
നായകന് ആര്…? വില്ലന്‍ ആര്..? പകയും വാശിയുമായി “അയ്യപ്പനും കോശിയും” – റിവ്യൂ.
അയ്യപ്പനും കോശിയും റിവ്യൂ: മീര ജോൺ
സ്വന്തം നിലനില്‍പ്പിന് വേണ്ടി പൊരുതുന്ന രണ്ടു വ്യക്തികളുടെ വാശിയുടെയും പകയുടെയും കഥയാണ് “അയ്യപ്പനും കോശിയും” എന്ന് ഒറ്റ വാചകത്തില്‍ പറയാം. ഒരു ചെറിയ നിയമലംഘനവും തുടര്‍ന്നുണ്ടാകുന്ന കേസുകളുടെ പരമ്പരകളിലൂടെയാണ് ചിത്രം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. ഒരു വാണിജ്യ സിനിമയ്ക്കുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് മെനഞ്ഞെടുത്ത അയ്യപ്പനെയും കോശിയെയും പ്രേക്ഷകര്‍ മൂന്നു മണിക്കൂര്‍ നേരം ഒട്ടും ബോറടിക്കാതെ തന്നെ കണ്ടിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടക്കുന്ന മുണ്ടൂരിലെ കുമ്മാട്ടിക്കളിയും കളിക്കിടയിലെ കൊലപാതകത്തിലൂടെയുമാണ് അയ്യപ്പനും കോശിയുടെയും തുടക്കം. ഫ്ളാഷ് ബാക്കിന് ശേഷം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത് അട്ടപ്പാടിയിലൂടെ ഊട്ടിക്ക് പോകുന്ന റിട്ടയേര്‍ഡ് ഹവീല്‍ദാര്‍ കോശി കുര്യനെ പൊലീസ് പിടികൂടുന്ന ദൃശ്യങ്ങളിലേയ്ക്കാണ്. എസ്.ഐ അയ്യപ്പന് നായരായി ബിജു മേനോന് വേഷമിടുമ്പോള്‍ കോശി കുര്യനായി പൃഥ്വിരാജാണ് വേഷമിടുന്നത്. ഇതുവരെ ചെയ്ത് ശീലമില്ലാത്ത കഥാപാത്രമാണെങ്കില്‍ കൂടിയും പൃഥ്വിരാജ് തന്റെ വേഷം ഗംഭീരമാക്കി. അതുപോലെ സ്വതസിദ്ധമായ അഭിനയത്തിലൂടെ ബിജു മേനോനും പ്രേക്ഷകരെ കൈയ്യിലെടുത്തു.
സൂപ്പര്‍ സ്റ്റാറിന്റെയും ജനപ്രിയ നായകന്റെയും പഞ്ച് ഡയലോഗും, വാക്ക്പോരും, കയ്യാങ്കളിയുമെല്ലാം പ്രേക്ഷകരെ മൂന്ന് മണിക്കൂര്‍ തിയേറ്ററില്‍ പിടിച്ചിരുത്തി. ഇതില്‍ വില്ലന്‍ ആര് നായകന് ആര് എന്ന സംശയം പല സന്ദര്‍ഭങ്ങളിലും പ്രേക്ഷന്റെ മനസ്സില്‍ ഉടലെടുക്കുമെങ്കിലും രണ്ടും പേരും നായകന്മാരും വില്ലന്മാരുമാണെന്ന് സംവിധായകന് പറയുന്നുണ്ട്. ഇരുവരും കട്ടയ്ക്ക് കട്ടയ്ക്ക് നില്‍ക്കുന്നുണ്ടെങ്കിലും സ്കോര്‍ ചെയ്യുന്നത് ബിജു മേനോന്റെ അയ്യപ്പന് നായര്‍ തന്നെയെന്ന് പറയാം. എന്നാല്‍ പൃഥ്വി ചെയ്ത കോശിയും അത്ര മോശക്കാരനല്ല. പണത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതിരൂപമായി കോശി നിറഞ്ഞാടുമ്പോള്‍ മുണ്ടൂര്‍ മാടന് എന്ന വിളിപ്പേരുള്ള ദുരൂഹതകളുള്ള അയ്യപ്പന് നായര്‍ സാധാരണക്കാരന്റെ പ്രതിഷേധത്തിന്റെ പ്രതീകമായും മാറുന്നു.
ഒരു സെമി-വില്ലന്‍ സ്വഭാവമാണ് അയ്യപ്പന് നായര്‍ക്കും കോശിക്കും. ഈഗോ കാരണം തങ്ങള്‍ തമ്മിലുള്ള മത്സരത്തില്‍ നിന്നും പിന്മാറാന് കഴിയാതെ പെട്ടുപോകുന്നവരാണ് ഇരുവരും. ചെറിയൊരു ഈഗോ ക്ലാഷ് വരുത്തിവെയ്ക്കുന്ന നഷ്ടങ്ങള്‍ ഒരവസരത്തില്‍ തിരിച്ചറിയുന്ന കോശി ഇതില്‍ നിന്നും പിന്തിരിയാന് ശ്രമിക്കുമ്പോള്‍ അച്ഛന് കുര്യന് ജോണ്‍ ഉണ്ടാക്കുന്ന കുരുക്കുകള്‍ പ്രശ്നത്തെ കൂടുതല്‍ ഗുരുതരമാക്കുന്നു. കോശി ഒരുവശത്ത് നിന്നും കുരുക്കഴിക്കാന്‍ ശ്രമിക്കുമ്പോള്‍ കുര്യന് ജോണ്‍ കാരണം സംഘര്ഷാവസ്ഥയിലാകുന്ന അയ്യപ്പന് നായരുടെ പ്രവര്‍ത്തികള്‍ വീണ്ടും കോശിയെ വാശിക്കാരനാക്കുന്നതും തമ്മില്‍ പോരടിക്കുന്നതുമാണ് ചിത്രം.
കോശിയുടെ അച്ഛനായി രഞ്ജിത്ത് അവതരിപ്പിച്ച കുര്യന് ജോണിനും തിയേറ്ററുകളില്‍ മികച്ച കൈയ്യടി നേടി. അയ്യപ്പന്റെ ഭാര്യ കണ്ണമ്മയായെത്തിയ ഗൗരി നന്ദയുടെ മികച്ച പ്രകടനവും ചിത്രത്തെ മികവുറ്റതാക്കി. ഒരിക്കല്‍ അയ്യപ്പനെ വെല്ലുവിളിക്കാന്‍ വരുന്ന കോശി, കണ്ണമ്മയുടെ പഞ്ച് ഡയലോഗിന് മുന്നില്‍ പതറിപ്പോകുന്നതും പ്രേക്ഷകര്‍ ആസ്വദിച്ചു. വികാരഭരിത നിമിഷങ്ങളില്‍ പോലും കരയാതെ പതറാതെ ആണുങ്ങളെ പോലെ മനക്കരുത്തോടെ നില്ക്കുന്ന കണ്ണമ്മയും സിനിമയുടെ അഭിവാജ്യഘടകമാണ്. സാബു മോന്, വിനു മോഹന്‍, അന്ന രാജന്, അനില്‍ നെടുമങ്ങാട്, ധന്യ, ജോണി ആന്റണി എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.
ശക്തമായ സംഭാഷണങ്ങള്‍ കൊണ്ടും കഥാപാത്രങ്ങള്‍ കൊണ്ടും അയ്യപ്പനെയും കോശിയെയും മികച്ച തലത്തിലെത്തിച്ച സച്ചി എന്ന സംവിധായകനും തിരക്കഥാകൃത്തിനുമാണ് ആദ്യം കൈയ്യടി കൊടുക്കേണ്ടത്. അട്ടപ്പാടിയുടെ ദൃശ്യങ്ങള്‍ അപ്പാടെ ഒപ്പിയെടുക്കാന്‍ സുദീപ് ഇളമാണിന്റെ ക്യാമറകള്‍ക്ക് സാധിച്ചു. ജേക്സ് ബിജോയുടെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ സ്വഭാവത്തോട് ചേര്‍ന്നു നില്‍ക്കുന്നുണ്ട്. ക്ലൈമാക്സിലെ സംഘട്ടനവും അതി ഗംഭീരമായി. രണ്ടു പേരുടെ ഈഗോ മാത്രമല്ല പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്കുകൊണ്ട് സാധാരണക്കാരനെ ഇല്ലായ്മ ചെയ്യുന്ന അധികാരവര്‍ഗങ്ങളുടെ പകപോക്കലും നിയമവാഴ്ച്ചകളും അതിലെ പാകപ്പിഴകളും കൂടി നമ്മെ ഓര്‍മ്മപ്പെടുത്തുക കൂടിയാണ് ‘അയ്യപ്പനും കോശിയും’.