“എവിടെ”…. ഇവിടെ കല്ലുകടി മാത്രം ..!!

0

എവിടെ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

വളരെ മനോഹരമായ കഥാപശ്ചാത്തലമുണ്ടായിട്ടും പ്രേക്ഷകരെ ഒപ്പം കൂട്ടുന്നതിൽ പരാജയപ്പെടുന്ന കാഴ്ച്ചയാണ് “എവിടെ” എന്ന ചിത്രം തീയറ്റർ കാഴ്ച്ചയിൽ. സാമൂഹിക പ്രസക്തി ഏറെയുള്ള ഒരു വിഷയം അതിന്റെ അവതരണത്തിലെ പാളിച്ചകൾ കൊണ്ടാണ് കല്ലുകടിയായി തീരുന്നത്. ഇന്ന് യുവതലമുറയെ സർപ്പത്തെ പോലെ വിഴുങ്ങുന്ന ലഹരിയുടെ ലോകം ഒരു വ്യക്തിയെ സമൂഹത്തിലും കുടംബത്തിലും എങ്ങനെയെല്ലാമാണ് വെറുക്കപ്പെട്ടവനാണെന്ന് കാട്ടിതരുന്ന കഥയാണ് ചിത്രത്തിനുള്ളത്. എന്നാൽ സിനിമയുടെ സഞ്ചാരവഴി സീരിയൽ നിലവാരത്തിൽ മാത്രമായിമാറുന്നു എന്നുള്ളത് നല്ലസിനിമയുടെ ആസ്വാദനത്തിന് കല്ലുകടിയായി തീരുന്നു. പലയിടത്തും ചരടു പൊട്ടിപറക്കുന്ന കഥാ സഞ്ചാരമാണ് അനുഭപ്പെടുന്നത്.

 

 

 

ആശാശരത്ത് അവതരിപ്പിക്കുന്ന ജെസി എന്ന കഥാപാത്രം ചില നേരങ്ങളിൽ എല്ലാം തന്നെ ദൃശ്യത്തിലെ പോലീസ് ഓഫീസറിൽ കുടുങ്ങിക്കിടക്കുന്നതായാണ് അനുഭവപ്പെടുന്നത്. ചിത്രത്തിലെ സംഭാഷണങ്ങൾ ഏറെക്കുറെ സീരിയൽ നിലവാരമാണ് നൽകുന്നത്. കൂടാതെ എഡിറ്റിങ്ങിലും പാളിച്ചകൾ അനുഭവപ്പെടുത്തുന്നുണ്ട്. ചിത്രം ഛായാഗ്രഹണത്തിലും പശ്ചാത്തല സംഗീതത്തിലും മാത്രമാണ് ചിത്രം അൽപ്പമെങ്കിലും മികവ് പുലർത്തിയതായി തോന്നിയത്.

 

 

 

മനോജ് കെ ജയൻ അവതരിപ്പിക്കുന്ന സിംഫണി സക്കറിയ എന്ന കഥാപാത്രത്തെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നൽകാൻ അയാളുടെ ഭാര്യയും മകനും എത്തിന്നിടത്തു നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. സക്കറിയ എന്ന കഥാപാത്രത്തെ ശരിയായ രീതിയിൽ അടയാളപ്പെടുത്തുന്നതിൽ തിരക്കഥാകൃത്തും സംവിധായകനും പരാജയമാകുന്ന കാഴ്ച്ചയാണ് കാണുവാൻ കഴിഞ്ഞത്. ബൈജു അവതരിപ്പിച്ച സൈമൺ തരകൻ എന്ന പോലീസ് ഉദ്യോഗസ്ഥൻ ഒട്ടും ബലമുള്ള കഥാപാത്രമല്ലെങ്കിലും ബൈജുവിന്റെ അഭിനയ മികവുകൊണ്ട് മാത്രം ആസ്വാദ്യകരമായിമാറുന്നുണ്ട്. മകന്റെ കഥാപാത്രമായ ലീൻ സക്കറിയ ഷെബിൻ ബെൻസണും അനശ്വരയും മോശമല്ലാത്ത പ്രകടനം കാഴ്ച് വയ്ക്കുന്നുണ്ട്. സുരാജ് വെഞ്ഞാറുമ്മൂട് അവതരിപ്പിച്ച ഡ്രൈവർ കഥാപാത്രം സത്യത്തിൽ ഏച്ചുകെട്ടിയത് പോലെയാണ് അനുഭവപ്പെട്ടത്. പ്രേംപ്രകാശിന്റെ കുട്ടിച്ചൻ എന്ന കഥാപാത്രം ഇടയ്ക്കെല്ലാം സ്റ്റേജ് നാടകങ്ങളിലെ കഥാപാത്ര രീതിയുമായാണ് ചേർന്ന് നിൽക്കുന്നതെന്ന് ചിത്രം കാണുമ്പോൾ മനസ്സിലാക്കാം.

 

 

 

 

ബോബി- സഞ്ജയ് ടീം എഴുതിയ സിനിമകൾ എല്ലാം തന്നെ അതിന്റെ കാലിക പ്രസക്തി കൊണ്ടും അവതരണ മികവു കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റിയവയാണ്. എന്നാൽ ഇത്തവണ അവരുടെ കഥ മറ്റൊരാൾ തിര നാടകമാക്കിയപ്പോൾ അതിന്റെ സത്ത് നഷ്ട്ടമായ അവസ്ഥയായി മാറി എന്നതാണ് സത്യം. മികച്ച രീതിയിൽ കുറ്റാന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ മനോഹരമായൊരു ത്രില്ലർ സിനിമയൊരുക്കാൻ ഉള്ള കഥയുടെ കാമ്പ് തിരക്കഥാകൃത്തിനും സംവിധായകനും കാണാൻ കഴിയാതെ പോയതാണ് സിനിമയെ സീരയൽ കാഴ്ച്ചമാത്രമാക്കി മാറ്റുന്നത്.

 

 

 

സാമൂഹിക പ്രസക്തി ഉള്ള വിഷയങ്ങൾ നേരത്തെയും സിനിമകളായി എത്തിയിട്ടുണ്ട് എന്നാൽ അവയിൽ ഏറെയും മികച്ച രീതിയിൽ സിനിമാറ്റിക്ക് അനുഭവം നൽകിയവയും ആയിരുന്നു എന്നാൽ ഇത് സിനിമാറ്റിക്ക് അനുഭവം ഒട്ടും തന്നെ മനോഹരമായി നൽകുന്ന ഒന്നാകാതെ പോയി.

 

 

 

 

ഭർത്താവും മകനും സഞ്ചരിച്ച വഴിയിലെ ടോൾ ബൂത്തുകളിൽ അനായാസം കയറി സി സീടീവി ഫൂട്ടേജ് ചെക്ക് ചെയ്യുന്നത് കണ്ടപ്പോൾ തന്നെ ആശാശരത്ത് ഇപ്പോഴും ദൃശ്യത്തിലെ പോലീസുകാരിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് ഫീൽ ചെയ്തത്. മറ്റ് ഇടങ്ങളിലെ സീസി ക്യാം ദൃശ്യങ്ങൾ സാധാരണക്കാരന് കാട്ടിക്കൊടുക്കുമെന്നത് സിനിമ നൽകിയ പുതിയ അറിവായി.

 

 

 

 

ബോബി – സഞ്ജയ് എന്ന വിജയ ഘടകം , നായികയുടെ ‘ഭർത്താവിനെ കാണ്മാനില്ല’ എന്ന കുപ്രചരണ പരസ്യം ഇതിലൊക്കെ കാണിച്ച ആവേശം അണിയറപ്രവർത്തകർ സിനിമയിലും കാണിച്ചിരുന്നെങ്കിൽ ‘എവിടെ’ എന്ന സിനിമ മിനിമം ഒരു കാഴ്ച വസ്‌തുവായെങ്കിലും എടുക്കാമായിരുന്നു. സാമൂഹിക പ്രസക്തി ഉണ്ടെന്ന ഒറ്റ കാരണത്താൽ മാത്രം ഈ സിനിമ ടെലിവിഷനിൽ എങ്കിലും കണ്ടിരിക്കണം. പ്രത്യേകിച്ച് ഹോസ്റ്റലുകളിലും മറ്റും താമസിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ. ഈ സിനിമ തിയറ്ററിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഒന്നേ മുക്കാൽ മണിക്കൂർ ‘സീരിയൽ’ കാഴ്ച്ചയ്ക്കായി ടിക്കറ്റെടുക്കാം.

 

 

 

 

You might also like