നയവും നിലപാടുമുള്ള “41” ; റിവ്യൂ വായിക്കാം.

0

നാൽപത്തിയൊന്ന്  റിവ്യൂ: ധ്രുവൻ ദേവർമഠം

ലാൽ ജോസ് എന്ന സംവിധായക പ്രതിഭ തന്റെ ഓരോ ചിത്രവുമായി വരുമ്പോഴും മലയാളി പ്രേക്ഷകർ വൻ വരവേൽപ്പാണ് നൽകി പോന്നിരുന്നത്. ഇടയ്ക്ക് ചെറിയ പരാജയങ്ങളിൽ ചെന്ന് തലവെയ്ക്കാറുണ്ടെങ്കിലും; ലാൽ ജോസ് ചിത്രങ്ങൾ ഒരു മിനുമം ഗ്യാരണ്ടി ചിത്രങ്ങളായി തന്നെയാണ് പ്രേക്ഷകർ കരുതി പോരുന്നതും. മുൻ വർഷങ്ങളിൽ ലാൽജോസിന്റെതായി വന്ന രണ്ടു ചിത്രങ്ങളും പരാജയപ്പെട്ടുവെങ്കിലും “41” എന്ന പുതിയ ചിത്രവുമായി എത്തുമ്പോൾ ഒരു ഫിലിംമേക്കർ എന്ന നിലയിൽ തന്റെ ക്രാഫ്റ്റ്മാൻഷിപ്പ് കൊണ്ട് മാത്രം സിനിമയെ പ്രേക്ഷകർക്ക് ഇഷ്ട്ടം തോന്നിക്കുന്ന ഒന്നാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

 

 

 

 

വെളിപാടിന്റെ പുസ്തകത്തിലും, തട്ടിൻപുറത്തച്ചുതനിലും സംഭവിച്ച പിഴവുകൾ തന്റെ പുതിയ ചിത്രത്തിൽ ആവുന്ന വിധം അദ്ദേഹം ഒഴിവാക്കിയിട്ടുമുണ്ട് എന്ന് പറയാം. മലയാളത്തിൽ ഒട്ടനവധി പുതുമുഖതാരങ്ങളെ കൊണ്ടു വന്നിട്ടുള്ള ലാൽജോസ് തന്റെ പുതിയ ചിത്രത്തിലും ആ പതിവ് തുടരുന്നു. സന്തോഷ് കീഴാറ്റൂർ, ശിവജി ഗുരുവായൂർ, സംവൃത സുനിൽ, അനുശ്രി, മീരാനന്ദൻ എന്നിവർക്ക് തുടർച്ചയെന്നോണം 41 ൽ ഗംഭീര പ്രകടനവുമായി സരൺജിത്ത് , ധന്യ അനന്യ എന്നിവർ കാഴ്ച്ചക്കാരുടെ നെഞ്ചിലാണ് സ്ഥാനം പിടിക്കുന്നത്.

 

 

 

 

 

കണ്ണൂരിന്റെ ഭൂമികയിലാണ് ഇത്തവണ ലാൽജോസ് കഥ പറയുന്നത്. മുൻപ് ചെയ്ത സിനിമകളിൽ നിന്ന് വ്യത്യസ്തമായി കുറച്ചു കൂടി റിയലിസ്റ്റിക്ക് സ്വഭാവമുള്ള സിനിമയാണ് ഒരുക്കിയിരിക്കുന്നത്. വിശ്വാസവും, അവിശ്വാസവും തമ്മിലുളള ആശയസംഘട്ടനമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയ പശ്ചാത്തലമായി വരുന്നത്. നിരീശ്വരവാദിയും സകലവിധ ട്രെടീഷണലായുള്ള എല്ലാ ആശയങ്ങളെയും തള്ളിപറയുന്ന പാരൽകോളേജ് അധ്യാപകനും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനുമായ ഉല്ലാസിന്റെയും അയാളുടെ നാട്ടിൻ പുറത്തിന്റെയും കഥയാണ് ’41’ എന്ന സിനിമ.

 

 

 

 

ഭക്തി എങ്ങനെയാണ് കച്ചവടം ചെയ്യപ്പെടുന്നത് എന്ന് കാട്ടിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. ഉല്ലാസ് കുമാറെന്ന അധ്യാപകൻ കുട്ടികൾക്ക് മുന്നിൽ സന്യാസിവേഷം കെട്ടി വായുവിൽ ഇരുന്നും അന്തരീക്ഷത്തിൽ നിന്ന് കൈവെള്ളയിൽ ഭസ്മമെടുത്തുകാട്ടിയും തട്ടിപ്പുകാരായ ആത്മീയ കച്ചവടക്കാരുടെ മുഖം തുറന്ന് കാട്ടുകയാണ്. എന്നാൽ അടിമ മനോഭാവമുള്ള ആളുകൾ അതൊന്നും അംഗീകരിക്കുവാൻ പോലും തയാറാകുന്നില്ല. പലവിധത്തിലുള്ള നാട്ടിൻ പുറത്തെ സംഭവങ്ങളിലൂടെ മുന്നോട്ട് പോകുന്ന ചിത്രം വിശ്വാസിയല്ലാത്ത ഉല്ലാസ് മാഷിന് ഒരു പ്രത്യേക സാഹചര്യത്തിൽ ശബരിമലയ്ക്ക് മാല ഇടേണ്ടിവരുന്നതോടുകൂടിയാണ് ചിത്രം അതിന്റെ പൂർണ്ണമായ ഒരു അവസ്ഥയിലേക്ക് എത്തുന്നത്.നിലവിളക്ക് കൊളുത്തിവച്ചു എന്ന ഒറ്റക്കാരണത്തൽ സ്വന്തം കല്യാണം പോലും വേണ്ടെന്ന് വച്ചയാളായിട്ടു കൂടിയാണ് അയാൾക്ക് മാലയിടേണ്ടിവരുന്നത് . പാർട്ടി ഏൽപ്പിച്ച ദൗത്യവുമായി അയാൾ ശബരിമലചവിട്ടുമോ. ദൗത്യം പൂർത്തിയാക്കാൻ സാധിക്കുമോ എന്നതാണ് പ്രേക്ഷകരെ ആകാംഷയിലേക്ക് കൊണ്ട് എത്തിക്കുന്ന സംഭവം.

 

 

 

 

ഉല്ലാസ് എന്ന നായക കഥാപാത്രം ബിജു മേനോന്റെ കൈകളിൽ ഭദ്രമാണ്. മോശമല്ലാതെ മറ്റു കഥാപാത്രങ്ങളുടെ അനുകരണങ്ങളെ ഈ സിനിമയിൽ ഏറെക്കുറെ ഒഴിവാക്കാൻ ബിജുമേനോന് സാധിച്ചതും ചിത്രത്തിന് ഗുണമായി എന്ന് പറയാം. രവീന്ദ്രൻ നമ്പ്യാർ എന്ന കഥാപാത്രമായി സുരേഷ് കൃഷ്ണയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു. അധികമൊന്നും ഇല്ലെങ്കിലും വരുന്ന സീനുകളിൽ എല്ലാം നിമിഷ സജയനും പ്രകടനം കൊണ്ട് വിസ്മയിപ്പിക്കുന്നുണ്ട്. വാവച്ചി എന്ന കണ്ണനെ അവതരിപ്പിച്ച ശരൺജിത്ത് എന്ന പുതുമുഖ താരം പ്രകടനം കൊണ്ട് അമ്പരിപ്പിക്കുന്നുണ്ട്. മികച്ച സഹസാതാരത്തിനോ. പുതുമുഖ നടൻ എന്ന അവാർഡോ ഈ സിനിമയിലെ പ്രകടനത്തിലൂടെ അയാൾക്ക് ലഭിച്ചേക്കാം. അത്ര തന്നെ മനോഹരമാക്കിയിട്ടുണ്ട് തന്റെ ആദ്യ സിനിമയിലെ കഥാപാത്രത്തെ. വാവച്ചിയുടെ ഭാര്യ സുമയായി എത്തിയ ധന്യാ അനന്യയും ശരൺജിത്തിന് ഒപ്പം തന്നെ മിന്നും പ്രകടനമാണ് കാഴ്ച്ച വച്ചത്. നിമിഷ സജയന്റെ അച്ഛനായി എത്തിയ ഇന്ദ്രൻസിന് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയി. ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും മികച്ചതാക്കിയിട്ടുണ്ട്.

 

 

 

 

തിരക്കഥയിൽ വന്ന എറെക്കുറെ പാളിച്ചകൾ ഒക്കെ ചിത്രത്തിന്റെ മെയിക്കിങ്ങ് കൊണ്ട് മറികടക്കുവാൻ കഴിഞ്ഞിട്ടുണ്ട്. എസ് കുമാറിന്റെ ഛായഗ്രഹണവും ബിജിബാലിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന് വലിയ ഗുണമാണ് ചെയ്തിരിക്കുന്നതെന്ന് പറയാം. എന്തായാലും ലാൽജോസ് എന്ന സംവിധായകന്റെ വ്യത്യസ്തമായൊരു ചിത്രം കാണുവാൻ ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം.

 

 

 

You might also like