“1744 വൈറ്റ് ആള്‍ട്ടോ” പുതുമ കൂടി പോയി !! Review – Mtoday – 1744 White Alto

1,949

ഒരു കാറാണ് മുഖ്യകഥാപാത്രം. കാറിനെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ടുപോകുന്നത്. ഫ്രെയിമിനുള്ളിലേക്ക് കാറിനൊപ്പം കയറിവരുന്ന കഥാപാത്രങ്ങള്‍. കഞ്ഞങ്ങാടിന്റെ പ്രോഡക്ടായ തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന്ന ഹെഗ്‌ഡെ ചിത്രം “1744 വൈറ്റ് ആള്‍ട്ടോ” മനോഹരമായൊരു പരീക്ഷണ ചിത്രമാണ്. അതിനാൽ ചിത്രം തിയേറ്ററുകളിൽ വിജയം നേടിയില്ലെങ്കിലും ഒടിടിയിൽ വരുമ്പോൾ തീർച്ചയായും പ്രശംസ നേടും.

കാഞ്ഞങ്ങാടിന്റെ ഭൂമികയിലൂടെയാണ് ഈ വെള്ളക്കാറും ഓടുന്നത്. 1744 നമ്പര്‍ വൈറ്റ് ആള്‍ട്ടോ കാറിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ യാത്ര. രണ്ടു കേസുകളുടെ അന്വേഷണത്തിലാണ് മഹേഷ് എന്ന പൊലീസുകാരന്‍. രണ്ടു കേസിലും ഈ വൈറ്റ് ആള്‍ട്ടോ കാര്‍ നിര്‍ണായകമാണ്. ചിത്രത്തിന്റെ യാത്രയില്‍ കാറിനൊപ്പം വിചിത്ര സ്വഭാവമുള്ള മനുഷ്യരും ചേരുന്നു. ചിത്രത്തിന്റെ കഥാപാത്ര സൃഷ്ടി വേറിട്ടതാണ്. ഡാര്‍ക്ക് ഹ്യൂമര്‍ സജീവമായി നിലനിര്‍ത്തുന്നതില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ മോള്‍ഡില്‍ വാര്‍ത്തെടുത്ത ഈ കഥാപാത്രങ്ങള്‍ വലിയ പങ്കുവഹിക്കുന്നുണ്ട്.

തിങ്കളാഴ്ച നിശ്ചയത്തിന്റെ ഹൈലൈറ്റുകളിലൊന്ന് കഥാപാത്ര സൃഷ്ടിയിലെ സ്വാഭാവികതയായിരുന്നു. തികച്ചും അനുയോജ്യമായ അഭിനേതാക്കളും ആ ചിത്രത്തിന്റെ വിജയത്തിന് വലിയ സപ്പോര്‍ട്ട് നല്‍കുന്നുണ്ട്. സെന്ന ഹെഗ്‌ഡെ ഈ ചിത്രത്തിലും സ്വാഭാവിക അഭിനയവും സംഭാഷണങ്ങളും ഒരുക്കുന്നുണ്ട്. ചിത്രത്തെ ആസ്വാദ്യമാക്കുന്ന ഘടകങ്ങളിലൊന്നും ഇതുതന്നെ. ഷറഫുദ്ദീന്റെ പൊലീസുകാരന്‍ മഹേഷ് മികച്ചതാണ്. വ്യത്യസ്ത വേഷങ്ങളിലൂടെ നല്ല നടന്‍ എന്ന മേല്‍വിലാസം ഷറഫുദ്ദീന്‍ സ്വന്തമായി കഴിഞ്ഞു. വിന്‍സി അലോഷ്യസ്, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്നു, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജില്‍ ചെറുകരയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍, അരുണ്‍ കുര്യന്‍, ജോജി ജോണ്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

പാശ്ചാത്യ സിനിമകളുടെ ഫ്രെയിമുകളുടെ ശൈലിയില്‍ ഒരുക്കിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പതിനെട്ടു ദിവസം കൊണ്ടാണ് പൂര്‍ത്തിയായത്. കബിനി ഫിലിംസിന്റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മെല്‍വി ജെ വസ്ത്രാലങ്കാരവും, മേക്കപ്പ് രഞ്ജിത്ത് മണലിപ്പറമ്പിലുമാണ് നിര്‍വഹിക്കുന്നത്. അമ്പിളി പെരുമ്പാവൂര്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, നിക്സണ്‍ ജോര്‍ജ്ജ് സൗണ്ട് ഡിസൈനറുമാണ്. പ്രൊഡക്ഷന്‍ ഡിസൈന്‍ ഉല്ലാസ് ഹൈദൂര്‍, കലാസംവിധാനം വിനോദ് പട്ടണക്കാടന്‍. ഡിഐ കളറിസ്റ്റ് അവിനാഷ് ശുക്ല, വിഎഫ്എക്സ് നിര്‍വഹിക്കുന്നത് എഗ്വൈറ്റ്, വിഎഫ്എക്സ് സിങ്ക് സൗണ്ട് ആദര്‍ശ് ജോസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥും ചീഫ് അസോസിയേറ്റ് ഛായാഗ്രാഹകന്‍ രമേഷ് മാത്യൂസുമാണ്. ശങ്കര്‍ ലോഹിതാക്ഷന്‍, അജിത് ചന്ദ്ര, അര്‍ജുനന്‍ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍. ശബരി പിആര്‍ഒയും, രോഹിത് കൃഷ്ണ സ്റ്റില്‍ ഫോട്ടോഗ്രാഫറുമാണ്. പബ്ലിസിറ്റി നിര്‍വഹിക്കുന്നത് സര്‍ക്കാസനം. സ്റ്റോറീസ് സോഷ്യലിന്റെ ബാനറില്‍ സംഗീത ജനചന്ദ്രന്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് കൈകാര്യം ചെയ്യുന്നു.

You might also like