ്ടെന്നാണ് ട്രയിലര്‍ തെളിയിക്കുന്നത്. കുഞ്ചാക്കോ ബോബന്, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റിമാ കല്ലിങ്കല്‍ വന്താര നിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നടി പൂര്‍ണിമ ഇന്ദ്രജിത്തും സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും വൈറസിനുണ്ട്. ജില്ലാ ഹെല്‍ത്ത് സെക്രട്ടറിയായാണ് ചിത്രത്തില്‍ പൂര്‍ണിമ വേഷമിടുന്നത്. നടനും പൂര്‍ണിമയുടെ ഭര്‍ത്താവുമായ ഇന്ദ്രജിത്തും ചിത്രത്തില്‍ ഡോക്ടറായി എത്തുന്നുണ്ട്. ഇരുവരും അഭിനയിക്കുന്നുണ്ടെങ്കിലും ഒരു സീനില്‍ പോലും തങ്ങള്‍ ഒരുമിച്ചില്ലെന്ന് ഇന്ദ്രജിത്ത് പറയുന്നു.
ആ ഒരു വിഷമം മാത്രമേ ബാക്കിയുള്ളൂ.. ഈ സിനിമയില്‍ ഒരു ഷോട്ടു പോലും ആഷിഖ് എനിക്ക് പൂര്‍ണിമയ്ക്കൊപ്പം തന്നിട്ടില്ല. ഒരു സീനില്‍ പോലും ഒന്നിച്ചില്ല. ഇതു കഴിഞ്ഞ് ഞങ്ങളൊരുമിക്കുന്ന മറ്റൊരു ചിത്രമാണ് തുറമുഖം. അതിലും എന്റെയും പൂര്‍ണിമയുടെയും ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഇല്ല.’ സദസ്സിലും വേദിയിലും ഉഗ്രന്‍ ചിരി പടര്‍ത്തിയ ഇന്ദ്രജിത്തിന്റെ ഈ കമന്റിന് ആഷിഖ് ചിരിച്ചുകൊണ്ട് തന്നെ മറുപടി നല്കി. ‘അത് മന:പൂര്‍വം ചെയ്തതാണ്.’
സിനിമയിലെ തന്റെ കഥാപാത്രത്തെക്കുറിച്ചും ഇന്ദ്രജിത്ത് വാചാലനായി. ‘നിപ്പ രോഗം പടര്‍ത്തിയ പ്രതിസന്ധി തരണം ചെയ്യാന്‍ ഒറ്റക്കെട്ടായി പരിശ്രമിച്ച ഒരുപാടു പേരുടെ പ്രയത്നങ്ങളാണ് വൈറസ് എന്ന ചിത്ത്രതിലൂടെ അഭ്രപാളിയിലെത്തുന്നത്. അതില്‍ പ്രധാന പങ്കു വഹിച്ച കോഴിക്കോട് കോര്പറേഷന് ഹെല്‍ത്ത് ഓഫീസറായിരുന്നു ഡോ ആര് എസ് ഗോപകുമാര്‍. ആ വ്യക്തിത്വത്തിനോട് ചേര്‍ന്നു നില്ക്കുന്ന കഥാപാത്രമാണ് സിനിമയില്‍ എന്റേത്. ബാബുരാജ് എന്നാണ് പേര്. മെഡിക്കല്‍ കോളേജില്‍ നിപ്പ വൈറസ് ബാധിച്ച് മരണപ്പെട്ടവരുടെ മൃതദേഹങ്ങള്‍ പരിശോധിയ്ക്കാന്‍ ആരുമില്ലാതെ വന്നപ്പോള്‍ ഈ ഡോക്ടറുടെ നേതൃത്വത്തില്‍ ചില അറ്റന്‍ഡര്‍മാരാണ് മൃതദേഹങ്ങളുടെ സംസ്കരണവും ഒക്കെ നടത്തിയത്. ഈ കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിക്കേണ്ടത് എന്നറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ അദ്ദേഹത്തെ നേരില്‍ പോയി കണ്ടിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.’
ജില്ലാ ഹെല്‍ത്ത് സെക്രട്ടറിയായാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്. സിനിമയുടെ ഭാഗമായി ഈ രോഗം ബാധിച്ച മേഖലകള്‍ കാണുകയും അവിടെയുള്ള സാധാരണക്കാരോട് സംസാരിക്കുകയും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തപ്പോഴാണ് നിപ്പ കാലത്തെ അടുത്തറിയാനും അനുഭവങ്ങളുടെ ആഴം മനസിലാക്കാന്‍ കഴിഞ്ഞതെന്ന് അഭിനേതാക്കള്‍ എടുത്തു പറഞ്ഞു. പ്രളയകാലത്ത് കേരളത്തിലെ ഓരോ സാധാരണക്കാരനും കുടുംബത്തെ പോലും മാറ്റിനിര്‍ത്തി സേവനത്തിനിറങ്ങിയതെന്ന് നേരില്‍ കണ്ട് അനുഭവപ്പെട്ടതാണെന്നും പൂര്‍ണിമ പറഞ്ഞു.