“9” വെറുമൊരു പരീക്ഷണമല്ല , സിനിമാനുഭവമാണ്. കണ്ടു തിരിച്ചറിയുക !!

0

9 റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

അതെ ഈ ലോകത്തിനും അപ്പുറം തന്നെയാണ് പൃഥ്വിരാജ് നായകനായെത്തുന്ന “9” എന്ന ചിത്രം. മമലയാള സിനിമയിലെ ഈ പുതിയ സയൻസ് ഫിക്ഷൻ സിനിമകാഴ്ചയ്ക്ക് ധൈര്യ പൂർവം ടിക്കറ്റ് എടുക്കാം എന്ന് ആദ്യമേ പറയട്ടെ . അത്രമേൽ കാഴ്ചയ്ക്കായി ഒരുക്കപ്പെട്ടിട്ടുണ്ട് ഈ സിനിമ .

 

 

 

 

 

 

പൃഥ്വിരാജ് സോണി പിച്ചേഴ്‌സുമായി ചേർന്ന് തൻ്റെ ആദ്യ നിർമ്മാണ സംരംഭത്തിലൂടെ മലയാളികൾക്ക് ഇന്റർനാഷണൽ നിലവാരത്തിൽ ഒരു സിനിമ സമ്മാനിച്ചിരിക്കുന്നു എന്ന് പറയാം. ജെനുസ് മൊഹമ്മദ് തൻ്റെ രണ്ടാം വരവും ഗംഭീരമാക്കിയിരിക്കുന്നു നയനിലൂടെ . വിദേശസിനിമകളിൽ മാത്രം കണ്ട് ശീലിച്ച സയൻസ് ഫിക്ഷൻ കാഴ്ച്ച അത്രയധികം മനോഹരമായി തന്നെ ചിത്രത്തിൽ അവതരിപ്പിക്കപെട്ടിട്ടുണ്ട് .

 

 

 

 

 

 

 

പരീക്ഷണങ്ങൾ ധൈര്യപൂർവ്വം ഏറ്റെടുക്കുക എന്നത് ഒരു സിനിമയുടെ വിജയത്തിൻ്റെ വലിയ ഘടകങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഉള്ള കാഴ്ചയാണ് ഈ സിനിമ സമ്മാനിക്കുന്നത്. ഒൻപത് ദിനങ്ങളിൽ സംഭവിക്കുന്ന വിചിത്രസംഭവങ്ങളാണ് ചിത്രത്തിൻ്റെ പ്രമേയപശ്ചാത്തലം. അച്ഛൻ മകൻ ബന്ധത്തിന്റെ കാഴ്ചയിലൂടെയാണ് 9 ആരംഭിക്കുന്നത്. ആ കുട്ടിക്കാലം ആൽബർട്ടിൻ്റെതാണ്. അതിൽ ആൽബർട്ടിൻ്റെ അച്ഛനായും പൃഥ്വിരാജ് തന്നെയാണ് അഭിനയിക്കുന്നത്. പൃഥ്വിരാജ് എന്ന നടൻ്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമകളിൽ ഒന്നാകും ഈ സിനിമ കാരണം പതിവ് നായക വേഷത്തിനുമപ്പുറം പേടിക്കുന്ന നായകനായി കൂടി സിനിമയിൽ അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നു .

 

 

 

 

 

 

 

ഭൂതകാലത്തിലെ ഓർമ്മകളുടെയും ദുരനുഭവങ്ങളുടെയും മുൻ കാഴ്ചകൾ വർത്തമാനകാലത്തെ എത്ര വിചിത്രമായി പിന്തുടർന്ന് വേട്ടയാടാം എന്നും ഈ സിനിമ പ്രേക്ഷകർക്ക് മുന്നിൽ കാട്ടിതരുന്നു. വ്യത്യസ്തമായ ഗെറ്റപ്പുകളിലാണ് പൃഥ്വിരാജ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ഭൂമിയിൽ അരങ്ങേറാൻ പോകുന്ന ഒരു വിചിത്ര സംഭവത്തെക്കുറിച്ച് ഫീച്ചർ ചെയ്യാനായി ഹിമാലയത്തിലേക്ക് പോകേണ്ടിവരുന്നു ജ്യോതി ശാസ്ത്രജ്ഞനായ ആൽബർട്ടിന്. അവിടേക്ക് പോകുമ്പോൾ മകൻ ആദത്തെയും കൂടെക്കൂട്ടേണ്ടിവരുന്നു അയാൾക്ക്. അവിടെ എത്തിയതിന് ശേഷം വിചിത്രമായ പല അനുഭവങ്ങളും അവർക്ക് നേരിടേണ്ടിവരുന്നു .

 

 

 

 

 

 

 

ആ അനുഭവങ്ങൾ ഉണ്ടാക്കുന്ന വിചിത്രമായ തിരിച്ചറിവുകളാണ് സിനിമയുടെ പ്രധാന കഥാസഞ്ചാര വഴി. സയൻസ് ഫിക്ഷനും ഹൊററും സൈക്കളോജിയുമെല്ലാം പ്രമേയമാക്കികൊണ്ട് അച്ഛൻ മകൻ ബന്ധത്തിൻ്റെ കഥ ആകാംഷനിലനിർത്തി തന്നെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. പ്രകാശ് രാജ് , വാമികഗബ്ബി , മംമ്ത മോഹൻദാസ്, മാസ്റ്റർ അലോക്, ടോണിലൂക്ക്, അമാൽഡ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

 

 

 

ഡോക്ടർ ഇനായത് ഖാൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്നത് .വളരെ അനായാസമായി തന്നെ ഇനായത് ഖാൻ എന്ന കഥാപാത്രത്തെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ആനിയായി മംമ്തയും , ആവയായി വമിക ഗബ്ബിയും അഭിനയിച്ചിരിക്കുന്നു. ഗോദയ്ക്ക് ശേഷം എത്തിയപ്പോൾ തികച്ചും വേറിട്ട ഒരു കഥാപാത്രമായാണ് വാമിഖ 9നിൽ അവതരിപ്പിക്കുന്നത്. വാമിഖയുടെ മുഖ ഭംഗിയും ചലനങ്ങളും ഇവാ എന്ന കഥാപാത്രത്തെ പ്രേക്ഷക മനസിൽ എന്നും നിലനിൽക്കുന്നവയാക്കുന്നു. ആദത്തെ അവതരിപ്പിച്ച മാസ്റ്റർ അലോകും ചിത്രത്തെ പ്രേക്ഷക പ്രീതി കൂട്ടുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

 

 

 

 

 

 

 

 

ഹിമാചൽ പ്രദേശിൻ്റെ വളരെ മനോഹരമായ ഫ്രെയിമുകളാണ് അഭിനന്ദൻ രാമാനുജം ചിത്രത്തിനായി പകർത്തി നൽകിയിരിക്കുന്നത്. ഭയം അന്ധകാരം എന്നീ നിമിഷങ്ങൾ തന്മയത്വത്തോടെ പകർത്താൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കലാസംവിധാനവും ഛായാഗ്രഹണവും എന്നീ തലങ്ങളുടെ ഉപയോഗം ഏറെ മികവോടെയാണ് ചിത്രത്തിൽ പ്രതിഫലിക്കുന്നത്. ശേഖർ മേനോന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ നട്ടെല്ലായിമാറുന്നുണ്ട്. ചിത്രത്തിൽ കോമറ്റ് കടന്നു പോകുന്ന രംഗങ്ങളും ഭൂമി ഇരുട്ടാക്കുന്ന രംഗങ്ങളും ചെന്നായ നായകനെ വേട്ടയാടുന്ന രംഗവും വി എഫ് എക്സിന്റെ മികവ് കാട്ടുന്നു. മലയാളത്തിന് പുതിയൊരു സിനിമാ സംസ്കാരത്തിനു തുടക്കം കുറിച്ചതിൽ പ്രിത്വിരാജ് എന്ന കലാകാരന് അഭിമാനിക്കാം. “9” വെറും ഒരു ദൃശ്യാനുഭവം മാത്രമല്ല , ഒരു സിനിമാനുഭവം ആണ് . കണ്ടു തന്നെ തിരിച്ചറിയുക.

 

 

 

 

 

 

You might also like