നായകനായും വില്ലനായും ജോർജ്ജ്കുട്ടി; “ദൃശ്യം 2” റിവ്യൂ വായിക്കാം.

മലയാള സിനിമയിൽ നിന്നും ഒടിടിയിൽ റിലീസിനെത്തിയ ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം എന്ന തരത്തിലും "ദൃശ്യം 2"

സത്യത്തിന്റെ കൂടെ നിൽക്കണോ ? അതോ അന്വേഷണത്തിന്റെ കൂടെ നിൽക്കണോ ? വീണ്ടും പ്രേക്ഷകരെ മുൾമുനയിൽ നിർത്തി കൊണ്ട് ജീത്തു ജോസഫും മോഹൻലാലും ദൃശ്യവുമായി രണ്ടാം വരവിൽ എത്തിയപ്പോൾ

0

ദൃശ്യം 2 റിവ്യൂ: ജനദേവൻ

സത്യത്തിന്റെ കൂടെ നിൽക്കണോ ? അതോ അന്വേഷണത്തിന്റെ കൂടെ നിൽക്കണോ ? വീണ്ടും പ്രേക്ഷകരെ മുൾമുനയിൽ നിർത്തി കൊണ്ട് ജീത്തു ജോസഫും മോഹൻലാലും ദൃശ്യവുമായി രണ്ടാം വരവിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് വീണ്ടുമൊരു ‘നല്ല ഫാമിലി ത്രില്ലർ സിനിമ’. സിനിമയിൽ പറയുമ്പോലെ ആറു വർഷങ്ങൾക്ക് ശേഷം എത്തിയപ്പോൾ ജോർജ്ജ് കുട്ടിയും കുടുംബവും ചുറ്റുപ്പാടും ഏറെ മാറി കഴിഞ്ഞു. എന്നാൽ ആദ്യ ഭാഗത്തിന്റെ ആവേശ ചൂട് മാറാതെ സംവിധായകൻ ജീത്തു ജോസഫിന്റെ രചന വീണ്ടും വിജയത്തിന്റെ വെളിച്ചം കണ്ടെന്നു തന്നെ പറയാം.

ആദ്യ ഭാഗത്തിൽ ഒരു സാധാരണ കേബിള്‍ ടിവി ഓപ്പറേറ്ററായിരുന്ന ജോർജ്ജ് കുട്ടി ഇപ്പോൾ ഒരു സിനിമ തിയ്യേറ്റർ ഉടമയും കൂടാതെ തന്റെ സിനിമാ മോഹത്തിലേക്ക് തുടക്കം കുറിക്കുന്ന ഒരു നിർമ്മാതാവ് കൂടിയാണ്. അനായസേന മോഹൻലാൽ എന്ന സൂപ്പർ താരത്തിന് ജോര്‍ജ്ജ് കുട്ടിയിലേക്ക് വേഷപ്പകര്‍ച്ച നടത്താൻ സാദ്ധ്യമാക്കാന്‍ കഴിയുന്നുണ്ട്. ജോർജ്ജ് കുട്ടിയുടെ ഭാര്യ റാണിയായി ആദ്യഭാഗത്തെ പോലെ ഒരു മാറ്റവുമില്ലാതെ മീന ഭംഗിയാക്കി. എന്നാൽ അൻസിബയുടെയും എസ്റ്റർ അനിലിന്റേയും അഭിനയം രണ്ടാം ഭാഗത്തിൽ എത്തിയപ്പോൾ ശരാശരിയായി ഒതുങ്ങി. മുരളി ഗോപി അവതരിപ്പിച്ച തോമസ് ബാസ്റ്റിൻ ഐ പി എസ് എന്ന പോലീസ് വേഷമാണ് ദൃശ്യം രണ്ടിലെ മറ്റൊരു മികച്ച കഥാപാത്ര ഘടകം. തന്റെ സഹപ്രവത്തകയുടെ മകനായ വരുണ്‍ പ്രഭാകറിന്റെ തിരോധാനം അന്വേഷിക്കാന്‍ എത്തുന്നതും പുതിയ വഴിത്തിരിവുകൾ തേടുന്നതും തോമസ് ബാസ്റ്റിൻ ആണ്. അജിത് കൂത്താട്ടുകുളം അവതരിപ്പിച്ച ജോസ് എന്ന കഥാപാത്രവും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം ഗണേഷ് കുമാറും മുഴുനീള വേഷത്തിൽ എത്തുന്നുണ്ട്.

ഒന്നാം ഭാഗത്തിൽ അഭിനയിച്ച താരങ്ങളിൽ പ്രധാനപ്പെട്ടവർ ദൃശ്യം 2ലും പ്രത്യക്ഷപ്പെടുന്നുണ്ട്. ആശാ ശരത്തും സിദ്ധീക്കും വരുണിന്റെ മാതാപിതാക്കളുടെ കഥാപാത്രത്തെ വീണ്ടും ഭംഗിയായി അവതരിപ്പിച്ചു. ആന്റണി പെരുമ്പാവൂർ , നാരായണൻനായർ , മേള രഘു , സായ് കുമാർ, ദിനേശ് പ്രഭാകർ, സുമേഷ് ചന്ദ്രൻ, കൃഷ്ണ , ശോഭ മോഹൻ , അഞ്ജലി നായർ, കൃഷ്ണപ്രഭ, പൗളി വത്സൻ എന്നിവരാണ് മറ്റു താരങ്ങൾ.


തിരക്കഥയിലും സംവിധാനത്തിലും ജിത്തു ജോസഫ് മറ്റൊരു ദൃശ്യ മികവ് കാഴ്ച വയ്ക്കുന്നുണ്ട്. വാണിജ്യ സിനിമയുടെ ചേരുവകൾ ഒത്തു വരുന്നുണ്ടെങ്കിലും വെറും ഒരു മസാല ത്രില്ലർ സിനിമ ആകാതെ ഫാമിലി ത്രില്ലർ ജോണർ തീർക്കാൻ ദൃശ്യം ടീമിന് കഴിഞ്ഞിട്ടുണ്ട് എന്നതും സാരം. അനില്‍ ജോണ്‍സണ്‍ നല്‍കിയിരിക്കുന്ന പശ്ചാത്തല സംഗീതവും സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ മാറ്റ് കൂട്ടി.

മലയാള സിനിമയിൽ നിന്നും ഒടിടിയിൽ റിലീസിനെത്തിയ ആദ്യത്തെ സൂപ്പർസ്റ്റാർ ചിത്രം എന്ന തരത്തിലും “ദൃശ്യം 2” പ്രേക്ഷകരെ ഒരിക്കലും നിരാശരാക്കുകയില്ല എന്നത് ഉറപ്പ്. ജീവിതത്തിലെ ചില സാഹചര്യങ്ങൾ കൊണ്ട് ഒരേ സമയം കുടുംബത്തിന്റെ നായകനും പോലീസിന് വില്ലനുമാകേണ്ടി വന്ന ജോർജ്ജ്കുട്ടി സിനിമ കണ്ടു തീരുമ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുമെന്ന് തീർച്ച.

You might also like