“അങ്ങ് വൈകുണ്ഠപുരത്ത്”- ഒരു ക്ലീൻ മാസ്സ് ഫാമിലി അല്ലു ചിത്രം.

0

അങ്ങ് വൈകുണ്ഠപുരത്ത് റിവ്യൂ: പ്രിയ തെക്കേടത്

ഒരുകാലത്ത് മൊഴിമാറ്റ സിനിമകളിലൂടെ കേരളത്തില്‍ ആരാധകരെ പ്രകമ്പനം കൊള്ളിച്ച താരമാണ് അല്ലു അര്‍ജുന്‍. മമ്മൂട്ടിയും മോഹന്‍ലാലും കഴിഞ്ഞാല്‍ മലയാളി പ്രേക്ഷകര്‍ അല്ലു അര്‍ജുന്‍ എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്തിരുന്ന ഒരു കാലമുണ്ടായിട്ടുണ്ട്. അന്നും ഇന്നും എന്നും അല്ലു അര്‍ജുന്‍ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. ബാഹുബലിക്ക് മുമ്പ് തന്നെ അല്ലു അര്‍ജുന്റെ തെലുങ്ക് മൊഴിമാറ്റ ചിത്രങ്ങള്‍ റിലീസ് ദിനം കേരളത്തില്‍ ഹൗസ്ഫുള്‍ ആയിരുന്നു.

 

അല്ലു അര്‍ജുന്റെ ഏറ്റവും പുതിയ ചിത്രമാണ് അല വൈകുണ്ഠപുറംലോ; “അങ്ങ് വൈകുണ്ഠപുരത്ത്” എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്ത ചിത്രം മികച്ച വിജയം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. റിലീസിന് മുമ്പ് തന്നെ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഈ ചിത്രത്തിലൂടെ അല്ലു അര്‍ജുന്‍ ആദ്യമായി ഡബ്ബ് ചെയ്തതും വാര്‍ത്താ തലക്കെട്ടുകളില്‍ ഇടംപിടിച്ചിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിലാണ് അല്ലു അര്‍ജുന്‍ തന്റെ ശബ്ദം നല്‍കിയത്. മാത്രമല്ല ജയറാമിന്റെ കഥാപാത്രവും കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്.

 

പ്രശസ്ത തെലുങ്ക് സംവിധായകന്‍ ത്രിവിക്രം ശ്രീനിവാസാണ് ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത്. അല്ലു അരവിന്ദ്, എസ് രാധാകൃഷ്ണ എന്നിവര്‍ ചേര്‍ന്ന് ഗീത ആര്‍ട്‌സ്, ഹാരിക ആന്‍ഡ് ഹസീന്‍ ക്രിയേഷന്‍സ് എന്നിവയുടെ ബാനറിലാണ് നിര്‍മ്മാണം. റിലീസിന് മുമ്പ് തന്നെ ചിത്രത്തിലെ ട്രെയ്‌ലറും ഗാനങ്ങളും വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

 

സാധാരണ അല്ലു അര്‍ജുന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നതാണ് ‘അങ്ങ് വൈകുണ്ഠപുരത്ത്’. ഒരു പക്കാ തെലുങ്ക് ചിത്രത്തിന്റെ എല്ലാ ചേരുവകളും ചേര്‍ത്ത് ഒരല്‍പ്പം വ്യത്യസ്തമായ കുടുംബ പ്രമേയവും നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യാവസാനം വരെ ബോറടിക്കാതെ കാണാവുന്ന ഒരു ചിത്രം കൂടിയാണിത്. പൊതുവെ മാസ് ചിത്രങ്ങളാണ് ത്രിവിക്രം ശ്രീനിവാസ് ഒരുക്കുന്നതെങ്കില്‍ ഇത്തവണ മാസിനൊപ്പം വളരെ രസകരമായ ഒരു ഫാമിലി ഡ്രാമയും ചേര്‍ത്താണ് സംവിധായകന്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. മാസും ഫൈറ്റും ഡാന്‍സും പ്രണയവും പഞ്ച് ഡയലോഗുകളും ഒക്കെ ഉണ്ടെങ്കിലും കോമെഡിക്കും ഫാമിലി ഇമോഷന്‍സിനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

 

അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും വലിയ കേരള റിലീസായാണ് ചിത്രം എത്തിയിരിക്കുന്നത്. അല്ലു അര്‍ജുനൊപ്പം മലയാളികളുടെ സ്വന്തം ജയറാമും ഒന്നിച്ചെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് കൗതുകമായി. അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്ന ബണ്ടു എന്ന കേന്ദ്ര കഥാപാത്രത്തെ ചുറ്റിപറ്റിയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഒരു കഥാപാത്രം കാണിക്കുന്ന അത്യാഗ്രഹവും അതുപോലെ വക്ര ബുദ്ധിയും മൂലം സാമ്പത്തികമായി വമ്പന്മാരായ തന്റെ യഥാര്‍ത്ഥ കുടുംബത്തില്‍ നിന്ന് അകന്ന് മറ്റൊരു കുടുംബത്തില്‍ വളരുന്ന നായക കഥാപാത്രം നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം കുടുംബത്തിലേക്ക് മടങ്ങിയെത്തുന്നതും പിന്നീടാ കുടുംബത്തില്‍ നടക്കുന്ന സംഭവ വികാസങ്ങളുമാണ് കഥ.

 

അല്ലു അര്‍ജുന്‍ മാത്രം മുഴുനീളം നിറഞ്ഞ നില്‍ക്കുന്ന ചിത്രത്തില്‍ ജയറാം, ഗോവിന്ദ് പദ്മസൂര്യ, സമുദ്രക്കനി, തബു, സച്ചിന്‍ കെദേഖര്‍ എന്നിവര്‍ കൂടി മികച്ച പ്രകടനം കാഴ്ച വച്ച്. അല്ലു അര്‍ജുന്‍ കഴിഞ്ഞാല്‍ പറയത്തക്ക പ്രകടനം കാഴ്ച്ച വെച്ചത് വാല്‍മീകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മുരളി ശര്‍മ്മയാണ്. നായികമാരായെത്തിയ പൂജ ഹെഗ്ഡെ, നിവേദ എന്നിവര്‍ പേരില്‍ മാത്രം ഒതുങ്ങിപ്പോയി. ചിത്രത്തില്‍ നവദീപ്, സുശാന്ത്, രോഹിണി, സുനില്‍, ഹര്‍ഷവര്‍ധന്‍, രാജേന്ദ്ര പ്രസാദ് എന്നിവരും അവരുടെ റോള്‍ ഗംഭീരമാക്കി.

 

ഗാനങ്ങളും ദൃശ്യങ്ങളും കൊണ്ട് പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കാനും അല്ലു അര്‍ജുനും കൂട്ടര്‍ക്കും കഴിഞ്ഞു. എസ് .തമന്‍ ഒരുക്കിയ ഗാനങ്ങളും ദൃശ്യങ്ങള്‍ ഒരുക്കിയ പി എസ് വിനോദും എഡിറ്റിംഗ് നിര്‍വ്വഹിച്ച നവീന്‍ നൂലിയും തങ്ങളുടെ ജോലി വളരെ ഭംഗിയായി നിര്‍വ്വഹിച്ചു. അല്ലു അര്‍ജുനെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ചിത്രവും ഇഷ്ടപ്പെടും എന്ന ഉറപ്പോടെ ഏവര്‍ക്കും അങ്ങ് വൈകുണ്ഠാപുരം കാണാനായി ടിക്കറ്റെടുക്കാം.

 

Heres the review of Malayalam version of Ala Vaikunthapurramuloo which is titled as “Angu Vaikuntapurathu” directed by Trivikram and co-produced by Allu Aravind and S. Radha Krishna under their banners Geetha Arts and Haarika & Hassine Creations. Angu Vaikuntapurathu features an ensemble cast of Allu Arjun and Pooja Hegde in the lead roles, while Tabu, Jayaram, Sushanth, Navdeep, Nivetha Pethuraj, Samuthirakani, Murali Sharma, Sunil, Sachin Khedekar, Govind Padmasoorya and Harsha Vardhan play pivotal roles.

The movie’s music composed by Thaman S; while cinematography and editing were handled by P. S. Vinod and Navin Nooli respectively. The film was released theatrically on 12 January 2020 and getting fine reviews allover as a clean family entertainer. Go through above review and post your suggestions below.

You might also like