കെട്ടുപൊട്ടിയ പട്ടം പോലെ സഞ്ചരിക്കുന്ന “എടക്കാട് ബറ്റാലിയൻ 06”.

0

എടക്കാട് ബറ്റാലിയൻ 06 റിവ്യൂ: ധ്രുവൻ ദേവർമഠം

 

‘കമ്മട്ടിപ്പാടം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പി ബാലചന്ദ്രൻ എന്ന എഴുത്തുകാരന്റെ തൂലികയിൽ പിറവിയെടുത്ത സിനിമ എന്ന ഒറ്റക്കാരണമാണ് “എടക്കാട് ബറ്റാലിയൻ 06” എന്ന ചിത്രത്തിനായി ടിക്കറ്റ് എടുക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് . എന്നാൽ തീയറ്ററിൽ അനുഭവമായതൊ ഒട്ടും തന്നെ ബലമില്ലാതൊരു കഥാ സഞ്ചാരവും. എത്രയോ തവണ പറഞ്ഞും കണ്ടും മടുത്ത ബോധവൽക്കരണമാണ് ചിത്രത്തിന്റെ മുഖ്യ പ്രമേയം എന്നു പറയാം. എന്നാൽ അതു തന്നെയാകട്ടെ പ്രേക്ഷകനെ ഒട്ടും തന്നെ ഫീൽ ചെയ്യിക്കാൻ ഉതകുന്നതുമല്ല.

 

 

 

ടൊവിനോ പട്ടാളക്കാരനായെത്തുന്ന സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കോഴിക്കോട് ജില്ലയിലെ എടക്കാട് എന്ന നാട്ടിൻ പുറത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എടക്കാട് എന്ന നാട്ടിൻ പുറത്ത് ജനിച്ചുവളർന്ന ഷെഫീഖ് മുഹമ്മദ് എന്ന പട്ടാളക്കാരനായാണ് ടോവിനോ ചിത്രത്തിൽ വേഷമിടുന്നത്. ഒരവധിക്കാലത്ത് നാട്ടിൽ എത്തുന്ന ഷെഫീഖിന്റെയും കുടുംബത്തിന്റെയും ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ചിത്രത്തിന്റെത്.

 

 

 

ഒരു മണിക്കൂർ അമ്പത്തി ഒന്ന് മിനുറ്റ് ദൈർഘ്യമുള്ള ചിത്രം. മിക്ക സമയവും മടുപ്പുളവാക്കുന്ന രീതിയിലാണ് സഞ്ചരിക്കുന്നത്. കഥപശ്ചാത്തലം നോക്കുകയാണെങ്കിൽ മികച്ച സിനിമയ്ക്കായുള്ള എല്ലാ സാധ്യത ഉണ്ടെങ്കിലും അതൊന്നും ചിത്രത്തിൽ പ്രേക്ഷകരെ അനുഭവിപ്പിക്കാൻ സംവിധായകനായില്ലെന്ന് ചുരുക്കം.

 

 

 

ചിത്രത്തിൽ എഡിറ്ററും സംഗീത സംവിധായകനും കൃത്യമായി ജോലി ചെയ്തില്ലായിരുന്നുവെങ്കിൽ ഒന്നര മണിക്കൂർ കാഴ്ച്ചയും ദുസഹമായെനെ. കോഴിക്കോടിന്റെ ഭൂമികയിലാണ് കഥയുടെ സഞ്ചാരമെങ്കിലും കഥാപാത്രങ്ങൾ മിക്കവരും പല ഇടങ്ങളിലെ മലയാളമാണ് സംസാരിക്കുന്നത്.

 

 

 

 

ചില സമയങ്ങളിൽ എല്ലാം കഥാപാത്രങ്ങൾ സ്‌റ്റേജ് നാടക ഡയലോഗുകളാണ് സംസാരിക്കുന്നതെന്ന്തോന്നി. കഥയുടെ സഞ്ചാരവഴിയാണ് ഏറ്റവും വലിയ പ്രശ്നം. ഒരു സീനിൽ നിന്ന് അടുത്ത സീനിലേക്കുള്ള കഥയുടെ സഞ്ചാരം ഒട്ടും തന്നെ ചിട്ടയില്ലാതെയാണ് പോകുന്നത്. ഒന്നിനോട് ഒന്ന് സാമ്യമില്ലാത്ത സീനുകൾ ചേർത്തുവച്ച് ഒപ്പിച്ചെടുത്തത് എഡിറ്ററുടെ മിടുക്കെന്ന് ചുരുക്കത്തിൽ പറയാം.

 

 

 

 

സ്ഥിരമായി കാണുന്ന പട്ടാള സിനിമയല്ല എടക്കാട് ബറ്റാലിയൻ 06. എന്നാൽ അത്തരത്തിലുള്ള മേന്മയൊന്നും സിനിമയ്ക്ക് അനുഭവപ്പെടുത്താൻ ആകുന്നുമില്ല. അവസാന രംഗത്തിൽ കാട്ടുന്ന പട്ടാള ഓപ്പറേഷൻ രംഗമെല്ലാം അറുബോറൻ അവസ്ഥയാണ്. മികച്ച സീരീസുകൾ കാണുന്ന പ്രേക്ഷകർക്ക് മുന്നിലേക്കാണ് ഇത്തരത്തിലുള്ള സംഗതികൾ കൊണ്ടു വെയ്ക്കുന്നതെന്ന് നിർമ്മാതാക്കളും സംവിധായകനും ചിന്തിക്കാതെ പോകുന്നതാണ് അത്ഭുതമായി തോന്നിയത്. പല സീനുകളിലും നിർമ്മാതാവ് വേണ്ടുന്ന കാശിറക്കാതെ ലാഭം ഉണ്ടാക്കാൻ ശ്രമിച്ചതായും തോന്നി അതും സിനിമയ്ക്ക് ബാധ്യതയായിട്ടുണ്ടാകാം എന്ന് ചുരുക്കം.

 

 

 

 

ചിത്രത്തിൽ ടൊവിനോയുടെ നായികയായി എത്തുന്നത് സംയുക്താ മേനോനാണ്. നായികയെന്ന നിലയിൽ കാര്യമായൊന്നും ചെയ്യാൻ ഇല്ല നടിക്ക്. രേഖ, പി ബാലചന്ദ്രൻ, നിർമ്മൽ പാലാഴി, പൊന്നമ്മ ബാബു, അഞ്ജലി നായർ, ജോയ് മാത്യു, സന്തോഷ് കീഴാറ്റൂർ, ജയന്ത് മാമൻ, ദിൻനാഥ് പുത്തഞ്ചേരി, സലിം കുമാർ, സിബി കെ തോമസ്, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനാ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിർമ്മൽ പാലാഴിയുടെ അഭിനയം എടുത്തു പറയേണ്ടതാണ്.

 

 

 

 

നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കൈലാഷ് മേനോനാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. സംജിത്ത്‌ മുഹമ്മദാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. ചിത്രം കണ്ടിരിക്കാവുന്ന അവസ്ഥയിൽ എത്തിച്ചതിന് എഡിറ്റർക്ക് നൽകാം കൈയ്യടി. മികച്ച എഡിറ്റർക്കുള്ള അവാർഡിന് പോലും അദ്ദേഹത്തെ ഈ സിനിമയ്ക്ക് പരിഗണിക്കാവുന്നതാണെന്ന് ചുരുക്കം, അത്രത്തോളം മോശമാണ് സംവിധാനം.

 

 

 

 

പട്ടാളക്കാരുടെ ജീവിതം ഹൃദ്യമായി പറഞ്ഞ പല സിനിമകളും ഉണ്ടെന്നിരിക്കെ മനോഹരമായി കഥ പറയാൻ പറ്റാതെ പോയ ‘എടക്കാട് ബറ്റാലിയൻ 06’ ചരട് പൊട്ടിയ പട്ടം പോലെയാണ്. സമയമുണ്ടെങ്കിൽ.. വേണെമെങ്കിൽ മാത്രം.. ഒറ്റത്തവണ കാണാം ഈ ടോവിനോ ചിത്രം.

 

 

 

You might also like