മൂർച്ച കുറഞ്ഞ അള്ള് ; പക്ഷേ ചാക്കോച്ചന്റെ വ്യത്യസ്ത വേഷം !!

0

 

അള്ള് രാമേന്ദ്രൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

കുറച്ചു കാലങ്ങളായി കുഞ്ചാക്കോ ബോബൻ എന്ന നടൻ ഒരേ വേഷം കെട്ടലുകൾ കൊണ്ട് പ്രേക്ഷകരെ ബോറടിപ്പിക്കാൻ തുടങ്ങിയിട്ട്. നടൻ എന്ന നിലയിൽ ആവർത്തന വിരസതകളിലൂടെയുള്ള യാത്ര സെയിഫ് സോണിലൂടെയുള്ള താരത്തിന്റെ നിലനിൽപ്പ് മാത്രമായാണ് കണ്ടിരുന്നത്.

 

 

 

 

 

 

അത്യവശ്യം കണ്ടിരിക്കാവുന്നസിനിമകളായിരുന്നു ആദ്യ നാളുകളിലെങ്കിൽ പിന്നീട് ആവർത്തനവിരസത മാത്രമാകുന്ന അവസ്ഥയായി തീർന്നു അത്. അതിൽ നിന്ന് അൽപ്പമെങ്കിലും മോചനം നൽകുന്ന ചിത്രമാണ് നവാഗതനായ ബിലഹരി സംവിധാനം ചെയ്ത “അള്ള് രാമേന്ദ്രൻ” എന്ന ചിത്രം.

 

 

 

 

 

 

അള്ള് രാമേന്ദ്രൻ ഒരു പോലീസുകാരനാണ്. നാട്ടുഭാഷയിൽ പറഞ്ഞാൽ ഒരു മുരുടനായ പോലീസുകാരൻ. അയാളുടെ വിവാഹം കഴിഞ്ഞ് വീട്ടിലേക്കു വധുവുമായി മടങ്ങിവരുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഏറെക്കുറെ നായക കഥാപാത്രത്തെ സംവിധായകരും കൂട്ടരും നന്നായി തന്നെ പ്രേക്ഷകർക്ക് മനസ്സിലാക്കിതരുന്നുണ്ട് ടൈറ്റിലുകൾക്ക് തൊട്ട് മുൻപ് വരുന്ന രംഗത്തിൽ തന്നെ. രാമേന്ദ്രൻ എന്ന പോലീസുകാരൻ തികച്ചും സ്വാർത്ഥനായ ഒരാളാണ്. തന്റെ കാര്യസാധ്യത്തിനായി ആരോട് വേണമെങ്കിലും വഴക്കടിക്കുന്ന നിസാര കാര്യങ്ങൾ പോലും വലുതാക്കി വഷളാക്കി മാറ്റുന്ന കാഴ്ച്ചയിൽ ഏറെ നിഗൂഢതകളുള്ളവനുമായ രാമേന്ദ്രനായി കുഞ്ചാക്കബോബൻ ഏറെക്കുറെ മികച്ച രീതിയിൽ തന്നെ തനിക്ക് ലഭിച്ച കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

 

 

 

പക്ഷേ ഒരു മികച്ച കഥാപശ്ചാത്തലം ലഭിച്ചിട്ടും രാമേന്ദ്രൻ എന്ന മികച്ച കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടും മികച്ച ചിത്രം ഒരുക്കുന്നതിൽ സംവിധായകൻ പരാജയമായി മാറുന്ന നിരാശാജനകമായ കാഴ്ച്ചയാണ് അള്ള് രാമേന്ദ്രൻ എന്ന നവാഗത സംവിധായകന്റെ ചിത്രം തീയറ്ററിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഒരു ഘട്ടം പിന്നിടുമ്പോൾ എങ്ങനെയെങ്കിലും സിനിമ അവസാനിപ്പിക്കുവാനുള്ള വെഗ്രതയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മഹേഷിന്റെ പ്രതികാരം പോലെ ഒരു മനോഹര ചിത്രം സമ്മാനിക്കുവാനുള്ള അളവ് അള്ള് രാമേന്ദ്രന്റെ കഥയ്ക്ക് ഉണ്ടായിരുന്നു .

 

 

 

 

 

 

ഇതിൽ രാമേന്ദ്രന്റെ ജീവിതംതന്നെ മാറ്റി മറിക്കുന്ന അള്ള് വെപ്പിനുള്ള കാരണം തന്നെ ബാലിശമായാണ് തോന്നിയത് കുറച്ചു കൂടി നിസ്സന്ദേഹമായി അത് മാറ്റിയിരുന്നെങ്കിൽ ചിത്രം വേറെ തലത്തിലേക്ക് മാറിയേനെ. മറ്റുള്ളവർക്ക് പറഞ്ഞ് ചിരിക്കാൻ പറ്റുന്ന എന്നാൽ അനുഭവിക്കുന്നവൻ തീച്ചൂളയിലൂടെ സഞ്ചരിക്കുന്ന ഒരു നിസാരസംഭവം (അള്ള് വെപ്പ്) അതിന്റെ തീവ്രത പതിൻമടങ്ങ് പ്രേക്ഷകരെ അനുഭവപ്പെടുത്തുന്നതിൽ എഴുത്തുകാരും സംവിധായകനും തീർത്തും പരാജയമായി പോയെന്ന് പറയാതെ വയ്യ.

 

 

 

 

 

 

അജ്ഞാതനായ ശത്രുവിനെ അന്വേഷിച്ചിറങ്ങുന്ന നായക കഥകൾ മുൻപും വെള്ളിത്തിരയിൽ നിറഞ്ഞാടിയിട്ടുണ്ടെങ്കിലും. ഈ ചിത്രത്തിന്റെ പ്രത്യേകത പ്രേക്ഷകരിലേക്ക് വേണ്ട രീതിയിൽ പകർന്നു നൽകാൻ കഴിഞ്ഞിട്ടില്ല. ഇത് അള്ള് രാമേന്ദ്രന്റെ മാത്രം കഥയല്ല അയാളുടെ അനുജത്തി സ്വാതിയുടെയും : അവളെ പ്രണയിക്കുന്ന ജിത്തുവിന്റെയും കൂടി കഥയാണ് . സ്വാതിയായി അപർണ്ണാ ബാലമുരളിയും ജിത്തുവായി കൃഷ്ണശങ്കറുമാണ് ചിത്രത്തിൽ വേഷമിടുന്നത്.ചിത്രത്തിൽ കുഞ്ചാക്കോബോബന്റെ നായികയായി എത്തിയ ചാന്ദിനിക്ക് കാര്യമായൊന്നും ചെയ്യാൻ ഉണ്ടായില്ല. നാളുകൾക്ക് ശേഷം സലിംകുമാർ പോലീസ് വേഷത്തിൽ എത്തി കുഴപ്പമില്ലാതെ ചെയ്തു പോയി എന്ന് മാത്രം.

 

 

 

 

 

 

കൊച്ചുപ്രേമൻ, കൃഷ്ണപ്രഭ, ധർമ്മജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ തുടങ്ങിയവർ ഉണ്ടായിട്ടും അവരെയെല്ലാം നന്നായി ഉപയോഗിക്കാൻ തക്ക രീതിയിൽ സിനിമയുടെ കഥാപശ്ചാത്തലം വികസിപ്പിക്കുന്നതിൽ തീർത്തും പരാജയമായി പോയി. നാദിർഷ ,നീരജ് മാധവ് ടീമിനെ ഉൾപ്പെടുത്തി ചെയ്ത ഗാന രംഗം എന്തിന് വേണ്ടിയായിരുന്നു എന്നത് ഇപ്പോഴും മനസ്സിലായിട്ടില്ല. ആരാണ് തനിക്ക് അള്ള് വെയ്ക്കുന്നതെന്ന് കണ്ടു പിടിച്ചു കഴിയുന്നിടത്തു നിന്ന് പിന്നീട് അങ്ങോട്ട് കഥാതന്തുവിൽ നിന്ന് കഥ വഴി മാറി പോകുന്നതാണ് പ്രധാന പോരായ്മകളിൽ ഒന്ന്. ഇടവേളയ്ക്ക് തൊട്ടു മുൻപ് തുടങ്ങി പിന്നീട് അങ്ങോട്ട് മിക്കയിടത്തും കഥാപാത്രങ്ങളുടെ സഞ്ചാരവഴി മാറി പോകുന്നത് വിരസതയായി തീരുകയാണ്.

 

 

 

 

 

 

ഷാൻറഹ്‌മാൻ എന്ന കഴിഞ്ഞ വർഷം ഹിറ്റുകൾ ഒരുക്കിയ സംഗീത സംവിധായകന്റെ ഏറ്റവും മോശം സംവിധാനങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലേത്. ഒറ്റ പാട്ടുകൾ പോലും ആസ്വാദ്യകരമായി തീർന്നില്ല അതുപോലെ അരോജകവുമായി തോന്നിപലപ്പോഴും ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും. ജിംഷിഖാലിദിന്റെ ഛായഗ്രഹണമാണ് ചിത്രത്തിന്റെ നട്ടെല്ലെന്നു പറയാം.നന്നായി തന്നെ അള്ളിലെ ദൃശ്യങ്ങൾ പ്രേക്ഷകർക്കായി സമ്മാനിച്ചിട്ടുണ്ട് ജിംഷി.

 

 

 

 

 

 

എഡിറ്റിങ്ങ് കുറച്ചു കൂടി നന്നായി തന്നെ ചെയ്തിരുന്നെങ്കിൽ ആസ്വാദനം അൽപ്പം കൂടി ആയാസരഹിതമായെനെ എന്ന് തോന്നി. അവസാന രംഗങ്ങളിലുള്ള ആക്ഷൻ രംഗവും മോഷണം പോയതോക്ക് കണ്ടെത്തുന്നതുമെല്ലാം ഒട്ടും ബോദ്ധ്യപ്പെടുത്തുന്നവയല്ല.

 

 

 

 

 

 

 

തുടക്കം മുതൽ ചിത്രത്തിനുണ്ടായ ഒരു ടെമ്പോ നിലനിർത്താൻ സംവിധായകന് കഴിയാതെ പോയത് സംവിധായകൻ തന്റെ അടുത്ത ശ്രമത്തിൽ എങ്കിലും പരിഹരിക്കുമെന്ന് പ്രതിക്ഷിക്കാം. നവാഗതരുടെ ആദ്യ സിനിമാ ശ്രമത്തിൽ പ്രൊഡക്ഷൻ സൈഡിൽ നിന്ന് അനാവശ്യമായ കൈകടത്തലുകൾ ഉണ്ടായെന്ന പാപ്പരാസികൾ പറയുന്നത് സത്യമാണെങ്കിൽ അതും ചിത്രത്തെ നന്നായൊരുക്കുന്നതിനെ കാര്യമായി ബാധിച്ചിട്ടുണ്ടാകാം. മറ്റുള്ളവരുടെ ജീവിതത്തിന് ഒരു പ്രാധാന്യവും നൽകാതവർക്കുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് അള്ള് രാമേന്ദ്രൻ എന്ന ചിത്രം. സമയം വെറുതെയുണ്ടെങ്കിൽ മാത്രം വേണമെങ്കിൽ ടിക്കറ്റ് എടുക്കാം അള്ളിന്…

 

 

 

 

 

 

 

You might also like