പാളിപ്പോയ “ഡ്രാമ” .

0

ഡ്രാമ റിവ്യൂ: പ്രിയ തെക്കേടത് .

മരണം പ്രമേയ പശ്ചാത്തലമാക്കി മലയാളത്തിൽ മുൻപ് ഉണ്ടായിട്ടുള്ള തുടർച്ചകളിലേക്കാണ് രഞ്ജിത്ത് തൻ്റെ പുതിയ ചിത്രമായാ “ഡ്രാമ”യുമായി എത്തിയത്. ഈ മ യൗ ,കൂടെ, ഇബിലീസ്,കുട്ടൻ പിള്ളയുടെ ശിവരാത്രി എന്നിവയെല്ലാം ഫാന്റസിയുടെ പിൻബലത്തിലാണ് കഥ പറഞ്ഞെതെങ്കിൽ ഡ്രാമ പൂർണ്ണമായും ഒരു ഫാന്റസി ചിത്രമല്ല. എന്നാലും മൃതദേഹവും ശവപ്പെട്ടിയുമൊക്കെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട് .

 

നേരത്തെ രഞ്ജിത്ത് ചെയ്‌ത വിജയ ചിത്രങ്ങളുടെ തുടർച്ചയിലേക്കു ഡ്രാമ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും “ഡ്രാമ” നിരാശയാണ് നൽകുന്നത് . വളരെ ചെറിയൊരു പ്രമേയത്തെ ഭംഗിയായി അവതരിപ്പിക്കുന്നതിലുണ്ടായ പിഴവു തന്നെയാണ് ചിത്രത്തിന്റെ പരാജയത്തിലേക്കുള്ള വഴി തുറക്കുന്നതായി തോന്നിയത്.

ഏറെകുറെ മോഹൻലാൽ എന്ന താരത്തെ ആശ്രയിച്ചു മാത്രമാണ് ചിത്രത്തിന്റെ നിലനിൽപ്പുതന്നെ. എന്നാൽ പൂർണ്ണമായും താരത്തെ ഉപയോഗിക്കുവാൻ കഴിഞ്ഞുവോ എന്നതും സംശയമാണ്. ജർമ്മനിയുടെയും കേരളത്തിന്റെയും പശ്ചാത്തലത്തിൽ കഥ പറഞ്ഞ് പരാജയമടഞ്ഞ കടൽ കടന്നൊരു മാത്തുക്കുട്ടിയുടെ പാതയിൽ തന്നെയാണ് ഡ്രാമയും സഞ്ചരിക്കുന്നത് എന്ന് തോന്നി ചിലപ്പോഴൊക്കെ .

രഞ്ജിത്ത് എന്ന സംവിധായകനും തിരക്കഥാകൃത്തും മലയാളികൾക്ക് പ്രിയപ്പെട്ടവനായത് അദ്ദേഹത്തിൻ്റെ എഴുത്തിന്റെയും സംവിധാനമികവിൻ്റെയും പ്രത്യേകത ഒന്നുകൊണ്ടുമാത്രമാണ്. രഞ്ജിത്ത് സിനിമ എന്ന വിശ്വാസത്തിൽ മാത്രം ടിക്കറ്റ് എടുക്കാമായിരുന്നു കാലം മാഞ്ഞു പോവുകയാണോ എന്ന് തോന്നിച്ചു ഡ്രാമ കണ്ടിറങ്ങുമ്പോൾ .

പുത്തന്‍ പണത്തിൻ്റെപരാജയത്തിന് ശേഷം രഞ്ജിത് പുതിയ ചിത്രവുമായി എത്തിയപ്പോൾ മുൻചിത്രത്തിൽ ഉണ്ടായ പിഴവുകൾ എല്ലാം തിരുത്തിയാകും എത്തുക എന്ന പ്രതീക്ഷ ഡ്രാമയിൽ നഷ്ടമായി . ചിത്രം ആദ്യ പകുതിയോട് അടുക്കുമ്പോഴാണ് അൽപ്പമെങ്കിലും ആശ്വാസമായി തീരുന്നത്. അഴകപ്പൻ ലണ്ടൻ ദൃശ്യങ്ങൾ നന്നായി തന്നെ പകർത്തിയിട്ടുണ്ട്.

അരുന്ധതി നാഗിൻ്റെ റോസമ്മയുടെ മരണവും തുടർന്നുള്ള മരണാനന്തര ചടങ്ങുകളുമാണ് ചിത്രത്തിന്റെ പ്രമേയപശ്ചാത്തലം. കട്ടപ്പനയിൽ ഭർത്താവിന്റെ ശവകുടീരത്തിനടുത്ത് തന്നെയും അടക്കണമെന്ന് റോസമ്മയുടെ അവസാനത്തെ ആഗ്രഹത്തിന് ഒട്ടും വിലകൽപ്പിക്കാത്ത പുത്തൻ പണക്കാരായ മക്കൾ ലണ്ടനിൽ തന്നെ അടക്കം നടത്താൻ തീരുമാനിക്കുകയും അതിനായി ഫ്യൂണറൽ നടത്താനെത്തുന്ന കമ്പനിയുടെ പ്രതിനിധിയായ മോഹൻലാലിൻ്റെ കഥാപാത്രവും കമ്പനിയുടെ പാർട്ണറായി ദിലീഷ് പോത്തന്റെ കഥാപാത്രവും എത്തുന്നു . നിരഞ്ജൻ രാജു , ശ്യാമ പ്രസാദ് , ജോണി ആന്റണി , ബൈജു , ജാഫർ ഇടുക്കി, ജയരാജ് വാര്യർ , സുരേഷ് കൃഷ്ണ, ടിനി ടോം , രൺജി പണിക്കർ, ശാലിൻ സോയ, സുബി സുരേഷ് , കനിഹ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മക്കൾക്ക് മാതാപിതാക്കളോടുള്ള കടമയെ ഓർമ്മപ്പെടുത്തുന്നതിന് അപ്പുറമൊന്നും ഡ്രാമയ്ക്ക് പ്രേക്ഷകരോട് പങ്കുവെയ്ക്കുന്നില്ല. വേണ്ടത്ര പ്രചരണം ഇല്ലാതെ കഴിഞ്ഞയാഴ്ച്ച ഇറങ്ങിയ ചിത്രങ്ങളെ പോലെ തന്നെ തീയറ്ററിൽ ആദ്യ ദിനം പ്രേക്ഷകരെ എത്തിക്കാൻ ഡ്രാമയ്ക്കും കഴിഞ്ഞിട്ടില്ലെന്ന് വാസ്തവം. രഞ്ജിത്ത്-മോഹൻലാൽ കൂട്ടുകെട്ട് ഒന്നിക്കുമ്പോൾ പ്രതീക്ഷിക്കാവുന്ന ഘടകങ്ങൾ ഒന്നും ചിത്രത്തിന് അവകാശപ്പെടാനില്ല. അമിതപ്രതീക്ഷകളില്ലാതെ പോയാൽ വെറുതെ കണ്ടിറങ്ങാം ഈ “ഡ്രാമ”.

You might also like