2.0 ദൃശ്യ വിസ്മയവും പാളിപ്പോയ പ്രതീക്ഷകളും.

0

2.0 റിവ്യൂ: പ്രിയ തെക്കേടത്  .

 

ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ചു പ്രേക്ഷകഹൃദയം കവർന്ന ചിട്ടി റോബോട്ടിന്റെ തിരിച്ചു വരവിനെ ആരവ ആഘോഷത്തിൽ കാത്തിരുന്ന ആരാധകരെ വേണ്ടവിധം സന്തോഷിപ്പിക്കാൻ ശങ്കർ -രജനീകാന്ത് കൂട്ടുക്കെട്ടിന് സാധിച്ചില്ല. പുതുമയുള്ള 3 ഡി സിനിമ മാത്രമാണ് തിയേറ്ററിൽ പോയി കാണുന്നവന് ലഭിക്കുകയുള്ളു. എന്തിരൻ പ്രതീക്ഷിച്ച് പോയാൽ നിരാശ ഉറപ്പാണ്. സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന രജനികാന്തിൻറെ ബ്രഹ്മാണ്ഡ ചിത്രം 2.0 പ്രദർശനത്തിനെത്തിയിരിക്കുന്നത് ഇന്ത്യൻ ചലച്ചിത്രലോകം ഇന്നോളം കണ്ടിട്ടില്ലാത്ത പ്രത്യേകതകളോടുകൂടിയാണ്. 600 കോടിയോളം മുതൽമുടക്കിൽ യന്തിരനു പിന്തുടർച്ചയായെത്തുന്ന ശങ്കർ ചിത്രം പൂർണ്ണമായും 3D യിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

 

 

2 .0 യിൽ കൃത്യമായ മെസ്സേജ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ ശങ്കർ വിജയിച്ചു. ഇന്നത്തെ കാലഘട്ടത്തിന് ഏറെ അനുയോജ്യമായ കഥ തന്നെയാണ് ശങ്കർ ചിത്രത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. രജനികാന്തിന്റെ സ്ഥിരം സ്റ്റൈൽ പടം കാണാൻ ആഗ്രഹിക്കുന്നുവർ 2 .0 കാണാതിരിക്കുന്നതായിരിക്കും കൂടുതൽ മെച്ചം. ചുരുങ്ങിയ കഥാപത്രത്തിലൂടെ ബിഗ് ബജറ്റ് ചിത്രമൊരുക്കിയിരിക്കുകയാണ് 2 .0. തമിഴ് സിനിമ ലോക സിനിമക്ക് സമർപ്പിക്കുന്ന മികച്ച സയൻസ് ഫിക്ഷൻ ഒറ്റ വാക്കിൽ 2.0 അതാണ് .

 

 

 

2 .0 യുടെ മുഖ്യാകർഷണം മൈക്രോ റോബോർട്ട് തന്നെയാണ്. സിനിമ ലോകം ഇന്നേവരെ ചർച്ച ചെയ്യാത്ത ആരോഗ്യ -പരിസ്ഥിതി പ്രശ്നം ശങ്കർ മുന്നോട്ട് വെക്കുന്നുണ്ട്. രജനികാന്തും അക്ഷയ് കുമാറും തന്നെയാണ് ചിത്രത്തിന്റെ ജീവൻ . അക്ഷകുമാറിനെ വേണ്ട വിധം ഉപയോഗിക്കാനും ശങ്കറിന് സാധിച്ചിട്ടില്ല. എയ്മി ജാക്സൺ , സുധൻഷു പാണ്ഡേ ,ആദിൽ ഹുസ്സൈൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ അഭിമാനമായി കലാഭവൻ ഷാജോണും ചിത്രത്തിലുണ്ട് . ശങ്കർ ഉപയോഗിച്ച മിക്ക മലയാളം നടന്മാർക്കും തിയേറ്ററുകളിൽ നല്ല സ്വീകാര്യത ലഭിക്കാറുണ്ട്. കലാഭവൻ മണിക്ക് ശേഷം ശങ്കർ കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് കലാഭവൻ ഷാജോണിനെ. മന്ത്രിയായി കലാഭവൻ ഷാജോൺ എത്തുമ്പോൾ തിയേറ്ററിൽ നിറഞ്ഞ കൈയ്യടിയാണ് ലഭിച്ചത്.

 

 

ആരും പറയാത്ത ആരോഗ്യ -പരിസ്ഥിതി പ്രശ്നം തുറന്നുകാട്ടി ശങ്കർ…

മൊബൈൽ ഫോൺ വിപ്ലവത്തിന്റെ നൂറ്റാണ്ടിൽ നാം ജീവിക്കുമ്പോൾ പലപ്പോഴും മൊബൈൽ ടവറുകൾ വരുത്തുന്ന റേഡിയേഷനെക്കുറിച്ചു ചിന്തിക്കാറില്ല . അത്യന്തം അപകടകരമായ ഈ വികിരണങ്ങൾ മനുഷ്യരെക്കാൾ അധികമായി പക്ഷികളെ ബാധിക്കുന്നുണ്ട് എന്ന വസ്തുതയോട് ചേർത്താണ് 2.0 യുടെ കഥ എഴുതപ്പെട്ടിരിക്കുന്നത് . ഇത്ര ആഴമായി ഒരു ആരോഗ്യ -പരിസ്ഥിതി പ്രശ്നം സമീപകാല ഇന്ത്യൻ സിനിമ ചർച്ച ചെയ്തിട്ടുണ്ടാകില്ല . നശിച്ചുപോവുന്ന ഒരു വിഭാഗത്തിനെ പ്രേക്ഷകർക്ക് മുന്നിലേക്ക് കാണിച്ചു കൊടുത്തിരിക്കുകയാണ് 2.0 യിലൂടെ. ആദ്യ പകുതിയിൽ പ്രതിനായകനെ വെളിച്ചത്തു കൊണ്ടുവന്ന് ഇന്റർ വെൽ പഞ്ചിൽ എത്തുന്ന ചിത്രം രണ്ടാം പകുതിയുടെ ആദ്യ രംഗങ്ങളിൽ തീർത്തും വ്യത്യസ്തമായ കഥാ പരിസരങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. ക്ലൈമാക്സ് രംഗങ്ങൾ വളരെ മനോഹരമായി ശങ്കർ തിട്ടപ്പെടുത്തിയിട്ടുണ്ട്.

 

 

2 .0 അണിയറയിൽ….

ചുരുങ്ങിയ കഥാപത്രങ്ങളെ വച്ച് മുന്നോട്ട് പോകുന്ന ചിത്രത്തിന്റെ സാങ്കേതിക മികവ് തന്നെയാണ് ഉയർന്നുനിൽക്കുന്നത് . മൂവായിരത്തോളം സാങ്കേതിക പ്രവര്‍ത്തകരെയാണ് ചിത്രത്തിനായി ഒരുക്കിയിരുന്നത്. നീരവ് ഷായുടെ ഛായാഗ്രഹണം സിനിമയെ ഒരു പടി മുന്നിൽ നിർത്തുന്നു. വളരെ മനോഹരമായ കാഴ്ചകളെ പകർത്താൻ നീരവിന് സാധിച്ചിട്ടുണ്ട്. സ്‌ക്രീനിൽ നിറഞ്ഞു നിൽക്കുന്ന പക്ഷികളെ പ്രേക്ഷകരിലേക്ക് ചിത്രത്തെ കൂടുതൽ അടുപ്പിച്ചിട്ടുണ്ട്. ഗാനങ്ങൾക്ക് അധികം സ്കോപ്പ് ഇല്ലെങ്കിലും , എ ആർ റഹ്‌മാന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങളെയും പാകപ്പിഴവ് വരുത്താതെ കൊണ്ടുപോയി. സാധാരണ ശങ്കർ സിനിമയിലെ റഹ്‌മാന്റെ പങ്ക് ഈ ചിത്രത്തിൽ വേണ്ടി വന്നില്ല. 3ഡി – 4ഡി യിൽ തന്നെ ആസ്വദിക്കേണ്ട ദൃശ്യ-ശ്രവ്യ വിസ്മയം തന്നെയാണ് 2.0. ചിത്രത്തിന്റെ അടുത്ത ഭാഗം 3.0 വരുമെന്ന് സൂചന നൽകി കൊണ്ടാണ് സംവിധായകൻ ചിത്രം അവസാനിപ്പിക്കുന്നത്.

 

 

അഭിനയമികവിൽ രജനികാന്തും കൂട്ടരും…..

എന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനികാന്ത് തന്നെ നായകനായി എത്തുമ്പോള്‍ രജനികാന്തിന്റെ മികച്ച പ്രകടനം കാണാൻ തിയേറ്ററിൽ പോകുന്നവരാണ് കൂടുതൽ. പല വേഷങ്ങളിൽ , പല ഭാവങ്ങളിൽ രജനികാന്ത് മിന്നുന്ന പ്രകടനം കാഴ്ച വെക്കുമ്പോൾ , പ്രതിനായക വേഷം നന്നായി ഇണങ്ങുമെന്നു കാണിച്ചു കൊണ്ട് അക്ഷയ് കുമാർ അഭിനന്ദനാർഹമായ പ്രകടനം കാഴ്ച വെച്ചു . എന്നാൽ പക്ഷി രാജ (അക്ഷയ് കുമാർ ) എന്ന കഥാപത്രത്തിന് അഭിനയ സാധ്യത വളരെ കുറഞ്ഞു പോയി. എമി ജാക്സണായാലും ഗ്ലാമറിനായി ചിത്രത്തിൽ പിടിച്ചിട്ട ഫീലാണ് തരുന്നത്. എന്തിരനിൽ ഐശ്വര്യ റായ് ചെയ്ത സന എന്ന കഥാപത്രം വെറും ശബ്ദത്തിലേക്ക് മാത്രമായി ഒതുങ്ങി. രജനികാന്തിന്റെ മാസ് സ്റ്റൈൽ രംഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായൊരു മാറ്റം നമുക്ക് ചിത്രത്തിൽ കാണാം.

 

 

You might also like