“അതിരന്‍” – പ്രേക്ഷകന്റെയും കഥാപാത്രങ്ങളുടെയും മാനസികനില അതിര് കടന്നപ്പോൾ..!!

0

അതിരന്‍ റിവ്യൂ: വൈഷ്ണവി മേനോൻ

 

 

 

നവാഗതനായ വിവേക് സംവിധാനം ചെയ്ത് പി.എഫ് മാത്യൂസിന്റെ രചനയില്‍ ഒരുങ്ങിയ ഫഹദ് ഫാസില്‍ ചിത്രമാണ് “അതിരന്‍”. മനോരോഗാശുപത്രികളെ ഇതിവൃത്തമായി നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും; “അതിരന്‍” പോലെയൊരു പരീക്ഷണ ചിത്രം ആദ്യമായായിട്ടാണ്.

 

 

 

 

 

 

1960 കാലഘട്ടത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം വളരെ ദുരൂഹത നിറഞ്ഞ ഒരു ഹിൽ സ്റ്റേഷനിൽ; ഒറ്റപ്പെട്ട് നിൽക്കുന്ന മനോരോഗാശുപത്രിയിലേക്ക് അവിടത്തെ സാഹചര്യങ്ങൾ പരിശോധിക്കാൻ ഒരു ഡോക്ടറെത്തുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മനോരോഗ ഡോക്ടറായ മൂലേടത്ത് കണ്ണൻ നായർ എന്ന എം.കെ നായരാണ് (ഫഹദ് ഫാസിൽ) അവിടെയെത്തുന്നത്. ഗോവൻ സ്വദേശിയായ ഡോക്ടര്‍ ബെഞ്ചമിനാണ് (അതുല്‍ കുല്‍ക്കര്‍ണി) മനോരോഗാശുപത്രി നടത്തുന്നത്. ഇവിടെ വളരെ കുറച്ചു രോഗികൾ മാത്രമാണ് ഉള്ളത്. എന്നാൽ അവിടെ രോഗിയായി വർഷങ്ങളായി പൂട്ടിയിട്ടിരിക്കുന്ന നിത്യയുടെ (സായ് പല്ലവി) കഥയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

 

 

 

 

 

 

ഡോക്ടർ ബെഞ്ചമിന്റെ ഉദ്ദേശം എന്താണ് ? എം.കെ നായരും നിത്യയും തമ്മിൽ എന്ത് ബന്ധം ? നിത്യയുടെ ഭൂതകാലമെന്ത് ? എന്നീ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് അതിരന്‍ എന്ന ചിത്രം. സൈക്കോളജിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമ ഗണത്തിലാണ് ചിത്രം നിർമ്മിച്ചിട്ടുള്ളത്.

 

 

 

 

 

 

നിഗൂഢതയും ഭീതിയും പടര്‍ത്തുന്ന പശ്ചാത്തലത്തില്‍ ചിത്രം തുടങ്ങുമ്പോള്‍ ആദ്യ പകുതിയിൽ സംവിധായകൻ ശരാശരി ത്രില്ല് ഘടകം നിലനിർത്തുന്നുണ്ട്. എന്നാൽ അവയെ പൂര്‍ണ്ണമായും മടുപ്പിക്കുന്ന രണ്ടാം പകുതിയാണ് അതിരനെ ഒരുവട്ടം കാണുവാന്‍ മാത്രമുള്ള ഒരു ചിത്രമായി മാറ്റുന്നത്. 1960 കാലഘട്ടത്തിൽ പറയുന്ന കഥയാണെങ്കിലും അത് പ്രേക്ഷകന് ബോധ്യപ്പെടുത്താൻ സംവിധായകൻ പിന്നോക്കം പോയോ എന്നതും എടുത്തു പറയേണ്ടാത്തവയാണ്.

 

 

 

 

 

 

സംവിധായകന്‍ വിവേക് വ്യത്യസ്തമായ പ്രമേയം തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധിച്ചിട്ടുണ്ടെങ്കിലും, അതിലൊരു മുദ്ര പദ്ധതിച്ചെടുക്കുവാൻ സാധിച്ചില്ല എന്നതും വ്യക്തം. പരീക്ഷണവും പ്രചോദനങ്ങള്‍ക്കും പുറകെ സംവിധായകൻ സഞ്ചരിച്ചപ്പോൾ പ്രേക്ഷനെ തിയേറ്ററുകളിൽ പിടിച്ചിരുത്തുവാൻ മറന്നു പോയ ചിത്രമാണ് അതിരന്‍. ഇതേ അനുഭവമാണ് കുറച്ചു നാൾ മുൻപേ പ്രദർശനത്തിനെത്തിയ വി കെ പ്രകാശ് ചിത്രം ‘പ്രാണ’യ്ക്കും സംഭവിച്ചത്.

 

 

 

 

 

 

അതിരനിലെ അഭിനേതാക്കളിലേക്ക് എത്തുമ്പോൾ ; സായ് പല്ലവിയാണ് മുൻ നിരയിൽ നിൽക്കുന്നത്. ഇതുവരെയുള്ള കരിയറില്‍ സായി ചെയ്തതിൽ ഏറ്റവും വ്യത്യസ്തവും , പ്രയത്നവും നിറഞ്ഞ കഥാപാത്രം തന്നയെയാണ് നിത്യ. നായികയുടെ കളരി അഭ്യാസത്തിനു വേണ്ടിയുള്ള ആത്മസമര്‍പ്പണം എടുത്തു പറയേണ്ടവയാണ്. ഫഹദ് ഫാസിലേക്ക് എത്തുമ്പോൾ അദ്ദേഹത്തിന്റെ അഭിനയപാടവം മുഴുവനായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും വാസ്തവം. ഫഹദിന്റെ ചില മുൻകാല ചിത്രങ്ങളിലെ ഒരു നിഴൽ മാത്രമാണ് അതിരന്‍. ‘ഗോദ’ എന്ന ചിത്രത്തിന് ശേഷം രഞ്ജി പണിക്കര്‍ മെയ് വഴക്കം കൊണ്ട് മികച്ചു നിന്നു. പ്രകാശ് രാജ്, അതുല്‍ കുല്‍ക്കര്‍ണി, സുദേവ് നായര്‍, ബാലചന്ദ്രൻ , വിജയ് മേനോൻ , സുരഭി ലക്ഷ്മി, ലെന, ശാന്തി കൃഷ്ണ, ലിയോണ ലിഷോയ് എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

 

 

 

അതിരനിലെ സാങ്കേതികത തലം പലയിടങ്ങളിലും മികച്ചുനിന്നു. അനു മൂത്തേടത്തിന്റെ ഛായാഗ്രഹണം ചൂണ്ടി കാണിക്കേണ്ട ഘടകമാണ്. പി.എസ് ജയഹരിയുടെ പാട്ടുകളും, ഗിബ്രാന്റെ പശ്ചാത്തല സംഗീതവും ശരാശരിക്ക് മുകളിൽ നിന്നു. ചുരുക്കത്തിൽ പറഞ്ഞാൽ അതിരൻ ഒരു സൈക്കോളജിക്കല്‍ പരീക്ഷണമാണ്. എന്നാൽ ഇതൊരു അവധികാലമാണ്; തിയേറ്ററുകൾ ആഘോഷമാക്കാൻ എത്തുന്ന ഫഹദ് ആരാധകർക്കോ കുടുംബ പ്രേക്ഷകർക്കോ ദഹിക്കുന്ന സിനിമ അല്ല അതിരൻ എന്നതും സാരം.

 

 

 

 

 

 

You might also like