“അൽ മല്ലു” അൽ ദുരന്തം – റിവ്യൂ.

0

അൽ മല്ലു റിവ്യൂ: മീര ജോൺ

 

പുതുമുഖ നടന്‍ ഫാരിസിനൊപ്പം നമിത പ്രമോദ് നായികയായെത്തിയ “അല്‍ മല്ലു” കണ്ട് തിയേറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് നിരാശ മാത്രം. റൊമാന്‍സ്, ജനപ്രിയന്‍ തുടങ്ങീ കോമഡി ഹിറ്റ് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബോബന്‍ സാമുവല്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത അല്‍ മല്ലുവിന് എവിടെയൊക്കെയോ താളപ്പിഴകള്‍ സംഭവിച്ചു.

 

കെട്ടുറപ്പില്ലാത്ത തിരക്കഥയും, കൃത്രിമമായ സന്ദര്‍ഭങ്ങളും, അനാവശ്യ കഥാപാത്രങ്ങളും കൊണ്ട് ചിത്രത്തിന്റെ ഭംഗിയെ കെടുത്തിക്കളഞ്ഞു. ആണധികാരം തകര്‍ത്തെറിയുന്ന പെണ്‍ ജീവിതത്തില്‍ ശക്തമായി പോരാടുന്ന ഉയരെ, സ്റ്റാന്‍ഡ് അപ്പ് പോലുള്ള ഒരു പ്രമേയമാണ് അല്‍ മല്ലു കൈകാര്യം ചെയ്യാന്‍ ശ്രമിച്ചതെങ്കിലും കഥ പറച്ചില്‍ രീതിയിലൂടെ പ്രമേയത്തിന്റെ ഗൗരവം സംവിധായകന് പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല.

 

പൂര്‍ണ്ണമായും ദുബായ്-അബുദാബി കേന്ദ്രീകരിച്ച് ചിത്രം സമകാലീന പ്രവാസ ലോകത്തെ മലയാളി പെണ്‍കുട്ടിയുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്. ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്യുന്ന നയന എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ നമിത അവതരിപ്പിക്കുന്നത്. നാടും വീടും ഉപേക്ഷിച്ച് സ്വപ്‌നങ്ങള്‍ കെട്ടിപ്പടുക്കാന്‍ അന്യ നാട്ടില്‍ ജോലി ചെയ്യുന്ന നയനക്ക് ഒരു യുവാവില്‍ നിന്നും പ്രണയാഭ്യര്‍ത്ഥന ലഭിക്കുകയും ഒടുവില്‍ അയാളില്‍ നിന്നും അപ്രതീക്ഷതമായ ദുരനുഭവവും ഉണ്ടാകുകയും ചെയ്യുന്നു. പിന്നീട് നയനയുടെ സുഹൃത്തിനും സമാനമായ അനുഭവം ഉണ്ടാകുന്നതോടെ അയാളുടെ മുഖംമൂടി മാറ്റാന്‍ ശ്രമിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് കഥ.

 

തനിക്കേറ്റ ദുരനുഭവത്തിന്റെ ആഘാതത്തില്‍ നിന്നും പുറത്തുകടക്കന്‍ ശ്രമിക്കുന്ന നയനയെ സഹായിക്കുന്നത് ഓഫീസില്‍ പുതുതായി ജോലിക്കെത്തിയ ശ്രീ എന്ന യുവാവാണ്. പുതുമുഖം ഫാരിസാണ് ചിത്രത്തില്‍ ശ്രീ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കുട്ടിക്കാലത്തുണ്ടായ ചില ദുരനുഭവങ്ങളാല്‍ സ്ത്രീകളെ കാണുമ്പോള്‍ തന്നെ വിയര്‍ക്കുന്ന നാണം കുണുങ്ങിയായ ശ്രീയായി വേഷമിട്ട ഫാരിസിന്റെ അഭിനയവും തൃപ്തികരമല്ല.

 

നമിതക്ക് ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനിൽ തിളങ്ങാൻ സമയം കിട്ടിയിട്ടുണ്ടെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ നമിതയുടെ അഭിനയ സാധ്യതകളെ അസാധുവാക്കുന്നു. നായക വേഷം ചെയ്ത പുതുമുഖ നടന്റെ അഭിനയവും പ്രേക്ഷകര്‍ക്ക് തൃപ്തി നല്‍കുന്നില്ല. അതുപോലെ ചിത്രത്തില്‍ ധര്‍മ്മജനെ കണ്ടപ്പോള്‍ പ്രേക്ഷകര്‍ കോമഡി പ്രതീക്ഷിച്ചെങ്കിലും നല്ലൊരു നർമ്മ സന്ദര്‍ഭമോ സംഭാഷണമോ ഒന്നും തന്നെയില്ല. എന്നാല്‍ വളരെ കുറച്ച് സമയം മാത്രം ചിത്രത്തില്‍ ഉണ്ടായിരുന്ന സിദ്ദിഖ് തന്റെ ഭാഗം മികവുറ്റതാക്കി മാറ്റി. മിയയും ലഭിച്ച വേഷം മനോഹരമാക്കി.

 

പഴയകാല നാടകത്തിലേത് പോലുള്ള ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന്റെ മാതൃകയില്‍ ആവശ്യത്തിനും അനാവശ്യത്തിനുമുള്ള പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ക്ക് അരോചകമായി തോന്നുനുണ്ട്. പക്ഷേ ഗള്‍ഫ് നഗര കാഴ്ച്ചകള്‍ പകര്‍ത്താന്‍ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഗള്‍ഫ് പശ്ചാത്തലത്തില്‍ “അല്‍ മല്ലു” എന്ന പേരില്‍ ഇത്തരത്തിലൊരു പ്രമേയവുമായി എന്ത് ബന്ധമാണുള്ളതെന്ന് ചിന്തിക്കേണ്ടിവരും. മാത്രമല്ല ഗൾഫ് നഗരം കാണാൻ ഏതേലും സഞ്ചാര ചാനലുകൾ കണ്ടാൽ പോരെ എന്തിനാണ് തിയ്യേറ്റർ എന്നതാണ് ഈ ചിത്രത്തിന്റെ സാരാംശം.

 

 

You might also like