വെറുതെ പേടിക്കാം എന്നല്ലാതെ മറ്റൊന്നുമില്ല ; “ആകാശഗംഗ 2” റിവ്യൂ വായിക്കാം.

0

ആകാശഗംഗ 2 റിവ്യൂ: പ്രിയ തെക്കേടത്

 

 

 

 

മലയാളത്തിലെ എക്കാലത്തെയും ഹൊറർ ഹിറ്റ് ചിത്രം അത് വിനയൻ സംവിധാനം ചെയ്‌ത “ആകാശഗംഗ” തന്നെയാണ്. ഇരുപത് വർഷങ്ങൾക്ക് ശേഷം രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത പുറത്തു വന്നതോടെ മലയാളികൾ ഏറെ ആകാംഷയിലായിരുന്നു. 1999ൽ ദിവ്യ ഉണ്ണി , റിയാസ് , മയൂരി ഇവരെല്ലാം ഒന്നിച്ചപ്പോൾ മെഗാ ഹിറ്റായിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആദ്യ ഭാഗത്തിനോട് നീതി പുലർത്തിയിട്ടില്ലെന്നു സംശയമില്ലാതെ പറയാം. എന്നാൽ സാങ്കേതിക മികവിൽ ചിത്രം കണ്ടിരിക്കാം. ഹാസ്യത്തിന്റെ അകമ്പടിയോടെ പ്രേക്ഷകനെ പേടിപ്പിക്കാൻ ഉദ്ദേശിച്ചെങ്കിലും അതിന് തീർത്തും സാധിക്കാതെയായി ഈ വിനയൻ ചിത്രം.

 

 

 

മാണിക്യശ്ശേരി തറവാട്ടിൽ പൂർണഗർഭിണിയായ അവസ്ഥയിൽ ഗർഭപാത്രം പൊട്ടി മരിക്കുന്ന മായമ്മയുടെ മകൾ ആതിര വർമ്മയെ ചുറ്റിപ്പറ്റി ആണ് 2019ലെ രണ്ടാം ആകാശഗംഗയുടെ കഥ . ആരതിയ്ക്ക് (വീണ നായർ) ഇരുപത് വയസ് , കല്യാണി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്ന സ്വാശ്രയ മെഡിക്കൽ കോളേജിൽ എം ബി ബി എസ് വിദ്യാർത്ഥിനിയുമാണ്. പുരോഗമനവാദിയും കമ്മ്യൂണിസ്റ്റ് ചിന്താഗതിക്കാരിയുമായ ആരതിക്ക് ഈശ്വര വിശ്വാസമൊന്നും തൊട്ടുതീണ്ടിയിട്ടില്ല. ആരതിയുടെ കാമുകനായി എത്തുന്ന ഗോപീകൃഷ്ണന്‍ (വിഷ്ണു വിനയ് ), ടൈറ്റസ് (ശ്രീനാഥ് ഭാസി ) , ജിത്തു (വിഷ്ണു ഗോവിന്ദ്) എന്നിവരിലൂടെയാണ് കഥയുടെ തുടക്ക സഞ്ചാരം. ഉണ്ണി എന്ന അച്ഛൻ വേഷത്തിൽ നിയാസ് തന്നെ എത്തുമ്പോൾ അച്ചനും മകളും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ പോലും പ്രേക്ഷകർക്ക് ഒരു ഫീൽ നൽകുന്നില്ല എന്നതും സാരം.

 

 

 

 

പ്രേത ഭൂതത്തിലൊന്നും വിശ്വാസമില്ലാത്ത ആരതിയെ ഒന്ന് പേടിപ്പിക്കാൻ ഒരുങ്ങി കൂട്ടുകാരും. ആത്മാവിനോട് സംസാരിക്കാൻ സാധിക്കുന്ന സൗമിനി ദേവി (രമ്യ കൃഷ്ണൻ)യുടെ അരികിൽ എത്തിപ്പെടുന്നത് മുതൽ ചിത്രത്തിന്റെ ട്വിസ്റ്റ് തുടങ്ങുന്നത്. പണ്ട് കോവിലകത്ത് വെന്ത് മരിച്ച ഗംഗയുടെ ആത്മാവ് ചുടല യക്ഷിയായി മാറി ആരതിയെ പിന്തുടരുന്നു . പിന്നീട് ആരതിക്കും കൂട്ടർക്കും ഇടയിൽ സംഭവിക്കുന്ന സംഭവവികാസങ്ങൾ ആണ് തുടർക്കഥ.

 

 

 

 

ധർമജൻ , സെന്തിൽ, ഹരീഷ് കണാരന്‍, സലിം കുമാർ എന്നിവരുടെ തമാശ രംഗങ്ങൾ പലപ്പോഴും കല്ലുകടിയായി തോന്നി. ഗ്രാഫിക്കിസിന്റെ സഹായത്തോടെ ആദ്യഭാഗത്തിലെ കഥാപാത്രങ്ങളായ മയൂരിയെയും ദിവ്യാ ഉണ്ണിയെയും വിനയൻ വീണ്ടും ചിത്രത്തിൽ കൊണ്ട് വരുന്നുണ്ട്. വിഷ്ണു വിനയ് , ശ്രീനാഥ് ഭാസി എന്നിവർ ശരാശരി പ്രകടനമായി തോന്നി. ദിവ്യ ഉണ്ണിയുടെ പ്രകടനം കണ്ട പ്രേക്ഷകർക്ക് ആരതിയുടെ അഭിനയം ഒരു മികവായി തോന്നുകയില്ല. രമ്യ കൃഷ്ണൻ ലഭിച്ച കഥാപാത്രം നന്നായി അവതരിപ്പിച്ചു. വിഷ്ണു ഗോവിന്ദ്, ഹരീഷ് പേരടി, സാജു കോടിയൻ, നസീർ സംക്രാന്തി, പ്രവീണ , തെസ്നി ഖാൻ, വത്സല മേനോൻ , കനകലത എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

 

ഭയനായക അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പ്രകാശ് കുട്ടിയുടെ ഛായാഗ്രഹണം ചിത്രത്തിന് മുതൽക്കൂട്ടായി. ബിജിബാലിന്റെ സംഗീതം ശരാശരിയായി ഒതുങ്ങി. അവതരണത്തിൽ ശ്രദ്ധ പുലർത്തിയപ്പോൾ തിരക്കഥയിൽ വിനയൻ പാളി പോയെന്നു പറയേണ്ടിയിരിക്കുന്നു. വെറുതെ ഒരു ഹൊറർ പടം കണ്ടു കളയാം എന്ന മട്ടിൽ പോയാൽ മോശമായി തോന്നില്ല ഈ ആകാശഗംഗ.

 

 

 

You might also like