പറഞ്ഞും കേട്ടും മടുത്ത മുഷിഞ്ഞ “ഫാൻസി ഡ്രസ്സ്” ; റിവ്യൂ.

0

ഫാൻസി ഡ്രസ്സ് റിവ്യൂ: വൈഷ്ണവി മേനോൻ

 

ഗിന്നസ് പക്രു ആദ്യമായി തിരക്കഥ ഒരുക്കി നിർമ്മിക്കുന്ന ചിത്രമെന്ന നിലയിലാണ് “ഫാൻസി ഡ്രസ്സ്” വാർത്തകളിൽ നിറഞ്ഞിരുന്നത്. പരസ്യരംഗത്തിൽ നിന്നും എത്തിയ രഞ്ജിത്ത് സ്കറിയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. കോമഡി എന്റെർറ്റൈനെർ എന്ന ലേബലിൽ വന്ന ഈ ചിത്രവും പ്രേക്ഷകനെ രസിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്ന് തന്നെ പറയേണ്ടി വരും. രണ്ടു മണിക്കൂറോളമുള്ള സിനിമ കഥ കൊണ്ടോ കഥാപാത്രങ്ങൾ കൊണ്ടോ ഒരു പുതുമയും പ്രേക്ഷകന് നൽകുന്നില്ല എന്നതാണ് വാസ്തവം.

 

 

 

ഗോവയിൽ കഞ്ചാവ് വിൽപനയും മോക്ഷണവുമായി കറങ്ങി നടക്കുന്ന രണ്ടു കള്ളന്മാരാണ് സെബാനും ഡിക്രൂസും. ഒരിക്കൽ അവരുടെ മുന്നിലേക്ക് ഗബ്രിയൽ എന്നൊരു മാഫിയ തലവൻ കടന്ന് വരുന്നു. സെബാനും ഡിക്രൂസിനും വലിയൊരു തുക നൽകുകയും ഒരു ജോലി ഏൽപിക്കുകയും ചെയ്യുന്നു. അതിനായി അവർ രണ്ടു പേരും കേരളത്തിലേക്ക് വരുന്നതും അവിടെ വച്ച് കലാഭവൻ ഷാജോൺ – ശ്വേതാ മേനോൻ എന്നിവർ അവതരിപ്പിക്കുന്ന ദമ്പതി കഥാപാത്രങ്ങളെ കാണുന്നതും ; തുടർ സംഭവങ്ങളുമാണ് ‘ഫാൻസി ഡ്രസ്സ്’ കാണിക്കുന്നത്. ഗിന്നസ് പക്രുവും ഹരീഷ് കണാരനുമാണ് കള്ളന്മാരുടെ വേഷത്തിൽ എത്തുന്നത് ; മാഫിയ തലവനായി ബാലയും.

 

 

 

ഹ്യൂമർ പശ്ചാത്തലത്തിൽ തുടങ്ങുന്ന ചിത്രം പൊട്ടിയ പട്ടം പോലെയാണ് സഞ്ചരിക്കുന്നത്. കുത്തിത്തിരുകിയ കോമഡി രംഗങ്ങളും , ഗതിയില്ലാത്ത പോകുന്ന കഥാസഞ്ചാരവും പ്രേക്ഷന് മുഷിവുളവാക്കുന്നുണ്ട്. ഇടവേളയ്ക്കു ശേഷം ചിത്രം ത്രില്ലർ റൂട്ടിലേക്ക് വരുന്നുണ്ടെങ്കിലും ക്ളീഷേ രംഗങ്ങൾ കാരണം അതൊന്നും ഫലവത്താകുന്നില്ല.

 

 

 

ഗിന്നസ് പക്രു, ഹരീഷ് കണാരൻ എന്നിവരുടെ കോമഡി നമ്പറുകൾ ചില രംഗങ്ങളിൽ ചിരി ഉണർത്തുന്നുണ്ടെങ്കിലും തിരക്കഥയിലെ പാളിച്ചകളിൽ വീണു പോകുകയാണ് കഥാപാത്രങ്ങൾ. കലാഭവൻ ഷാജോൺ , ബാല എന്നിവർ മുൻപ് ചെയ്ത ഏതൊക്കെയോ കഥാപാത്രങ്ങളുടെ നിഴലായി മാത്രം ഒതുങ്ങി. ശ്വേത മേനോനാണ് ഉള്ളതിൽ മികച്ചു നിന്ന റോൾ എന്ന് എടുത്തു പറയണം. സൗമ്യ മേനോൻ കിട്ടിയ കഥാപാത്രം ഭംഗിയായി അവതരിപ്പിച്ചു. പാഷാണം ഷാജി, കോട്ടയം പ്രദീപ്, ബിജു കുട്ടൻ, സുധീര്‍ കരമന, തെസ്നി ഖാൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

പ്രദീപ് നായരുടെ ഛായാഗ്രഹണവും രതീഷ് വേഗയുടെ സംഗീതവും ശരാശരിയായി ഒതുങ്ങി. തമാശ രംഗങ്ങൾ പ്രേക്ഷകന് അരോചകമായി തോന്നുന്ന മറ്റൊരു ചിരി പടമാണ് ‘ഫാൻസി ഡ്രസ്സ്’. നിരവധി കോമഡി താരങ്ങൾ അടങ്ങിയ കാസ്റ്റ് കണ്ടു ചിത്രത്തെ സമീപിച്ചാൽ നിരാശ തന്നെ ഫലം.

 

 

You might also like