രജനി മാസ് തോളിലേറ്റിയ “ദർബാർ” ; റിവ്യൂ.

0

ദർബാർ റിവ്യൂ: പ്രിയ തെക്കേടത്

 

“ദർബാർ” സൂപ്പർ സ്റ്റാർ രജനിയില്‍ നിന്നും അദ്ദേഹത്തിന്റെ ആരാധകർ എന്ത് പ്രതീക്ഷിക്കുന്നതോ അതു തന്നെയാണ് ഈ സിനിമ. ഒറ്റ വാചകത്തില്‍ പറഞ്ഞാല്‍ ഒരു പക്കാ മാസ്സ് കൊമേര്‍ഷ്യല്‍ ചിത്രം. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ടയിലൂടെ രജനി കഴിഞ്ഞ വർഷം മാസ്സ് വിജയം തെളിച്ചിയതാണ്. ഇപ്പോഴിതാ എ.ആര്‍ മുരുഗദോസ് ഒരുക്കിയ ദര്‍ബാറിലൂടെ രജനി ഒരിക്കല്‍ കൂടി ഇക്കാര്യം തെളിയിച്ചിരിക്കുകയാണ്. എന്നാല്‍ പേട്ടയില്‍ നിന്നും ദര്‍ബാറിലേക്കുള്ള ദൂരം കുറച്ചു കൂടുതലാണ്.

 

 

 

രജനി ചിത്രത്തില്‍ ലോജിക്കിന് പ്രസക്തിയില്ല എന്നത് മുന്‍ ചിത്രങ്ങളിലേതു പോലെ ദര്‍ബാറിലും കാണാം. രജനി ഒന്നു ഞൊടിച്ചാല്‍ വായുവില്‍ പറക്കുന്ന ഗുണ്ടകള്‍, നേരെ വരുന്ന കത്തി അതേ വേഗത്തില്‍ പിടിച്ച് തിരിച്ചെറിയുന്ന സൂപ്പര്‍സ്റ്റാര്‍, ഇതൊക്കെയാണ് ചിത്രത്തിലെ ലോജിക്കിനെ ചോദ്യം ചെയ്യുന്ന ഘടകങ്ങള്‍.

 

 

 

ചിത്രത്തില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ ആദിത്യ അരുണാചലമായാണ് സൂപ്പർ സ്റ്റാർ എത്തുന്നത്. മുംബൈ സിറ്റിയിലെ ഗുണ്ടകളെ ഒന്നൊന്നായി എന്‍കൗണ്ടറില്‍ കൊന്നൊടുക്കുകയാണ് അരുണാചലം. മുംബൈ നഗരത്തില്‍ നിന്നും ലഹരി-പെണ്‍ വാണിഭ മാഫിയകളുടെ പിടിയില്‍ നിന്നും രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനത്തെ മോചിപ്പിക്കുന്നതിനായാണ് ആദിത്യ അരുണാചലത്തെ കമ്മീഷണറായി നിയമിക്കുന്നത്. ആദിത്യ അരുണാചലത്തിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളിലൂടെയാണ് ചിത്രത്തിന്റെ ആദ്യ പകുതി മുന്നോട്ടുപോകുന്നത്.

 

 

 

തന്റെ ഉള്ളില്‍ കത്തിക്കിടക്കുന്ന പകയുടെ കനലുകളാണ് അരുണാചലത്തിന്റെ എൻകൗണ്ടർ എന്ന കൊലവെറിക്കു കാരണം. ഇതിനെ സംബന്ധിച്ച് അന്വേഷിക്കാന്‍ വരുന്ന മനുഷ്യാവകാശ കമ്മീഷനിലെ പ്രതിനിധിയെ അരുണാചലം ബലം പ്രയോഗിച്ച് തനിക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. അരുണാചലത്തിന്റെ കൊലവെറിയുടെ പിന്നിലുള്ള കാരണങ്ങളിലേയ്ക്കാണ് ദര്‍ബാര്‍ പ്രേക്ഷകനെ കൂട്ടിക്കൊണ്ട് പോകുന്നത്.

 

 

 

രജനിയുടെ സ്‌റ്റൈലും ആക്ഷന്‍ രംഗങ്ങളിലെ ചടുലതയും ഡയലോഗ് ഡെലിവറിയും തന്നെയാണ് ദര്‍ബാറിനെ ആവേശഭരിതമാക്കുന്നത്. രജനിയുടെ പ്രകടനം പ്രേക്ഷകന് ഇപ്പോഴും പുതുമ തന്നെയാണ്. അടുത്ത കാലത്തു വന്ന രജനി ചിത്രങ്ങളില്‍ ഏറ്റവും മികച്ച ആക്ഷന്‍ കൊറിയോഗ്രഫിയാണ് ദര്‍ബാറിലേത്. എന്നാൽ ചത്രം ആദ്യ പകുതി കഴിഞ്ഞാല്‍ ചിത്രം ക്ലീഷെ സ്വഭാവത്തിലേക്കു വഴുതുന്നത് കാണാം. വികാരഭരിതമായ രംഗങ്ങളും ഊഹിക്കാവുന്ന കഥാഗതിയും ചിത്രത്തെ ശരാശരി നിലവാരത്തില്‍ എത്തിക്കുന്നു.

 

 

 

രജനിക്കൊപ്പം മകളായെത്തിയ നിവേദ തോമസും ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ചിത്രത്തിലെ വൈകാരിക തലം അച്ഛന്‍-മകള്‍ ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നായന്‍ താരയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. എന്നാൽ ലില്ലി എന്ന നായികാ കഥാപാത്രമായെത്തിയ നയൻസിന് ചിത്രത്തില്‍ കാര്യമായി ഒന്നും ചെയ്യാന്‍ ഉണ്ടായില്ല. ബോളിവുഡ് താരം സുനില്‍ ഷെട്ടി വില്ലനായാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. സുനില്‍ ഷെട്ടി അവതരിപ്പിക്കുന്ന ഹരി ചോപ്ര എന്ന വില്ലന്‍ രംഗ പ്രവേശം ചെയ്യുകയും ആദിത്യ അരുണാചലത്തിന്റെ കുടുംബത്തെ ലക്ഷ്യമാക്കുകയും ചെയ്യുന്നതോടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രജനിയെ ആഘോഷിക്കുന്ന തിരക്കില്‍ വില്ലന് വേണ്ടത്ര ശ്കതി പകരാന്‍ സംവിധായകന് സാധിച്ചില്ല എന്നതും സാരം. യോഗി ബാബുവിന്റെ കോമഡികൾ ചിലയിടങ്ങളിൽ ചിരിപ്പിക്കുന്നുണ്ട്.

 

 

 

സന്തോഷ് ശിവന്റെ ക്യാമറ കണ്ണുകൾ ഒരു മാസ് ചിത്രത്തിന് വേണ്ടിയുള്ള എല്ലാ ചേരുവകളും കരുതി വയ്ച്ചിട്ടുണ്ട്. ശ്രീകര്‍ പ്രസാദ് വളരെ മികച്ച രീതിയില്‍ എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുണ്ടെങ്കിലും രണ്ടാം പകുതിയില്‍ എവിടൊക്കെയോ ചിത്രത്തിന്റെ വേഗതയ്ക്ക് ഭംഗം വരുന്നുണ്ട്. അനിരുദ്ധ് ഒരുക്കിയ സംഗീതവും പ്രേക്ഷകര്‍ക്ക് സംതൃപ്തി നല്‍കിയിട്ടുണ്ട്. എ ആര്‍ മുരുഗദോസ്- രജനികാന്ത് കൂട്ടികെട്ടിലൊരുങ്ങിയ ഈ ചിത്രത്തിന് പ്രേക്ഷകര്‍ അമിത പ്രതീക്ഷകളുടെ ഭാരം ഇറക്കി വെച്ചു പോയാല്‍ പ്രേക്ഷകരെ പൂര്‍ണ്ണമായും എന്റര്‍റ്റൈയ്ന്‍ ചെയ്യിക്കാന്‍ കഴിയുന്ന ഒരു മാസ്സ് ചിത്രമെന്ന് ദര്‍ബാറിനെ വിശേഷിപ്പിക്കാം.

 

 

You might also like