ചീറ്റി പോയ ദേവി2 !!

0

ദേവി2 റിവ്യൂ: വൈഷ്ണവി മേനോൻ

 

സംവിധായകൻ വിജയ് ഒരുക്കിയ “ദേവി” എന്ന ഹൊറർ കോമഡി ചിത്രം ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു. അതിനു കാരണം ഒരു പ്രേതം തന്റെ കാമുകനെ തിരിച്ചു ലഭിക്കാൻ നായകനുമായി കരാർ ഇടുന്നു; അതിലുണ്ടാകുന്ന സംഭവ വികാസങ്ങളും ; ഈ പുതുമ പ്രേക്ഷകരെ ആകർഷിച്ചു. എന്നാൽ രണ്ടാം ഭാഗവുമായി സംവിധായകൻ എത്തുമ്പോൾ പേടിപ്പിക്കുകയോ ചിരിപ്പിക്കുകയോ ചെയ്യാനാവാത്ത നിൽക്കുന്ന ഒരു അവസ്ഥയാണ് അനുഭവപ്പെട്ടത്.

 

 

ഒന്നാം ഭാഗം അവസാനിക്കുമ്പോൾ കൃഷ്ണയുടെ (പ്രഭു ദേവ)യുടെ ദേഹത്ത് പ്രേതം കേറുന്ന രംഗം കാണിക്കുന്നുണ്ട്. രണ്ടാം ഭാഗത്തിൽ കൃഷ്ണയുടെ ദേഹത്ത് രണ്ടു പ്രേതങ്ങൾ കേറുകയും , അതിനെ ഒഴിവാക്കാൻ ഭാര്യയായ ദേവി ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ കഥാതന്തു. “ദേവി 2″വിൽ എല്ലാം രണ്ടെണ്ണമാണ് ; രണ്ടു പ്രേതങ്ങൾ , രണ്ടു വില്ലന്മാർ , രണ്ടു ഹാസ്യ താരങ്ങൾ , രണ്ടു നായികമാർ. എന്നാൽ ഇവയൊന്നും പ്രേക്ഷകന് പുതുമ ഉളവാക്കുന്നില്ല.

 

 

പ്രഭുദേവയുടെ പ്രകടനം തികച്ചും ശരാശരിയായിയാണ് അനുഭവപ്പെട്ടത്. കാരണം രണ്ടു പ്രേതങ്ങളിൽ ഉളവാക്കുന്ന മാനറിസങ്ങളും കൂടെയുള്ള തമാശ രംഗങ്ങളും ചെയ്യാൻ നായകൻ നന്നേ കഷ്ടപ്പെടുന്നത് പോലെ തോന്നി. (രാഘവ ലോറൻസിന്റെ കാഞ്ചന ഓർമ്മ വന്നാൽ തെറ്റില്ല…!!) ഭർത്താവിനെ രക്ഷിക്കാൻ നോക്കുന്ന സ്നേഹനിധിയായ ഭാര്യ ദേവിയായി തമ്മന ഭാട്ടിയ എത്തുമ്പോൾ പ്രേക്ഷകൻ നായികയിൽ നിന്നും പ്രതീക്ഷിക്കുന്ന ഒന്നും തന്നെ നൽകാനാവാതെ മിഴിച്ചു നിൽക്കുന്ന അവസ്ഥയാണ്. വിഷമിക്കണ്ട.. ഒരു ഗ്ലാമർ ഐറ്റം ഡാൻസ് തമന്നയുടെ വകയുണ്ട്. കോവൈ സരളയുടെ സ്ഥിരം ഹാസ്യ നമ്പറുകൾ ഇതിലുമുണ്ട് ; ചിരിക്കുന്നത് പ്രേക്ഷകന്റെ മനസ്സ് പോലെ. നന്ദിത ശ്വേതയാണ് മറ്റൊരു നായിക ; പേരിൽ മാത്രമൊരു നായിക. ഡിംപിൾ , ആർ ജെ ബാലാജി , അജ്മൽ , സോനു സൂദ് എന്നിവരെയും ചിത്രത്തിൽ കാണാം.

 

 

എ . എൽ . വിജയെ പോലൊരു സംവിധായകന്റെ പോക്കറ്റിൽ നിന്നും ഇങ്ങനെ ഒരു സൃഷ്ടി ആരും പ്രതീക്ഷിക്കില്ല. ആദ്യ ഭാഗം (ദേവി)യിലുണ്ടാക്കിയ ഹിറ്റ് ഫോർമുല രണ്ടാം ഭാഗത്തിലെത്തുമ്പോൾ വെറും കുമിള പോലെയായെന്നു പറയാം. ഛായാഗ്രഹണവും എഡിറ്റിംഗും ചിത്രത്തിന്റെ പാളിച്ചകളുടെ കൂടെ കൂടി. സാം സി എസിന്റെ ഗാനങ്ങൾ വെറുതെ കേട്ട് മറക്കാം. ചുരുക്കത്തിൽ പറഞ്ഞാൽ വെറുതെ ഒരു സിനിമ. ‘ദേവി 3’ വരുമെന്ന സൂചനയും സംവിധായകൻ നൽകുന്നുണ്ട്, അത് വേണോ …? എന്ന് പ്രേക്ഷകരും!!

 

 

You might also like