“ബിഗ് ബ്രദര്‍” അത്ര ബിഗ് അല്ല.

0

ബിഗ് ബ്രദര്‍ റിവ്യൂ: മീര ജോൺ

‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് ആവര്‍ത്തിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷവെയ്ക്കുന്നത് സ്വാഭാവികം. എന്നാല്‍ ചിത്രത്തിലെ ഗാനങ്ങളും ട്രെയ്‌ലറുകളുമൊക്കെ ശരാശരി അനുഭവം പകരുമ്പോള്‍ ചിത്രം വലിയ ഹൈപ്പുകളോ അവകാശ വാദങ്ങളോ ഇല്ലാതെയാണ് തിയേറ്ററുകളിലെത്തിയത്. മലയാള സിനിമയില്‍ പലകുറി കണ്ട പതിവ് ഫോര്‍മുലകളില്‍ ഒന്നായിരുന്നു ഫാമിലി ആക്ഷന്‍ ത്രില്ലറായി പുറത്തിറങ്ങിയ മോഹന്‍ലാല്‍ നായകനായെത്തിയ “ബിഗ് ബ്രദര്‍”.

 

 

മോഹന്‍ലാലിന്റെ തന്നെ ക്രിസ്റ്റിയന്‍ ബ്രദേഴ്‌സ്, ചൈനാ ടൗണ്‍, ബാലേട്ടന്‍, മമ്മൂട്ടിയുടെ വല്യേട്ടന്‍, ഹിറ്റ്‌ലര്‍ തുടങ്ങീ ചിത്രങ്ങളുടെ അതേ പ്ലോട്ട് തന്നെയാണ് ബിഗ് ബ്രദറിനും. മനപ്പൂര്‍വ്വമല്ലാത്ത ഒരു കൊലപാതകത്തിന്റെ പേരില്‍ ജുവനൈല്‍ ഹോമില്‍ അടയ്ക്കപ്പെടുന്ന കൗമാരക്കാരനായ സച്ചിദാനന്ദന്‍ (മോഹന്‍ലാല്‍) എന്ന സച്ചി അവിടെ വെച്ച് തന്നെ കൂട്ടുകാര്‍ക്ക് വേണ്ടി മറ്റൊരു കൊലയും നടത്തുന്നു. കോടതി സച്ചിദാനന്ദനെ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കുകയും ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ജയിലില്‍ നിന്നും പുറത്തിറങ്ങാകാത്ത സച്ചിയെ പുറത്തിറക്കുന്നത് ഇളയ സഹോദരനായ മനു (ഷര്‍ജാനോ ഖാലിദ്) ആണ്.

 

 

ജുവനൈല്‍ ഹോമിലെ ജീവിതത്തിനിടയില്‍ ഇരുട്ടിലും കാണാവുന്ന ഒരു പ്രത്യേക കഴിവ് ഇരുട്ടറയിലെ ജീവിതകാലത്ത് സച്ചി ആര്‍ജ്ജിച്ചെടുത്തിരുന്നു. സച്ചിയുടെ ഈ സ്‌കില്‍ പൊലീസുകാരും ഉപയോഗപ്പെടുത്തുന്നുണ്ട്. പല കമാന്‍ഡോ ഓപ്പറേഷനുകള്‍ക്കും സച്ചിയെ പൊലീസ് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. എന്നാല്‍ ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സച്ചി പൊലീസിന് കൈ കൊടുക്കുന്നില്ല. ഇനിയെങ്കിലും സ്വസ്ത ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്ന സച്ചിയുടെ അനുജന്‍ മനു ഒരു ആപത്തില്‍ പെടുന്നതോടെയാണ് അയാള്‍ രംഗത്തിറങ്ങുന്നതും തുടര്‍ന്നുണ്ടാകുന്ന നാടകീയ സംഭവങ്ങളിലൂടെയുമാണ് കഥ മുന്നോട്ട് പോകുന്നത്.

 

 

അതേസമയം മോഹന്‍ലാല്‍ എന്ന നടനെ വെല്ലുവിളിക്കുന്ന ഒരു കഥാപാത്രമല്ല സച്ചിയുടേത്. സച്ചിയെ വളരെ ലാഘവത്തോടെയാണ് സൂപ്പർ താരം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിന് ഫ്രഷ്‌നസ് നല്‍കുന്ന താരസാന്നിധ്യമാണ് പൊലീസ് ഓഫീസറായി എത്തുന്ന അര്‍ബാസ് ഖാന്റേത്. ചിത്രത്തില്‍ മോഹന്‍ലാല്‍, ഷര്‍ജാനോ ഖാലിദ്, അനൂപ് മേനോന്‍ എന്നിവര്‍ക്കിടയിലെ സൗഹൃദവും സാഹോദര്യവും നല്ല രീതിയില്‍ ദൃശ്യാവത്കരിക്കുമ്പോള്‍ സിദ്ദിഖ്, ടിനി ടോം, മിര്‍ണ മേനോന്‍, ഹണി റോസ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഇര്‍ഷാദ് എന്നിവരും അവരുടെ റോളുകള്‍ ഗംഭീരമാക്കി.

 

 

രണ്ടര മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ഇഴഞ്ഞ് പോകുന്ന കഥയും കഥാഗതിയും പ്രേക്ഷകരെ ബോറടിപ്പിക്കുന്നു. ആദ്യ പകുതി സച്ചിയെയും കുടുംബത്തെയും ഫോക്കസ് ചെയ്ത് രസകരമായി മുന്നോട്ട് പോകുമ്പോള്‍ രണ്ടാം പകുതി പ്രവചിക്കാവുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നത്. സസ്‌പെന്‍സോടെ അവതരിപ്പിക്കുന്ന ക്ലൈമാക്‌സ് ട്വിസ്റ്റ് എന്തെന്ന് രണ്ടാം പകുതിയുടെ ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രേക്ഷകന് മനസ്സിലാകും.

 

 

പൊതുവെ സിദ്ദിഖ് ചിത്രങ്ങളില്‍ കാണുന്ന ചിരിമുഹൂര്‍ത്തങ്ങളും ബിഗ് ബ്രദറില്‍ പ്രേക്ഷകന് കാണാനായില്ല എന്നതും പ്രേക്ഷകരെ നിരാശരാക്കി. ചിത്രത്തിലെ ഛായാഗ്രഹണവും സംഗീതവും ശരാശരിയിൽ ഒതുങ്ങി. ജിത്തു ദാമോറിന്റെ ഛായാഗ്രഹണം ചിത്രത്തിന് നിറം പകരുമ്പോള്‍ ദീപക് ദേവിന്റെ ഗാനങ്ങള്‍ക്ക് പുതുമ നല്‍കുന്നുണ്ടെങ്കിലും ഇത് ചിത്രത്തിന് വലിയൊരു ഇംപാക്ട് ഒന്നും ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞിട്ടില്ല. രണ്ടര മണിക്കൂര്‍ കഴിഞ്ഞ് തിയേറ്റര്‍ വിടുമ്പോള്‍ പ്രേക്ഷകര്‍ക്ക് ഒന്ന് കണ്ട് മറക്കാവുന്ന ചിത്രം മാത്രമായി മാറും “ബിഗ് ബ്രദര്‍”.

 

You might also like