എന്റെ ഉമ്മാന്റെ പേര് – പേരിലെ കൗതുകം സ്‌ക്രീനിലില്ല !!

0

എന്റെ ഉമ്മാന്റെ പേര് റിവ്യൂ: ധ്രുവൻ ദേവർമഠം

 

പേരിലെ കൗതുകവും, പുതുമുഖ സംവിധായകന്റെ ചിത്രം എന്നുള്ളതുമായിരുന്നു ടൊവിനോ നായകനായെത്തിയ “എന്റെ ഉമ്മാന്റെ പേര്” എന്ന ചിത്രത്തിന് ടിക്കറ്റ് എടുക്കുവാനുള്ള കാരണം. എന്നാൽ പുതുമുഖ സംവിധായക ചിത്രം തീർത്തും നിരാശയാണ് നൽകിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനംകവർന്ന സംവിധായകൻ എന്ന നിലയിലേക്ക് ഈ ചിത്രത്തിന്റെ സംവിധായകന് എത്താൻ സാധിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. എന്നാൽ ഇതൊരു മോശം ചിത്രവുമല്ല !

 

 

 

 

ജോസ് സെബാസ്റ്റിൻ എന്ന പുതുമുഖ സംവിധായകന്റെ ആദ്യ സിനിമ പേരിൽ മാത്രം ഒതുങ്ങുന്നു എന്നത് ഖേദത്തോടെ പറയട്ടെ. കല്ല്യാണ വീട്ടിലെ ആഘോഷങ്ങൾക്കിടയിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. അവിടെയ്ക്ക് നായക കഥാപാത്രമായ ഹമീദിന്റെ ബാപ്പ ഹൈദറിന്റെ മരണവിവരം അറിയിക്കുവാനായി എത്തുന്ന ഹംസക്കയുടെ വരവോടെ കഥയിലേക്ക് നേരിട്ട് പ്രവേശിക്കുകയാണ്. ബാപ്പയുടെ മരണത്തോടെ അനാഥനാക്കപ്പെട്ട ഹമീദിന് അയാൾക്ക് ആരുമില്ല എന്നുള്ളത് നാട്ടിലെ പ്രമാണിയുടെ മകളെ കല്ല്യാണമാലോചിച്ച് ചെല്ലുന്നതോടെ പ്രശ്നമായി തീരുന്നു.പിന്നീട് ഹമീദിന് തന്റെ അനാഥത്വം ഇല്ലാതാക്കുവാനായി ഉമ്മയെ കണ്ടെത്തുവാനായി അയാൾക്ക് നടത്തേണ്ടി വരുന്ന യാത്രയാണ് ചിത്രത്തിന്റെ പ്രമേയ പശ്ചാത്തലം.

 

 

 

മലയാളത്തിൽ ഒത്തിരിത്തവണ ചിത്രീകരിച്ച് വിജയിച്ചിട്ടുള്ളതാണ് അമ്മ മകൻ ബന്ധത്തെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ. ഈ വർഷം തന്നെ സൂപ്പർ ഹിറ്റായി മാറിയ അരവിന്ദന്റെ അതിഥികൾ പോലും അത്തരത്തിലുള്ള പ്രമേയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. എന്നാൽ എന്റെ ഉമ്മാന്റെ പേര് ഒരിക്കൽ പോലും പ്രേക്ഷക ഇഷ്ട്ടം നേടിയെടുക്കുന്നതിൽ തീർത്തും പരാജയമാവുകയാണ് ചെയ്ന്നത്. തിരക്കഥയിലെ പാളിച്ചകൾ തന്നെയാണ് ചിത്രത്തിന് വിനയായി തീരുന്നത്.

 

 

 

ഉർവശിയെ പോലെ കാലിബർ ഉള്ളതാരത്തെ കിട്ടിയിട്ടു പോലും സംവിധായകൻ അവരെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തുന്നതിൽ പരാജയമടയുന്ന കാഴ്ച്ചയാണ് ചിത്രത്തിൽ കാണാൻ കഴിയുക. കഥയുടെ സഞ്ചാരവഴിയിൽ കഥയുടെ അവസാനം എങ്ങനെയാകും എന്നത് പ്രേക്ഷകർക്ക് ആദ്യം തന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. ഹമീദിന്റെ വേഷത്തിൽ ടൊവിനോയ്ക്ക് കാര്യമായി ഒന്നും തന്നെ ചെയ്യാൻ കഴിഞ്ഞോ എന്നുള്ളതും സംശയമാണ്. സിദ്ദീഖിന്റെ കഥാപാത്രം തീയറ്ററിൽ ചിരിയുണർത്തുന്നതായി. അദ്ദേഹത്തിന് ലഭിച്ച കഥാപാത്രത്തെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രാഘവനെ പോലെയുള്ള ഒരു സീനിയർ താരത്തെ കൊണ്ട് വന്ന് വെറും ജൂനിയർ ആർട്ടിസ്റ്റ് റോളിലേക്ക് ഒതുക്കി കളഞ്ഞത് കല്ലുകടിയായി തോന്നി. കാര്യമായൊന്നും ചെയ്യാനില്ലെങ്കിലും ഉർവ്വശി അവർക്ക് ലഭിച്ച വേഷം മികച്ചതാക്കിയിരിക്കുന്നു ചിത്രത്തിൽ.

 

 

 

ജോർഡി പ്ലാനൽ കോസ്റ്റയുടെ ഛായഗ്രഹണം സിനിമയ്ക്ക് ഒട്ടും തന്നെ ഗുണപ്പെടുന്നില്ല. കഥാപാത്രങ്ങളുടെ വൈകാരികതയോ പശ്ചാത്തലമോ ഒന്നും തന്നെ ഫീൽ ചെയ്യുന്നില്ല സിനിമയിൽ ഉടനീളം. മറാത്തി സിനിമകളിലും.മലയാളത്തിലെ മുൻനിര സംവിധായകർക്ക് ഒപ്പം പ്രവർത്തിച്ച അനുഭവസമ്പത്തുപോലും തന്റെ ആദ്യ ചിത്രത്തിൽ പ്രയോജനപ്പെടുത്തുന്നതിൽ സംവിധായകൻ കഷ്ടപ്പെടുന്ന കാഴ്ചയാണ് ‘എന്റെ ഉമ്മാന്റെ പേര് ‘ എന്ന ചിത്രത്തിൽ . നായികയായി എത്തിയ പുതുമുഖം സായ് പ്രിയയ്ക്ക് കാര്യമായി ചെയ്യാൻ ഒന്നും തന്നെ ഇല്ല ചിത്രത്തിൽ. കഥയുടെ സഞ്ചാരത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ടതായി ഒരു നായിക കഥാപാത്രമായി ഒതുങ്ങി.

 

 

ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതം ഒട്ടും തന്നെ സിനിമ അനുഭവിപ്പിക്കുന്നില്ല. മഹേഷ് നാരായണന്റെ എഡിറ്റിങ്ങാണ് അൽപ്പമെങ്കിലും ചിത്രത്തിന് ഗുണമായ തെന്ന് കരുതാം. ടൊവിനോ എന്ന താരം ചിത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ ശ്രദ്ധ നൽകിയില്ലെങ്കിൽ അത് അയാളുടെ കരിയറിന് ബാധ്യതയായി തീരുമെന്നത് സംശയമില്ലാതെ പറയാൻ സാധിക്കും ഈ സിനിമ കണ്ടിറങ്ങുന്ന ഓരോരുത്തർക്കും. അടുത്ത അവസരത്തിൽ മികച്ച സിനിമയുമായി പ്രേക്ഷകർക്ക് മുന്നിലേക്ക് ഈ ചിത്രത്തിന്റെ സംവിധായകൻ എത്തുമെന്ന് പ്രതീക്ഷിക്കാം. പേരിൽ ഒതുങ്ങുന്ന കൗതുകം ടെലിവിഷനിൽ കാണാൻ ശ്രമിക്കുന്നതാകും പ്രേക്ഷകർക്ക് പോക്കറ്റിലെ കാശ് പോകാതിരിക്കുവാൻ വേണ്ടി ചെയ്യാൻ കഴിയുക.

 

 

 

You might also like