കണ്ടിരിക്കാം ഈ അനുഗ്രഹീതനായ ആന്റണിയെ !! റിവ്യൂ വായിക്കാം.

താരപരിവേഷം അധികമൊന്നും ഇല്ലാത്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് സണ്ണി വെയിന്‍ ആണ്.

സാധാരണ ഒരു കുടുംബാന്തരീക്ഷത്തില്‍ സംഭവിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

0

അനുഗ്രഹീതന്‍ ആന്റണി റിവ്യൂ: ചൈത്ര രാജ്

കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും അനുഗ്രഹമായി “അനുഗ്രഹീതന്‍ ആന്റണി”. ചിത്രം തിയേറ്ററില്‍ എത്തുമ്പോള്‍ ചിത്രത്തെ വേറിട്ടതാക്കുന്നത് അതിന്റെ അവതരണം തന്നെയാണ്. വലിപ്പച്ചെറുപ്പമില്ലാതെ ഏതൊരു പ്രേക്ഷകനും ആസ്വദിക്കാനാവുന്നതാണ് ‘അനുഗ്രഹീതന്‍ ആന്റണി’. മുതിര്‍ന്നവരെ പോലെ കുട്ടികള്‍ക്കും മൃഗസ്‌നേഹികള്‍ക്കും ചിത്രം പുതിയൊരു അനുഭവമാണ് സമ്മാനിക്കുന്നത്.

താരപരിവേഷം അധികമൊന്നും ഇല്ലാത്ത ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത് സണ്ണി വെയിന്‍ ആണ്. ഒരിടവേളയ്ക്ക് ശേഷമാണ് ഒരു സണ്ണി വെയ്ന്‍ ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. 96, മാസ്റ്റര്‍ എന്നീ ചിത്രങ്ങളിലൂടെ തമിഴകത്ത് മികവ് പുലര്‍ത്തിയ ഗൗരി കിഷന്‍ ആണ് ചിത്രത്തിലെ നായിക. ഡയലോഗുകള്‍ കുറവായിരുന്നെങ്കിലും നല്ല സ്‌ക്രീന്‍ സ്‌പെയ്‌സുള്ള കഥാപാത്രമാണ് ഗൗരിയുടേത്. അഭിനയ മികവ് കൊണ്ട് തന്നെ തന്റെ റോള്‍ ഗൗരി മികച്ച രീതിയില്‍ കൈകാര്യം ചെയ്തു.

സാധാരണ ഒരു കുടുംബാന്തരീക്ഷത്തില്‍ സംഭവിക്കുന്ന നിരവധി മുഹൂര്‍ത്തങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രണയവും ദു:ഖവും ആകാംഷയുമെല്ലാം ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. പ്രണയം പോലെ സംഗീതത്തിനും ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആന്റണിയും കാമുകിയും നാട്ടുകാരും ചേര്‍ന്നൊരു ലോകത്തില്‍ രണ്ട് നായകള്‍ കൂടി എത്തുന്നതും മറ്റുമാണ് പ്രമേയം. ഒരു സാങ്കല്‍പ്പിക കഥയായിരുന്നിട്ട് കൂടി പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയുന്നു എന്നാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട്, സിദ്ദീഖ് തുടങ്ങിയ മുന്‍നിര താരങ്ങളുടെ സ്വാഭാവികമായ അഭിനയ പാടവം കൊണ്ടും വ്യത്യസ്തമാര്‍ന്ന കഥാപാത്രം കൊണ്ടും ചിത്രം മികവ് പുലര്‍ത്തുന്നു. ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആചാരി, ജാഫര്‍ ഇടുക്കി, മുത്തുമണി, മാലാ പാര്‍വ്വതി, ബൈജു സന്തോഷ് തുടങ്ങിയവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി. പശ്ചാത്തല സംഗീതം ചിത്രത്തിന് ഫീല്‍ ഗുഡ് നല്‍കുമ്പോള്‍ സെല്‍വകുമാറിന്റെ ഛായാഗ്രഹണമാണ് ചിത്രത്തിന് ജീവന്‍ നല്‍കുന്നത്.

മിഥുന്‍ മാനുവലിന്റെ സഹസംവിധായകനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സഹസംവിധായകനില്‍ നിന്നും ആദ്യമായി സംവിധായക കുപ്പായം അണിയുമ്പോള്‍ അതിന്റേതായ പരിചയ സമ്പത്തിന്റെ കുറവൊന്നും അനുഗ്രഹീതന്‍ ആന്റണിയില്‍ പ്രേക്ഷകന് കാണാനാവില്ല. അത്രയേറെ പെര്‍ഫക്ഷനോടെയാണ് ഓരോ സീനുകളും ദൃശ്യാവിഷ്‌കരിച്ചിരിക്കുന്നത്. നവീന്‍ ടി മണിലാലിന്റെ കഥ കൂടിയായപ്പോള്‍ ചിത്രത്തെ കൂടുതല്‍ കരുത്തുറ്റതാക്കുന്നു.

കണ്ട് ശീലിച്ച സിനിമകളുമായുള്ള സാദൃശ്യം എവിടെയൊക്കെയോ ദൃശ്യമാകുമെങ്കിലും ആദ്യവസാനം വരെ മടുപ്പില്ലാതെ അവയെല്ലാം പ്രേക്ഷകര്‍ക്ക് ആസ്വദിക്കാന്‍ കഴിയും. ഒരു സത്യൻ അന്തിക്കാട് സിനിമയുടെ ചെറിയ വേർഷൻ കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം !

You might also like