സ്നേഹത്തിന്റെ നിറകുടമായ “അമ്പിളി”യുടെ കൂടെ യാത്ര ചെയ്യാം… റിവ്യൂ വായിക്കാം.

0

അമ്പിളി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

മഞ്ഞുപോലെ തെളിമയാർന്ന സിനിമ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം “അമ്പിളി”യെന്ന ചിത്രത്തെ. ജോൺ പോൾ ജോർജ്ജ് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുമ്പോൾ വെള്ളിത്തിരയിൽ ചമയ്ക്കപ്പെട്ടിരിക്കുന്നത് കവിതപോലൊരു ചലച്ചിത്രകാവ്യമാണെന്ന് നിസംശയം പറയാം. അത്രമേൽ പ്രേക്ഷകരുടെ ഉള്ളിലേക്ക് ഒഴുകുകയാണ് അമ്പിളി എന്ന സിനിമ.

 

 

 

 

പ്രേക്ഷകരെ സൗബിൻ ഷാഹിർ എന്ന നടൻ അമ്പിളിയായി വിസ്മയിപ്പിക്കുകയാണ്. മുൻ മാതൃകകൾ ഏതുമില്ലാതെ അനായാസം അയാൾ ഇങ്ങനെ നിറഞ്ഞൊഴുകുകയാണ്. സൗബിൻ എന്ന നടന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രമാണ് അമ്പിളി. ഒരു പക്ഷേ അടുത്ത വർഷവും മികച്ച നടനായുള്ള മത്സരത്തിൽ അമ്പിളിയുമായി സൗബിൻ ഉണ്ടാകുമെന്ന് ചുരുക്കം. എല്ലാത്തരത്തിലുള്ള പ്രേക്ഷകർക്കും ഇഷ്ട്ടമാകുന്നതരത്തിലാണ് അമ്പിളിയുടെ കഥാപരിസരം സംവിധായകൻ ഒരുക്കിയിരിക്കുന്നത്.

 

 

 

 

അമ്പിളി ഒരു കുഞ്ഞിനെ പോലെ നിഷ്കളങ്കനാണ് അച്ഛനും അമ്മയും മരണപ്പെട്ടതിന് ശേഷം അയാൾ കട്ടപ്പനയ്ക്ക് അടുത്ത് നാട്ടിൻ പുറത്താണ് ജീവിക്കുന്നത്. പട്ടാളക്കാരനായ അച്ഛനൊപ്പം അവനും അമ്മയും കാശ്മീരിലായിരുന്നു. അമ്മയുടെയും അച്ഛന്റെയും മരണം അനാഥനാക്കിയ അമ്പിളി നാട്ടിൻ പുറത്തുകാരുടെ കണ്ണിലുണ്ണിയാണ്. എവിടെയും എപ്പോഴും സ്നേഹം മാത്രമേ അവന് മറ്റുള്ളവർക്കായി നൽകാൻ കഴിയു . അവന് പ്രണയിനിയായ ടീനയോടും അവളുടെ അനിയൻ ബോബിക്കുട്ടനോടും പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഇഷ്ട്ടമാണ്. എന്നാൽ ബോബി അവനെ ഒരു ശല്യമായാണ് കാണുന്നത്. അവന്റെ സഹോദരിപ്രണയമാണ് അമ്പിളിയോടെന്ന് തുറന്നു പറയുന്ന രാത്രീയിൽ ബോബി അമ്പിളിയെ അക്രമിക്കുന്നുണ്ടെങ്കിലും അവളോടും അവനോടുമുള്ള ഇഷ്ട്ടം കൊണ്ട് അവൻ അതെല്ലാം ഏറ്റുവാങ്ങുകയാണ്.

 

 

 

പിന്നീട് നാഷണൽ സൈക്ലിങ്ങ് ചാമ്പ്യനായ ബോബി സൈക്കിളുമായി അവൻ സൈക്കിൾ ഓടിക്കാൻ പഠിച്ച കാശ്മീരിന്റെ മണ്ണിലേക്ക് സൈക്കിളിൽ യാത്ര തിരിക്കുമ്പോൾ ആ ഗ്രാമത്തിൽ നിന്ന് അവരുടെ പ്രിയപ്പെട്ട അമ്പിളിയും ഒന്നും പറയാതെ അവനൊപ്പം യാത്രതിരിക്കുന്നു. ആ യാത്ര അവനൊപ്പം അമ്പിളിക്ക് പൂർത്തിയാക്കാൻ പറ്റുമോ ബോബിക്കുട്ടൻ അവനെ അംഗീകരിക്കുമോ അത്തരത്തിലുള്ള ഹൃദയസ്പർശിയായ മുഹൂർത്തങ്ങളാണ് അമ്പിളി കാഴ്ച്ചക്കാർക്കയി കരുതിയിരിക്കുന്നത്.

 

 

 

വിഷ്വലുകൾ കൊണ്ട് മാജിക്ക് കാട്ടുകയാണ് സംവിധായകനും ഛായാഗ്രഹകൻ ശരൺ വേലായുധനും അത്ര മനോഹരമായി തന്നെ ചിത്രത്തിലെ ഓരോ ഫ്രെയിമുകളും കഥയിൽ ഇഴചേർന്ന് നിൽക്കുന്നുണ്ട്. മനോഹരമായ പശ്ചാത്തല സംഗീതവും ഗാനങ്ങളും അമ്പിളിയുടെ മാറ്റ് കൂട്ടുകയാണ്. വിഷ്ണുവിജയ്, വിനായക് ശശികുമാർ ടീം വീണ്ടും മലയാളത്തിൽ മാജിക്കുകൾ സമ്മാനിക്കുമെന്ന് കരുതാം അത്രമേൽ മധുരമുള്ളതാണ് അമ്പിളിയിലെ പാട്ടുകൾ ഓരോന്നും. കലാസംവിധാനമികവും എടുത്തു പറയേണ്ടതാണ് .

 

 

 

മഴയും പ്രളയവും എല്ലാം അതിജീവിക്കുന്ന മലയാളി സിനിമ പ്രേക്ഷകർ ഈ സിനിമയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. സിനിമ കണ്ടിറങ്ങുന്നവർ ഒരേ സ്വരത്തിലാണ് ചിത്രത്തെക്കുറിച്ച് സംസാരിക്കുന്നത്.ചിത്രത്തിൽ അഭിനേതാക്കളായെത്തിയവരെല്ലാം തന്നെ അഭിനയത്തിലെ കൈയ്യടക്കം കൊണ്ട് ഞെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഈ നല്ല സിനിമയ്ക്കായി പണം മുടക്കിയ മുകേഷ് ആർ മേത്ത, ഏവി അനൂപ്, സി വി സാരഥി എന്നിവർക്കും കൈയ്യടി നൽകാം. സിനിമയെ സ്നേഹിക്കുന്ന ഓരോരുത്തർക്കും ധൈര്യപൂർവ്വം ടിക്കറ്റെടുക്കാം അമ്പിളിക്കായി.

 

 

 

You might also like