മൂന്ന് കാലഘട്ടത്തിലെ കരുത്തരായ മൂന്ന് സ്ത്രീകള്‍… “ആണും പെണ്ണും” റിവ്യു

വ്യക്തികള്‍ക്കും, ചിന്തകള്‍ക്കും, നിലപാടുകള്‍ക്കും അനുസരിച്ച് മൂന്ന് പേരെയും മൂന്ന് തരത്തിലാണ് ചിത്രത്തില്‍ മൂന്ന് സംവിധായകരായ ആഷിഖ് അബുവും, വേണുവും, ജെ.കെയും ചിത്രീകരിച്ചിരിക്കുന്നത്.

സാവിത്രി, രാച്ചിയമ്മ, റാണി… മൂന്ന് കാലഘട്ടങ്ങളിലൂടെ ലൈംഗികത എന്ന വികാരത്തെ അല്ലെങ്കില്‍ ചൂഷണത്തിനെതിരെ ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകള്‍.

0

ആണും പെണ്ണും റിവ്യൂ: ജനദേവൻ

സാവിത്രി, രാച്ചിയമ്മ, റാണി… മൂന്ന് കാലഘട്ടങ്ങളിലൂടെ ലൈംഗികത എന്ന വികാരത്തെ അല്ലെങ്കില്‍ ചൂഷണത്തിനെതിരെ ധീരമായി നേരിടുന്ന മൂന്ന് സ്ത്രീകള്‍. ഒരു ഘട്ടത്തില്‍ പോലും തങ്ങളെടുത്ത തീരുമാനത്തില്‍ നിന്നും ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത മൂന്ന് സ്ത്രീ മനസ്സുകളാണ് ആണും പെണ്ണും എന്ന ആന്തോളജി സിനിമയില്‍ ദൃശ്യമാവുന്നത്. ഒരൊറ്റ സിനിമയിലൂടെ മൂന്ന് സംവിധായകര്‍ സ്ത്രീകളുടെ ധീരതയെ സിംപോളിയ്ക്കായി പറയാന്‍ ശ്രമിക്കുകയാണ്.

വികാരങ്ങള്‍ക്കും, പ്രതിസന്ധികള്‍ക്കും, ചൂഷണങ്ങള്‍ക്കും അടിപതറാതെ പെണ്‍കരുത്തിന്റെ മൂന്ന് മുഖങ്ങള്‍ ലോകത്തിന് സമര്‍പ്പിച്ച ആണും പെണ്ണും കണ്ടിറങ്ങുമ്പോള്‍ പ്രേക്ഷകമനസ്സില്‍ പലപല ചോദ്യങ്ങള്‍ ഉയര്‍ന്നേയ്ക്കാം. അല്‍പ്പം സംശയവും.. ആന്തോളജി വിഭാഗത്തില്‍ പെട്ട ഈ സിനിമയിലെ ഏത് കഥയാണ് കൂടുതല്‍ മികച്ചതെന്ന സംശയം ഓരോരുത്തരിലും ഉണ്ടായേക്കാം. അതില്‍ സാവിത്രിയാണോ, രാച്ചിയമ്മയാണോ, റാണിയാണോ കൂടുതല്‍ കരുത്തയായ സ്ത്രീ എന്ന ചോദ്യവുംപ്രേക്ഷക മനസ്സില്‍ ഉണ്ടായേക്കാം.

വ്യക്തികള്‍ക്കും, ചിന്തകള്‍ക്കും, നിലപാടുകള്‍ക്കും അനുസരിച്ച് മൂന്ന് പേരെയും മൂന്ന് തരത്തിലാണ് ചിത്രത്തില്‍ മൂന്ന് സംവിധായകരായ ആഷിഖ് അബുവും, വേണുവും, ജെ.കെയും ചിത്രീകരിച്ചിരിക്കുന്നത്. ജോജുവും, ഇന്ദ്രജിത്തും, സംയുക്തയും മികച്ച പ്രകടനം കാഴ്ച്ചവെച്ച ജെ.കെ സംവിധാനം ചെയ്ത സാവിത്രിയാണ് ആദ്യ ചിത്രം. രാഷ്ട്രീയപരതയുടെ ആദ്യ പരിണാമത്തിന്റെ സൂചനയായാണ് സാവിത്രിയെ സംവിധായകന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. സാവിത്രിയായുള്ള സംയുക്തയുടെ മികച്ച പ്രകടനം അഭിനന്ദനാര്‍ഹമാണ്. സന്തോഷ് ഏച്ചിക്കാനത്തിന്റെ തിരക്കഥയും, സുരേഷ് രാജന്റെ ഛായാഗ്രഹണവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.

സ്വാതന്ത്ര്യത്തിലേയ്ക്കടുത്ത കാലത്ത് ജന്മിത്ത അവസ്ഥയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രത്തിലൂടെ കമ്മ്യൂണിസ്റ്റുകാര്‍ തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങളും അധികാരങ്ങളും നേടിക്കൊടുക്കുന്ന കാലവും സാവിത്രിയിലൂടെ നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് സംവിധായകന്‍. ഇതിലൂടെ ആര്‍ജ്ജവം ഉള്‍ക്കൊണ്ട് മാറുകയാണ് സാവിത്രി. സിനിമയുടെ ആദ്യ ഭാഗങ്ങളില്‍ കാണുന്ന നിസ്സഹായയായ സാവിത്രിയെയല്ല പിന്നീട് സ്‌ക്രീനില്‍ കാണാനാവുക. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമായി സ്വയം സ്വാതന്ത്ര്യയാവുകയാണ് അവള്‍.

പ്രശസ്ത സാഹിത്യകാരന്‍ ഉറൂബിന്റെ രാച്ചിയമ്മ എന്ന നോവലിനെ ആസ്പദമാക്കി അതേ പേരില്‍ ഒരുക്കിയ ചിത്രമാണ് വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത രാച്ചിയമ്മ. കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ആസിഫ് അലിയും, പാര്‍വ്വതിയും അവരുടെ റോളുകള്‍ ഗംഭീരമാക്കി. വേണു തന്നെയാണ് രാച്ചിയമ്മയുടെ ഛായാഗ്രണവും നിര്‍വ്വഹിച്ചിരിക്കുന്നത്. മലയോര ഗ്രാമത്തിന്റെ ദൃശ്യഭംഗി അതേപടി ഒപ്പിയെടുത്തിട്ടുണ്ട് വേണു. രാച്ചിയമ്മയിലെ മറ്റ് രണ്ട് സവിശേഷതകളാാണ് സൗണ്ട് മിക്‌സിംഗും പശ്ചാത്തല സംഗീതവും. ആണിനെ കീഴ്‌പ്പെടുത്തി നില്‍ക്കുന്ന വംശ മഹിമയും, പ്രേമത്തിന്റെ മറ്റൊരു തലത്തില്‍ തന്റേടിയായ ഒരു സ്ത്രീ ജീവിതത്തെയും, ബഹുഭാഷയുടെ സ്വതന്ത്രമായ ഒരു ലോകത്തെയും, മലയാളികള്‍ ഉദാസീനര്‍ എന്ന ആശയവും സംവിധായകന്‍ ചിത്രത്തില്‍ വരച്ചുകാട്ടുന്നു.

ആഷിഖ് അബു സംവിധാനം ചെയ്ത റാണി ആണ് മൂന്നാമത്തെ ചിത്രം. വര്‍ത്തമാന കാലത്ത് കാമുകന്റെ ലൈംഗികാവശ്യത്തെ ചെറുത്ത് നില്‍ക്കാന്‍ ശ്രമിക്കുന്ന സ്ത്രീയെയാണ് റാണിയില്‍ ദൃശ്യമാവുന്നത്. കാമുകി-കാമുകന്‍മാരുടെ വേഷമണിഞ്ഞ റോഷന്‍ മാത്യുവും ദര്‍ശന രാജനും അവരുടെ റോളുകള്‍ മികവുറ്റതാക്കി. കവിയൂര്‍ പൊന്നമ്മയും, നെടുമുടി വേണുവും ചിത്രത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. തിരക്കഥാകൃത്ത് ഉണ്ണി ആറിന്റെ തുറന്നെഴുത്തും, ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മറ്റ് സവിശേഷതകളാണ്.

മലയാളത്തിലെ മികച്ച ആന്തോളജികളിലൊന്നാണ് ആണും പെണ്ണും എന്ന് നിസ്സംശയം പറയാം. കലാമൂല്യമുള്ള ചിത്രത്തില്‍ ഉള്‍പ്പെടുന്ന ചിത്രങ്ങളെ സ്വീകരിക്കുന്ന പുതിയ തലമുറ ആണും പെണ്ണും ഏറ്റെടുക്കും എന്നതില്‍ സംശയമില്ല.

You might also like