ഹൃദയത്തിൽ സൂക്ഷിക്കാൻ “ഫൈനൽസ്”. റിവ്യൂ വായിക്കാം.

0

ഫൈനൽസ് റിവ്യൂ: ധ്രുവൻ ദേവർമഠം

 

ജീവിതത്തിൽ തോറ്റു പോയിട്ടും വിജയം വരിക്കാനായി കഠിന പ്രയത്നം നടത്തുന്ന നാട്ടിൻ പുറത്തുകാരുടെ ജീവിത വിജയത്തെക്കുറിച്ച് പറയുന്ന ചിത്രമാണ് “ഫൈനൽസ്”. ഈ ഓണക്കാലത്ത് ഏറ്റവും മനോഹരമായ തീയറ്റർ കാഴ്ച്ചനുഭവം നൽകിയ ചിത്രം. നവാഗത സംവിധായകരുടെ ഓണസിനിമകളാണ് മത്സരിക്കാൻ എത്തിയെതെന്ന പ്രത്യേകത കൂടിയുണ്ട് ഇത്തവണ. അതിൽ മടുപ്പിക്കാത്ത ആഖ്യാനം കൊണ്ടും. തെളിവാർന്ന കഥാപശ്ചാത്തലം കൊണ്ടും കാഴ്ച്ചക്കാരന്റെ ഉള്ളു നിറക്കുകയാണ് നവാഗതനായ അരുൺ പി ആർ സംവിധാനം നിർവ്വഹിച്ച ‘ഫൈനൽസ്’ എന്ന ചിത്രം.

 

 

 

ഇടുക്കിയുടെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. ‘ജൂൺ’ എന്ന ചിത്രത്തിലെ അതിമനോഹരമായ പ്രകടനത്തിന് ശേഷം രജിഷ വിജയൻ ഫൈനൽസിലെ ആലീസായി പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്. ഒപ്പം സുരാജ് വെഞ്ഞാറുമൂടിന്റെ മാസ്മരിക പ്രകടനവും. നാളുകൾക്ക് ശേഷം മുഴുനീള കഥാപാത്രമായി സുരാജ് നിറഞ്ഞാടുകയാണ് ചിത്രം മുഴുവനും. സുരാജിന്റെ വർഗീസ് എന്ന കായികാധ്യാപകൻ പ്രകടനം കൊണ്ട് പ്രേക്ഷകന്റെ കണ്ണുനനയ്ക്കുന്നുണ്ട്. ജീവിതത്തിൽ തോൽവികൾ മാത്രം ഏറ്റുവാങ്ങുമ്പോഴും വിജയം കൈവരിക്കുവാനുള്ള സാധാരണക്കാരന്റെ പോരാട്ടമാണ് ചിത്രത്തിന്റെ പ്രധാന കഥാതന്തു.

 

 

 

 

ഒളിമ്പിക്സിൽ മത്സരിച്ച് രാജ്യത്തിന്റെ അഭിമാനമാവുക എന്ന സ്വപ്നത്തിന്റെ ചിറകേറിയാണ് ആലീസ് അവളുടെ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നത്. ആ സ്വപ്നത്തിന് കൂട്ടായി അവളുടെ അച്ഛൻ വർഗ്ഗീസ് മാഷും അവളുടെ കളിക്കൂട്ടുകാരൻ അലോഷിയുമുണ്ട് .റഷ്യയിലേക്ക് ഒളിമ്പിക്സ് മെഡൽ എന്ന സ്വപ്നം നേടാനായി പരിശീലനത്തിന് പോകേണ്ടതിന് തൊട്ട് മുൻ ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം ഉണ്ടാകുന്നു. തുടർന്നങ്ങോട്ട് വീണുപോയിട്ടും ഫീനിക്സ് പക്ഷിയേ പോലെ ചിറകുവിരിച്ച് ആകാശത്തിന് മുകളിൽ പറന്നുയരുന്ന ഒരു കൂട്ടം സാധാരണക്കാരുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്.

 

 

 

 

പലയാവർത്തി സ്പോർട്സ് പശ്ചാത്തലമായുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഹൃദയസ്പർശിയായ ചിത്രം ഇത് ആദ്യമാണ്. നല്ല താരങ്ങൾ ഉണ്ടായിട്ടു പോലും കായികമേഖലയിൽ നിന്ന് എന്തുകൊണ്ട് ഇന്ത്യയ്ക്ക് ഒളിമ്പിക്സ് മെഡലുകൾ കുറയുന്നു എന്നതിന്റെ രാഷ്ട്രീയം കൂടിയാണ് ചിത്രം മുന്നോട്ട് വെയ്ക്കുന്നത്. കേരളത്തിലെ മിക്ക സ്പോർട്സ് സ്ക്കൂളുകളിലെ അവസ്ഥ കൂടി ചിത്രം തുറന്നുകാട്ടുന്നുണ്ട്.

 

 

 

മണിയൻ പിള്ള രാജുവിന്റെ മകൻ നിരഞ്ജ് രാജു ആദ്യമയി മികച്ച അഭിനയം കാഴ്ച്ച വച്ച ചിത്രം കൂടിയാണിത്. മുൻസിനിമകളിൽ നിന്ന് വ്യത്യസ്തമായി നിരഞ്ജ് ഈ ചിത്രത്തിൽ മാനുവൽ എന്ന കഥാപാത്രത്തെ അത്ര തന്നെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.

 

 

 

 

സുരാജിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഈ ചിത്രത്തിലെ വർഗ്ഗീസ് .അച്ഛനും മകളും തമ്മിലുള്ള വൈകാരികതകൾ വളരെ മനോഹരമായി താരം ജീവിച്ചു കാണിക്കുകയാണ് ചിത്രത്തിലൂടെ.
ജീവിതത്തിൽ പരാജയഭീതിയിൽ മുന്നോട്ട് പോകുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണിത് കാരണം. തോൽവികളിൽ കാലിടറി വീണിട്ടും വിജയത്തെ എങ്ങനെ കൈപിടിയിലേക്ക് കൊണ്ടുവരാമെന്ന വലിയൊരു പാഠം കൂടിയാണ് ഈ ചിത്രം.

 

 

 

 

ഈ ഓണക്കാലത്ത് ഇറങ്ങിയ വമ്പൻ ചിത്രങ്ങളെക്കാൾ എത്രയോ ഉയരത്തിലും മനോഹരവുമാണ് “ഫൈനൽസ്” എന്നത് സന്തോഷം നൽകുന്നു. കണ്ടുമടുത്ത കാഴ്ച്ചകളിൽ നിന്ന് സാധാരണക്കാരുടെ ജീവിതത്തിലൂടെയുള്ള സത്യസന്ധമായ യാത്ര കൂടിയാണീ സിനിമ.

 

 

 

 

ചിത്രത്തിന്റെ മനോഹരമായ ദൃശ്യങ്ങൾ പകർത്തിയ ഛായാഗ്രാഹകൻ സുധീപ്ഇളമണും, മനോഹരമായ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ കൈലാസ് മേനോനും, കലാസംവിധായകൻ ത്യാഗുവും, ചിത്രസംയോജകൻ ജിത് ജോഷിയും ശബ്ദ്ധലേഖനം നടത്തിയ ഹരികുമാറും കൈയടിക്കർഹരാണ് . അവരുടെ കൂടി കൈയ്യൊപ്പാണീചിത്രം എന്നതു തന്നെ കാരണം. ചിത്രത്തിലെ ഓരോ ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച മുഴുവൻ താരങ്ങളും അവരവരുടെ കഥാപാത്രങ്ങളെ അത്രമേൽ മനോഹരമാക്കിയിട്ടുണ്ട്.

 

 

 

 

ഈ സിനിമ ഓണക്കാലക്കാഴ്ച്ചയിൽ ഒന്നാം സ്ഥാനം അർഹിക്കുന്ന ചിത്രമാണ് ‘ഫൈനൽസ്’. മനസ്സു നിറയ്ക്കുന്ന മനോഹരമായൊരു സിനിമാകാഴ്ച്ചയ്ക്ക് ധൈര്യപൂർവ്വം കുടുംബ സമേതം ടിക്കറ്റ് എടുക്കാം.

 

 

 

You might also like