എന്ത് കൊണ്ട് “നാടോടിക്കാറ്റ്” നമ്മൾ വീണ്ടും വീണ്ടും കാണുന്നു ??

0

നമ്മൾ മലയാളികൾ എറ്റവും കൂടുതൽ തവണ കണ്ട സിനിമകളിൽ ഒന്ന് തീർച്ചയായും “നാടോടിക്കാറ്റ്” ആകും. ഒട്ടും തന്നെ മുഷിപ്പ് ഇല്ലാതെ ഒന്നിലധികം തവണ അല്ലെങ്കിൽ ഏറ്റവും കൂടുതൽ കണ്ട സിനിമകളിൽ മുൻപിൽ ഈ മോഹൻലാൽ – സത്യൻ അന്തിക്കാട് ചിത്രം ഉണ്ടാകും.


ഇന്നും എന്നും ഓർമ്മകളിൽ ഓർത്തു വയ്ക്കുന്ന അല്ലേ ഓർത്തു ചിരിക്കുന്ന ഒട്ടനവധി നിരവധി രംഗങ്ങൾ നിറഞ്ഞ സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ്. 32 വർഷങ്ങൾ കഴിഞ്ഞുപോയിട്ടും ഈ സിനിമയുടെ പുതുമ ഇന്നും അതുപോലെ നിലനിൽക്കുന്നു എന്നത് ലോകഅത്ഭുതത്തെക്കാൾ വലിയ അത്ഭുതം തന്നെ.

ചെറുപ്പക്കാരായ, അതിലുപരി തൊഴിൽ രഹിതരായ, അഭ്യസ്തവിദ്യരായ രണ്ടു ചെറുപ്പക്കാരുടെ ജീവിതത്തിലെ പട്ടിണിയും പരിവട്ടങ്ങളും പ്രണയവും സങ്കടവും ദേഷ്യവും നിസ്സഹായവസ്ഥയും തമാശരൂപേണ ഇത്രമാത്രം ഭംഗിയോടെ അതിലുപരി സൂഷ്മതയോടെ പ്രതിഫലിപ്പിച്ച മറ്റൊരു ചിത്രമുണ്ടോ 32വർഷങ്ങൾ കഴിഞ്ഞിട്ടും ഈ ചോദ്യത്തിനു പ്രസക്തിയുണ്ട്.

ചിത്രത്തിലെ അഭിനേതാക്കളിലേക്ക് കടക്കുകയാണെങ്കിൽ കേന്ദ്രകഥാപാത്രമായ മോഹൻലാലിന്റെ രാമദാസൻ മുതൽ ഒന്നോ രണ്ടോ സീനിൽ വന്നുപോകുന്ന ക്യാപ്റ്റൻ രാജുവിന്റെ പവനായി എന്ന കഥാപാത്രം പോലും ഇന്നും മനസ്സിൽ മായാത്ത ഓർമ്മയാണ്.

നായിക നായകനിലേക്കു വന്നാലോ ശോഭന – മോഹൻലാൽ കോമ്പിനേഷൻ സീനുകൾ അത്ഭുതപെടുത്തുന്നു. ഇത്രയധികം കെമിസ്ട്രി വർക്ക് ചെയ്യുന്ന ഒരു പ്രണയജോടി ഇനി മലയാളത്തിൽ ഉണ്ടാകുമോ എന്ന ചോദ്യം വീണ്ടും ബാക്കി? ശോഭനയുടെ വിന്റേജ് ലുക്ക് എന്നൊക്കെ പറയാം ആ പഴയ നാടൻ പെൺകുട്ടി ശോഭനയുടെ മാത്രം കൈകളിൽ ഭദ്രം.

ചിത്രത്തിലെ ശ്യാം ഒരുക്കിയ പാട്ടുകളും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്. ഞാൻ എന്തുകൊണ്ട് ശ്രീനിവാസന്റെ കഥാപാത്രത്തെ കുറിച്ചു പറഞ്ഞില്ല എന്ന് നിങ്ങൾ ഇപ്പോൾ ചിന്തിച്ചു നോക്കി അല്ലേ പറയാൻ വാക്കുകൾ ഇല്ലാത്ത കഥാ പാത്രത്തെ കുറിച്ചു ഞാൻ എന്തു എഴുതാൻ.

-സുധീഷ് ഇറവൂർ

മുംബൈ പോലീസിൽ മമ്മൂട്ടിയും മോഹൻലാലും; കോട്ടയം കുഞ്ഞച്ചനായി പ്രിത്വിരാജും ..

You might also like