ഗോൾ അടിക്കാൻ മറന്ന് പോയ അർജന്റീന ഫാൻസ് കാട്ടൂർകടവ് !!

0

അർജന്റീന ഫാൻസ് കാട്ടൂർകടവ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

ഫുഡ്ബോൾ എന്ന ലഹരിയും അതുവഴി കൃത്യമായ രാഷ്ട്രീയവും പങ്കുവെയ്ക്കുന്ന കഥയായിരുന്നു അശോകൻ ചരുവിലിന്റെ “അർജന്റീന ഫാൻസ് കാട്ടൂർകടവ്”. അതു കൊണ്ട് തന്നെ അതെ പേരിൽ അശേകൻ ചരുവിലിന്റെ കഥയെ അവലംബിച്ച് മലയാളത്തിലെ മുൻനിര യുവസംവിധായകരിൽ ഒരാളായ മിഥുൻ മാനുവൽ തോമസ് സിനിമയൊരുക്കുന്നു എന്നറിഞ്ഞപ്പോൾ മുതൽ സിനിമയെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്.

 

 

 

 

എന്നാൽ തീയറ്റർ കാഴ്ച്ചയിൽ സിനിമ അത്രകണ്ട് പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നതായി അനുഭവപ്പെട്ടില്ല. ഫുഡ്ബോൾ ലഹരിയും പ്രണയവുമായി കൊണ്ടു നടക്കുന്ന നാട്ടിൻ പുറക്കാഴ്ച്ചകളുടെ ആവേശ ഗോളടിക്കുന്നതിൽ സംവിധായകൻ പരാജയമായെന്ന് പറയാതെ വയ്യ.

 

 

 

 

 

മിഥുൻ മാനുവൽ തന്റെ കാട്ടൂർ കടവിന് ആരംഭം കുറിക്കുന്നത് ഫുഡ്ബോൾ താരം ആന്ദ്രേ എസ്കോബാറിന്റെ മരണം കഴിഞ്ഞതിന് ശേഷമുള്ള രാത്രിയിലാണ്. ഫുഡ്ബോൾ കമ്പക്കാരനായ വിപിനന്റെ അച്ഛൻ എസ്കോബാറിന്റെ ഫോട്ടോയുമായി ഒപ്പീസ് ചൊല്ലിക്കുവാനായി പള്ളിയിലേക്ക് ചെല്ലുന്നതും തുടർന്ന് കൊച്ചച്ചനെ വിളിച്ചെഴുന്നേൽപ്പിച്ച് കാര്യം സാധിച്ചു വരുന്നതുമാണ് അർജ്ജന്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിന്റെ തുടക്കം.

 

 

 

 

 

ചിത്രത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഏറെക്കുറെ പുതുമുഖങ്ങളായവരെല്ലാം രസകരമായി തന്നെ അവരുടെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വലിയ പോരായിമയായി തോന്നിയത് വിപിനൻ എന്ന കഥാപാത്രമായുള്ള കാളിദാസ് ജയറാമിന്റെ പ്രകടനമാണ്. ഏറെക്കുറെ അലസമായാണ് കാളിദാസ് ചിത്രത്തിൽ തന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഫുഡ്ബോൾ എന്ന ആവേശം പ്രേക്ഷകനിലേക്ക് പകർന്നു നൽകുന്നതിൽ ഒട്ടും തന്നെ സാധ്യമാകാതെ പോയതും ‘അർജ്ജന്റീനാ ഫാൻസ് കാട്ടൂർ കടവ്’ എന്ന ചിത്രത്തിന്റെ പ്രധാന പരിമിതിയായാണ് തോന്നിയത്.

 

 

 

 

 

ഐശ്വര്യ ലക്ഷ്മി മെഹർ എന്ന കഥാപാത്രത്തെ കൈയ്യടക്കത്തോടെ അവതരിപ്പിച്ചുവെങ്കിലും കാളിദാസുമായുള്ള പ്രണയരംഗങ്ങൾ ഒട്ടും നന്നായി തോന്നിയില്ല. അൽപ്പമെങ്കിലും അവരുടെ പ്രണയം ഫീൽ ചെയ്യുന്നുണ്ടെങ്കിൽ രണദിവെ എന്ന ഛായഗ്രാഹകന്റെ മിടുക്ക് ഒന്നു കൊണ്ട് മാത്രമാണെന്നു പറയാം. കാട്ടൂർക്കടവിലേ ഒരോ കാഴ്ച്ചകളും അത്ര മനോഹരമായി സിനിമയ്ക്കായി പകർത്തിയിട്ടുണ്ട് ഛായാഗ്രാഹകൻ.

 

 

 

 

 

നിർമ്മാതാവ് നൽകിയ പ്രൊമോഷൻ പോരായ്മ നല്ല പോലെ ചിത്രത്തിനെ ബാധിച്ചിട്ടുണ്ട്. ആദ്യം ദിനം പോലും ചിത്രത്തിന് മോശം നിലയിലുള്ള പ്രേക്ഷക സംഖ്യയാണുള്ളത്‌. ആട് 2 പോലൊരു സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷമുള്ള മിഥുൻ മാനുവൽ ചിത്രമായിരുന്നിട്ടും പ്രേക്ഷകർ തിരിഞ്ഞു നോക്കാത്ത അവസ്ഥയ്ക്കും ഇത് തന്നെ കാരണം.

 

 

 

 

 

മാജിക്കൽ റിയലിസത്തിന്റെ സാധ്യത ചിത്രത്തിനായി സംവിധായകൻ പരീക്ഷിക്കുന്നുണ്ടെങ്കിലും അതും വലിയ തോതിൽ ഗുണമൊന്നും ചിത്രത്തിന് നൽകുന്നില്ല. വരും കാലങ്ങളിൽ ഈ സിനിമയും കഥയും ചർച്ച ചെയ്യപ്പെടുന്നുണ്ടെങ്കിൽ അത് കഥയുടെ രാഷ്ട്രീയത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിൽ നിർമ്മിക്കപ്പെട്ട സിനിമ എന്ന നിലയിലാകും. യഥാർത്ഥ കഥയിൽ ദളിദനായ അജയനെയാണ് മെഹർ വിവാഹം ചെയ്യുന്നത്. എന്നാൽ സിനിമയിൽ ഉയർന്ന ജാതിക്കാരനായ വിപിനനെയാണ് വിവാഹം ചെയ്യുന്നത് എന്നത് കൃത്യമായ ദളിദ് വിരുദതയുടെ രാഷ്ട്രീയമായി തന്നെ ഉയർന്നു നിൽക്കും.

 

 

 

 

മലയാള സിനിമ പ്രവർത്തകരുടെ ഉള്ളിൽ നിലനിൽക്കുന്ന ജാതിമത മതിൽ തന്നെയാണോ ഇത്തരത്തിൽ ഉള്ള നിർമ്മിതി ഉണ്ടാവാൻ കാരണമെന്ന് പ്രേക്ഷകർ ചിന്തിച്ചാൽ തെറ്റുപറയുവാൻ ഒക്കില്ല. സിനിമ കച്ചവടത്തിന്റെതായതു കൊണ്ടായിരിക്കാം മെഹറുനീസ കാദറുകുട്ടിയെ സംവിധായകൻ വിപിനന്റെ സഖിയായി സിനിമയിൽ കാട്ടിയത് എന്നാണെങ്കിൽ ഒട്ടും നീതി പുലർത്താത ചെയ്ത്തായി പോയെന്നെ പറയുവാൻ കഴിയു.

 

 

 

 

You might also like