നടുവൊടിഞ്ഞ ഓട്ടർഷ സഞ്ചാരം.

0

ഓട്ടർഷ റിവ്യൂ: ധ്രുവൻ ദേവർമഠം

 

ഓട്ടർഷ കണ്ണൂരുകാർ ഓട്ടോറിക്ഷയെ വിളിക്കുന്ന നാടൻ പേരാണത്. ഏറെ പ്രതീക്ഷകളോടെയാണ് അനുശ്രി നായികയായി എത്തിയ ഓട്ടർഷയ്ക്ക് ടിക്കറ്റ് എടുത്തത്. എന്നാൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല സുജിത്ത് വാസുദേവിന്റെ രണ്ടാം സംവിധാന സംരംഭവവും. പ്രധാനമായി തോന്നിയ പ്രശ്നം പൊട്ടിയ പട്ടം പോലെ ലക്കും ലാഗാനുമില്ലാതെ എങ്ങോട്ടോ സഞ്ചരിക്കുന്ന ആദ്യ പകുതിയും. ആർക്കും പ്രവചിക്കാവുന്ന രണ്ടാം പകുതി.

ശരിക്കും സിനിമ പ്രേക്ഷകനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിടുകയാണ് ഈ “ഓട്ടർഷ ” ചെയ്യുന്നത്. ഓട്ടോറിക്ഷയും ഓട്ടോ ഡ്രൈവർമാരും കഥാപാത്രങ്ങളായി എത്തി വിജയക്കൊടി പാറിച്ചിടത്തേക്കാണ്.ഒരു പെൺ ഓട്ടോ ഡ്രൈവർ പ്രധാന കഥാപാത്രമായി എത്തുന്ന സിനിമ വരുന്നത്. വളരെ രസകരമായും മനോഹരമായും ദൃശ്യഭാഷയൊരുക്കാമായിരുന്ന പ്രമേയമായിരുന്നിട്ടു കൂടി സ്റ്റേജ് ഡ്രാമയുടെ നിലവാരം മാത്രമായിപ്പോയി ചിത്രത്തിന്.

 


ഓട്ടോ എന്നത് സാധാരണക്കാരന്റെ ആശ്രയവണ്ടിയാണ്. എന്നാൽ അത്തരം ഇടങ്ങളെല്ലാം വളരെ നന്നായി ഉപയോഗിക്കാമായിരുന്നെങ്കിലും സംഗതി കൈവിട്ടു പോവുകയാണ് ചിത്രത്തിൽ ഉടനീളം.അനുശ്രി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കടന്നു വരവു പോലും പ്രതീക്ഷിച്ച അത്ര നന്നായില്ല. തിരക്കഥയിലെ പോരായ്മ തന്നെയാണ് ചിത്രത്തിന് വിനയായി തീർന്നത് എന്ന കാര്യം നിസംശയം പറയാം.

 

കണ്ണൂരിലെ ചന്തപ്പുര എന്ന നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്. അവിടെയുള്ള സാധാരക്കാരായാ ആളുകളും അവിടെത്തെ ജീവിത പരിസരങ്ങളും ഏറെക്കുറെ രസകരമാകുന്നുണ്ടെങ്കിലും, കണ്ണൂരിനെക്കുറിച്ച് തിരക്കഥാകൃത്തിന് കൂടുതലായി അറിവില്ലാ എന്ന്ത് ചിത്രം കാണുമ്പോൾ മനസ്സിലാകുന്നുണ്ട്.

 

ചിത്രത്തിൽ ഏറെക്കുറെ പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അവർ എല്ലാം ഏറെക്കുറെ നന്നായി തന്നെ കഥാപാത്രങ്ങളായിട്ടുമുണ്ട്. എന്നാൽ കുറെ സ്കിറ്റുകളിലൂടെയാണ് ആദ്യ പകുതിയിലെ ഓട്ടർഷയുടെ സഞ്ചാരം. പല സീനുകളും പരസ്പരം ബന്ധമില്ലാതെ പോകുന്നതും  പ്രേക്ഷകർക്ക് അസ്വസ്തയായി തീരുന്നു.

 

പലയിടങ്ങളിലും ജോൺ കുട്ടിയുടെ എഡിറ്റിങ്ങ് അത്ര സുഖകരമായി തോന്നിയില്ല. ചിത്രത്തിലെ രണ്ടു പാട്ടുകൾ കേൾക്കാൻ ഇമ്പമുള്ളതായി. ശരത്തിന്റെയാണ് സംഗീതം.

 

കഥയില്ലാതെ ഓടുന്ന ഓട്ടർഷ കഥയിലേക്ക് ഇടവേളയിൽ കടക്കുമ്പോൾ. കുറച്ചു പ്രതീക്ഷ തോന്നിയെങ്കിലും തുടർന്നങ്ങോട്ട് ചിത്രം വീണ്ടും കൈവിട്ട അവസ്ഥയാവുകയാണ്. അനുശ്രീയുടെ അനിത വെറും ഒരു കഥ മാത്രമായി ഒതുങ്ങി പോവുകയും ചെയ്യുന്നു. മറ്റ് ഓട്ടോറിക്ഷക്കാർ തെരുവിലെ കാഴ്ച്ചക്കാർ മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു, നല്ല അഭിനേതാക്കൾ ആയിരുന്നിട്ടു കൂടി. സുജിത്ത് വാസുദേവ് നല്ല സംവിധായകനായി മടങ്ങിവരുമെന്ന പ്രതീക്ഷയോടെ ഓട്ടർഷയിൽ കയറിയാത്ര ചെയ്ത് നടുവൊടിഞ്ഞ ഒരു പാവം പ്രേക്ഷകൻ… ഒപ്പ്…!

 

You might also like