“ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” ; ഇതാണ് സിനിമ ജീവിതം.

0

ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

തന്റെ ചുറ്റിലും കാണുന്ന താൻ അനുഭവിച്ചതെല്ലാം ചൂടും ചൂരും വിട്ടു പോകാതെ തന്റെ ചുറ്റിലുമുള്ളവർക്ക് പകർന്നു കൊടുക്കാൻ കഴിയുക എന്നത് ഉള്ളിൽ മാന്ത്രികത ഒളിപ്പിച്ച ഒരു കഥ പറച്ചിലുകാരന് മാത്രം കഴിയുന്ന കാര്യമാണ് . “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു” എന്ന ചിത്രത്തിലൂടെ സംവിധായകൻ സലിം അഹമ്മദ് ചെയ്തിരിക്കുന്നതും അതു തന്നെയാണ്. ടൊവിനോ തോമസ്സ് എന്ന നടന്റെ കരിയറിലെ മികവുറ്റ കഥാപാത്രങ്ങളിലൊന്നാണ് ഈ സിനിമയിലെ ഇസഹാഖ് ഇബ്രാഹിം.

 

 

സിനിമ ജീവനായി കാണുന്ന ഒരു ചെറുപ്പക്കാരൻ ജനിക്കുകയാണ്. അന്ന് അവൻ ജനിച്ച സമയത്ത് തീയറ്ററിൽ വടക്കൻ വീരഗാഥ നിറഞ്ഞോടുകയാണ് .കുഞ്ഞായിരിക്കുന്ന ഇസഹാഖിന്റെ ചെവിയിൽ അവന്റെ ബാപ്പ ദൈവനാമം ചൊല്ലി കൊടുക്കുമ്പോൾ അവൻ കേൾക്കുന്നത് സിനിമയുടെ ശബ്ദ്ധമാണ് അതെ അവൻ സിനിമയ്ക്ക് വേണ്ടി പിറവി കൊണ്ടവനാകുന്നു.സാധാരണക്കാരനായ ആ നാട്ടിൻ പുറത്തുകാരൻ യുവാവ് . ഇസ അയാൾ ഇന്നിന്റെ സിനിമയെ സ്വപ്നം കാണുന്നവരുടെ അഭ്രപാളികളിൽ വിസ്മയം തീർക്കാൻ കൊതിക്കുന്നവരുടെ പ്രതീകമാണ്. പോയ കാലത്ത് കോടംമ്പാക്കത്ത് സിനിമയ്ക്കായി ബലിതീർത്തവരും സിനിമ കൊണ്ട് രക്ഷപ്പെട്ടവരും ഉണ്ടായതെങ്കിൽ ഇന്നത് കൊച്ചിയാണ് കൊച്ചിയിലെ ഒരു ഒറ്റമുറിയിൽ നിന്ന് സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്യുന്ന സിനിമയിലൂടെ ഇസ ഇന്ത്യയുടെ പ്രതിനിധിയായി ലോക സിനിമയുടെ തന്നെ ശ്രദ്ധ നേടുകയാണ് എന്നാൽ വിജയമായ ഒരു സിനിമ ഉണ്ടാക്കിയിട്ടും അയാൾക്ക് അനുഭവിക്കേണ്ടിവരുന്ന യഥാനകളാണ് ചിത്രത്തെ മുന്നോട്ട് നയിക്കുന്നത്.

 

 

ചിത്രത്തിൽ വേഷം ചെയ്ത ഒട്ടുമിക്ക ആളുകളും വളരെ നന്നായി തന്നെ അവരവരുടെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. സലിംകുമാർ, ശ്രീനിവാസൻ, ദിനേഷ് പ്രഭാകർ, അനു സിത്താര, നിക്കി , മാലാപാർവ്വതി, വിജയരാഘവൻ, സിദ്ദീഖ്, അപ്പാനി ശരത്ത്, തുടങ്ങിയവരുടെ ചിത്രത്തിലെ പ്രകടനം എടുത്തു പറയേണ്ടതാണ്. ലാൽ, കവിത നായർ, വെട്ടുക്കിളി പ്രകാശ്, ഹരീഷ് കണാരൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

 

 

 

മധു അമ്പാട്ടിന്റെ ഛായഗ്രഹണമികവും ചിത്രത്തിന് മിഴിവേകുന്നുണ്ട്. റസൂൽ പൂക്കുട്ടിയുടെ ശബ്ദ്ധ മിശ്രണവും ബിജിപാലിന്റെ പശ്ചാത്തല സംഗീതമികവും സിനിമയുടെ മറ്റൊരു ശ്രദ്ധേയമായ കാര്യമാണ്.

 

 

 

സിനിമയെ സ്നേഹിക്കുന്നവർക്കും ചലച്ചിത്രകാരൻമാരാകാൻ ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ളതാണീ “ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു”. മലയാള സിനിമയിൽ ഇത് നല്ലചിത്രങ്ങളുടെ വസന്തകാലമാണ്. അതു കൊണ്ട് തന്നെ മികച്ച സിനിമകൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം ഈ സലിം അഹമ്മദ് ചിത്രത്തിനായി.

 

 

You might also like