“ആദ്യരാത്രി” അത്ര മോശമല്ല. റിവ്യൂ വായിക്കാം.

0

ആദ്യരാത്രി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

“ആദ്യരാത്രി” മനോഹരമായ ജീവിതത്തിലെ ഒരു നിമിഷം അത്തരത്തിൽ ഉള്ള ഒരു നിമിഷത്തെക്കുറിച്ചല്ല ഒരു പാട് ആദ്യരാത്രികൾക്ക് കാരണക്കാരനാകുന്ന മനോഹരനെന്ന കല്ല്യാണബ്രോക്കറുടെ കഥയാണ് സംവിധായകൻ ജിബു ജേക്കബ് തന്റെ മൂന്നാമത്തെ സിനിമയിലൂടെ പറയുന്നത്. ആദ്യ ചിത്രമായ വെള്ളിമൂങ്ങയിലെ നായകൻ ബിജുമേനോനെ ആദ്യരാത്രിയിലെ മനോഹരനായി അവതരിപ്പിക്കുമ്പോൾ ആദ്യ സിനിമയുമായി സാമ്യം വരാതെനോക്കുവാൻ സംവിധായകൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

 

 

 

എന്നാൽ നാട്ടിലെ എല്ലാവരുടെയും കണ്ണിലുണ്ണിയായ മനോഹരനും വെള്ളിമൂങ്ങയിലെ മാമച്ചനുമായി ചില സാമ്യതകൾ ഉണ്ട് താനും. മാമച്ചൻ രാഷ്ട്രീയക്കാരനാകുന്നതും മനോഹരൻ കല്ല്യാണ ബ്രോക്കറായി മാറുന്നതും സമാനമായ രീതിയിലാണ്. നേരത്തെ നിരവധി സിനിമകളിൽ കണ്ടുമടുത്ത നന്മമരമായ ഏട്ടൻ കഥാപാത്രവും അതിന്റെ സഞ്ചാരവഴിയുമാണ് സിനിമയുടെത്. എന്നാൽ മുഷിപ്പുണ്ടാക്കാതെ കൈയ്യടക്കത്തോടെ ആ കഥാ സഞ്ചാരത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകന് കഴിയുകയും ചെയ്യിതിട്ടുണ്ട്.

 

 

 

 

കുട്ടനാടിന്റെ പശ്ചാത്തലത്തിലാണ് സംവിധായകൻ ഇത്തവണ കഥ പറഞ്ഞിരിക്കുന്നത്. ഏറെക്കുറെ അന്തിക്കാടൻ സിനിമയുടെ ഫ്ലേവറിലാണ് കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്. മനോഹരൻ കല്ല്യാ ബ്രോക്കർ ആവാൻ കാരണക്കാരിയായ; മുൻപ് ബ്രോക്കർ പണി ചെയ്തിരുന്ന ഇപ്പോൾ ലോട്ടറിക്കച്ചവടം നടത്തുന്ന ത്രേസ്യാമ്മയായി പോളി വിത്സൻ ബിജുമേനോന്റെ മനോഹരന് ഒപ്പം തന്നെ കൈയ്യടി നേടുന്നുണ്ട് ചിത്രത്തിൽ.

 

 

 

 

22 വർഷങ്ങൾക്ക് മുൻപുള്ള ഒരു കല്ല്യാണരാത്രിയിലാണ് ചിത്രത്തിന്റെ ആരംഭം. മനോഹരന്റെ സഹോദരിയുടെ കല്ല്യാണ തലേദിവസമാണ്; ആ രാത്രിയിൽ അവൾ മറ്റൊരാളുടെ കൂടെ ഒളിച്ചോടുന്നു. തുടർന്ന് അയാളുടെ അച്ഛൻ ഹൃദയംപൊട്ടി മരിക്കുന്നു. അതോടെ മനോഹരന്റെ ജീവിതം മാറിമറിയുകയാണ്. അയാൾക്ക് പ്രേമമെന്ന വാക്കിനോടുതന്നെ വെറുപ്പായി മാറുന്നു. അനുജത്തി ഒളിച്ചോടിയത് വീട്ടുകാരുടെ പിടിപ്പ് കേട് കൊണ്ടാണെന്ന് അന്ന് വിവാഹ ദല്ലാളായ ത്രേസ്യാമ അയാളെ കളിയാക്കുകയും ചെയ്യുന്നു. കൂടാതെ താൻ അന്തസായി നടത്തുന്ന കല്ല്യാണം കൂടാനും ഉണ്ടിട്ടുപോകാനും കൂടി അവർ അവനെ വെല്ലുവിളിക്കുന്നു. ‍അങ്ങനെ മനോഹരനും അനുജത്തിയും ആ കല്ല്യാണം കൂടാനായി അവിടെ എത്തുന്നു.

 

 

 

 

എന്നാൽ ജാതകത്തിന്റെയും സ്ത്രീതനത്തിന്റെയും പേരിൽ കല്ല്യാണം മുടങ്ങുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു. പക്ഷേ മനോഹരന്റെ ഇടപെടലിലൂടെ ആ പെൺകുട്ടിയുടെ കല്ല്യാണം നടക്കുന്നു തുടർന്നങ്ങോട്ട് മനോഹരൻ വിവാഹം നടത്തൽ ഒരു തൊഴിലായി സ്വീകരിക്കുകയാണ്. അന്നു മുതൽ മുല്ലക്കരക്കാർക്ക് കല്ല്യാണമെന്നാൽ മനോഹരനാണ്. എന്തു വിശേഷങ്ങളുടെയും നടത്തിപ്പിന് അയാൾ കൂടിയെ തീരൂ.

 

 

 

 

അങ്ങനെയിരിക്കെ മനോഹരൻ മുൻകൈ എടുക്കുന്ന വിവാഹം അശ്വതി എന്ന പെൺകുട്ടിയുടെ സമ്മതമില്ലായ്മ്മ മൂലം അയാളെ കുഴപ്പത്തിലേക്ക് കൊണ്ട് എത്തിക്കുന്നു. ആ കല്ല്യാണം എങ്ങനെയും നടത്തുക എന്നതും അയാളുടെ ബാധ്യതയായി മാറുന്നു. അതിനെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളും മനോഹരനുണ്ടാകുന്ന തിരിച്ചറിവുകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയ പശ്ചാത്തലം .

 

 

 

 

ബിജു മേനോന്റെ ഹാസ്യരസമായ അഭിനയമികവാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്ന്. മനോജ് ഗിന്നസും ബിജുമേനോനും ചേർന്നുള്ള രംഗങ്ങൾ എല്ലാം രസകരമാണ്. ഉദാഹരണം സുജാത, തണ്ണീർമത്തൻ ദിനങ്ങള്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക പ്രീതി നേടിയ അനശ്വര രാജനാണ് ചിത്രത്തിലെ നായിക. ചിലയിടങ്ങളിൽ അനശ്വര പ്രകടനത്തിൽ അൽപ്പം താഴെക്ക് പോകുന്നതായി തോന്നി. സ്റ്റേജ് നാടകത്തിലെ അഭിനയം പോലെ ഫീൽ ചെയ്തു. കുഞ്ഞുമോൻ എന്ന പണക്കാരൻ കഥാപാത്രത്തെ അജു വർഗീസ് കൈയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് . വിജയരഘവൻ , കൊല്ലം സുധി , സർജാനോ ഖാലിദ് , ബിജു സോപാനം , സ്നേഹ ബാബു , ശ്രീലക്ഷ്മി, അനു സിതാര തുടങ്ങി മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും അവരുടെ കഥാപാത്രങ്ങളോട്‌ നീതി പുലർത്തിയിട്ടുണ്ട്.

 

 

 

ഷാരീസ് , ഷെബിൻ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജിന്റെ എഡിറ്റിങ്ങും സാദിക്ക് കബീറിന്റെ ഛായാഗ്രാഹണ മികവും ബിജിബാലിന്റെ സംഗീതവും കൂടിച്ചേർന്നതു കൊണ്ട് പറഞ്ഞ് പറഞ്ഞ് പഴകിയ കഥയാണെങ്കിലും ഒറ്റത്തവണ കണ്ടിരിക്കാവുന്ന പരുവത്തിലാക്കിയിട്ടുണ്ട് ആദ്യരാത്രിയെ. ഒട്ടും പ്രതീക്ഷകൾ ഒന്നുമില്ലാതെ സമീപിച്ചാൽ ഇഷ്ട്ടമാകും ഈ ആദ്യരാത്രിയെ.

 

 

 

You might also like