നായകനും ആരാധകനും വില്ലന്മാരാകുമ്പോൾ.. “ഡ്രൈവിങ്ങ് ലൈസൻസ്” റിവ്യൂ.

0

ഡ്രൈവിങ്ങ് ലൈസൻസ് റിവ്യൂ: ധ്രുവൻ ദേവർമഠം

സ്ക്രീനിലെ നായകനും ആരാധകനും ഒരേ സമയം നായകനും വില്ലനുമാകുമ്പോൾ. അതാണ് ലാൽ ജൂനിയർ സംവിധാനം നിർവ്വഹിച്ച “ഡ്രൈവിങ്ങ് ലൈസൻസ്” എന്ന ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം. ഹരീന്ദ്രൻ എന്ന മലയാള സിനിമയിലെ സൂപ്പർ താരവും അയാളുടെ കടുത്ത ആരാധകനായ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കുരുവിളയും തമ്മിലുള്ള വില്ലത്തരങ്ങൾക്കുള്ള വഴിമരുന്നിടുന്നതാകട്ടെ സാഹചര്യങ്ങളും. സിനിമ തുടങ്ങുന്നതു തന്നെ ഹരീന്ദ്രന്റെ പുതിയ ചിത്രത്തിന്റെ റിലീസിങ്ങ് ദിവസത്തെ തീയറ്ററിലെ ആഘോഷ കാഴ്ച്ചകളിലൂടെയാണ്. അവിടെയാണ് ഹരീന്ദ്രന്റെ ജീവിതത്തിലെ പ്രതിനായകനായ കുരുവിളയെ കാണിക്കുന്നത്.

 

 

 

 

പൃഥ്വിരാജ് ആദ്യമായിട്ടാണ് ഒരു സിനിമ താരമായി അഭിനയിക്കുന്നത്. ഒരു സൂപ്പർ താരത്തിന്റെ എല്ലാത്തരത്തിലുള്ള ഭാവങ്ങളും താരത്തിന് നന്നായി തന്നെ അഭിനയിച്ച് ഫലിപ്പിക്കുവാനും താരത്തിന് സാധിച്ചിട്ടുണ്ട്. ഒരു കുഞ്ഞു കാര്യം രണ്ടു പേരുടെ ജീവിതങ്ങളെ എങ്ങനെയെല്ലാം മാറ്റിമറിക്കുന്നു എന്നതാണ് ചിത്രം കാഴ്ച്ചക്കാരന് കാട്ടിതരുന്നത്. കടുത്ത ആരാധകനായ കുരുവിളയ്ക്ക് തന്റെ ഇഷ്ട്ടതാരത്തെ അടുത്തു കാണാനുള്ള അവസരം ലഭിക്കുകയാണ്. എന്നാൽ ആ അവസരം ചില ആളുകളുടെ ഇടപെടലുകൾ നിമിത്തം പരസ്പരം ഉള്ള വൈര്യത്തിലേക്ക് നയിക്കുന്നു. തുടർ സംഭവങ്ങൾ വളരെ ചടുലമായി രീതിയിലാണ് ഡ്രൈവിങ്ങ് ലൈസൻസ് മുന്നേറുന്നത്.

 

 

 

 

സുരാജ് എന്ന നടൻ തനിക്ക് ഏത് റേയിഞ്ചിലുള്ള കഥാപാത്രങ്ങളെ വേണമെങ്കിലും അവതരിപ്പിക്കുവാൻ ആകുമെന്ന് ഈ സിനിമയിലെ കുരുവിളയായി വീണ്ടും തെളിയിക്കുകയാണ്. ആത്മാഭിമാനമുള്ള ഒരു സാധാരണക്കാരൻ വൃണിതനാക്കപ്പെട്ടാൽ എങ്ങനെയെല്ലാമാകും പ്രതികരിക്കുക എന്നത് വളരെ ഭംഗിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ശരിക്കും ചില നേരങ്ങളിൽ പ്രകടനത്തിലെ നായകനും മുകളിലാണ് നിൽക്കുന്നത്. സുരാജിന്റെ ഭാര്യയായി മിയ ജോർജ്ജും രസകരമായ പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. പിന്നെ സിനിമയിലെ എടുത്തു പറയേണ്ട പ്രകടനം സൈജുകുറുപ്പിന്റെതാണ്. വെള്ളയും വെള്ളയുമിട്ട് ആളുകളെ പറ്റിച്ചു ജീവിക്കുന്ന രാഷ്ട്രീയക്കാരന്റെ വേഷം ഏറെ രസകരമാക്കിയിട്ടുണ്ട് ചിത്രത്തിൽ. അരുൺകുമാർ, ലാലു അലക്സ്, നന്ദു, അനീഷ് ജി മേനോൻ, നവാസ്, ശിവജി ഗുരുവായൂർ, മേജർ രവി, മാസ്റ്റർ ആദിഷ്, സുരേഷ് കൃഷ്ണ , ഇടവേള ബാബു, വിജയരാഘവൻ ,ദീപ്തി സതി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

 

 

 

 

അലക്സ് ജെ പുളിക്കൻ, രണദിവെ തുടങ്ങിയവരാണ് ചിത്രത്തിന് ഛായാഗ്രാഹണം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിന് അത് ഏറെ ഗുണകരമായിട്ടുണ്ട്. സച്ചിയുടെ തിരക്കഥയിൽ ലാൽജൂനിയറാണ് ചിത്രം സംവിധാനം ചെയിതിരിക്കുന്നത്. സച്ചിയുടെ തിരക്കഥയുടെ ബലം തന്നെയാണ് ആളുകളെ ഇഷ്ട്ടപ്പെടുത്തുവാനുള്ള സിനിമയുടെ മാസ്മരികതയായി ഇരിക്കുന്നത്. ചുരുക്കത്തിൽ അവധിക്കാലത്ത് ഫാമിലിയുമെത്ത് തീയറ്ററിൽ ചെന്ന് ആസ്വദിക്കാവുന്ന ചിത്രം തന്നെയാണ് “ഡ്രൈവിങ്ങ് ലൈസൻസ്”.

 

 

 

 

You might also like