സാധരണക്കാരനായ പാവം പാവം ഗാനഗന്ധർവ്വൻ. റിവ്യൂ വായിക്കാം.

0

ഗാനഗന്ധർവ്വൻ റിവ്യൂ: ധ്രുവൻ ദേവർമഠം

സാധരണക്കാരനായ സാധാരണക്കാരുടെ ഗന്ധർവ്വൻ ഒറ്റവാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം രമേഷ് പിഷാരടിയുടെ രണ്ടാം സംവിധാന സംരംഭമായ “ഗാനഗന്ധർവ്വൻ” സിനിമയെ . ആദ്യ ചിത്രത്തിലേതു പോലെ തന്നെ സാധാരണക്കാരന്റെ കഥയാണ് ഗാനഗന്ധർവ്വനിലും പിഷാരാടി പറയുന്നത്. കഴിഞ്ഞ തവണ സ്നേഹമുള്ള മൃഗസ്നേഹിയുടെ കഥയാണ് പറഞ്ഞതെങ്കിൽ ഇത്തവണ അത് ഗാനമേളകളിൽ പാട്ടുപാടി ഉപജീവനം നയിക്കുന്ന ഉല്ലാസിന്റെ ജീവിതമാണ്.

 

 

ഇതൊരു ആൺ പക്ഷ സിനിമയാണ്. ഇരയാക്കപ്പെട്ട പെൺജീവിതങ്ങളുടെതു പോലെ ആൺ ജീവിതവുമുണ്ടെന്ന് കാട്ടിതരികയാണ് സംവിധായകൻ ഗാനഗന്ധർവ്വനിലൂടെ. മമ്മൂട്ടിയുടെ ഉല്ലാസ് എന്ന കഥാപാത്രം ശരിക്കു പറഞ്ഞാൽ ഇമാനുവലിലെ ഇമാനുവിന്റെയും ബെസ്റ്റ് ആക്ടറിലെ മോഹൻ എന്ന അധ്യാപകന്റെയും നിഴലിൽ കുടുങ്ങിക്കിടക്കുന്നതായാണ് അനുഭവപ്പെട്ടത്.

 

 

 

ഗാനമേളയിൽ പാടുന്നിടത്തു നിന്ന് ഉല്ലാസിനെ അറസ്റ്റ് ചെയ്ത് കൊണ്ടു പോകുന്നിടത്താണ് ചിത്രത്തിന്റെ ആരംഭം അവിടെ നിന്ന് ഉല്ലാസിന്റെ വീട്ടിലേക്കും സിനിമ നമ്മളെകൂട്ടികൊണ്ടു പോകുന്നു. സാധാരണക്കാരനായ ഒരാളുടെ വീട്ടിൽ സംഭവിക്കുന്ന എല്ലാത്തരം പ്രശ്നങ്ങളെയും അഭിമുഖീകരിക്കുന്ന ആളാണ് ഉല്ലാസ്. ഭാര്യയും ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന മകളുമാണ് അയാൾക്കുള്ളത്.

 

 

 

ഇരുപത്തഞ്ച് വർഷമായി ഗാനമേളയെ മാത്രം ആശ്രയിച്ചാണ് അയാളുടെ ജീവിതം മുന്നോട്ടു പോകുന്നത്. അതു കൊണ്ട് തന്നെ ദാരിദ്ര്യം അയാളുടെ കൂടപ്പിറപ്പാണ്. വർഷങ്ങളായി ഒരേ പാട്ടു മാത്രമാണ് അയാൾ വേദികളിൽ പാഠിക്കൊണ്ടിരിക്കുന്നത് . അതുകൊണ്ട് തന്നെ ജീവിതത്തിൽ ഉയർച്ചകളൊന്നും അയാളെ തേടിയെത്തുന്നതുമില്ല. ട്രൂപ്പിൽ അതിന്റെ ഉടമയ്ക്കും ഡ്രമ്മർ ടിറ്റോയും മാത്രമാണ് ആളൊട് കുറച്ചെങ്കിലും അടുപ്പം. മറ്റുള്ളവരുടെ കണ്ണീരുനു മുന്നിൽ അലിഞ്ഞു പോകുന്ന അയാളുടെ സ്വഭാവം വലിയൊരപകടത്തിലേക്ക് അയാളെ കൊണ്ടെത്തിക്കുന്നു. പിന്നീട് പെട്ടുപോയ കുരുക്കിൽ നിന്ന് രക്ഷപ്പെടാനുള്ള ഉല്ലാസിന്റെ ശ്രമങ്ങളാണ് ചിത്രത്തിന് ആധാരം.

 

 

അതിഭീകരമായ പ്രകടനം നടത്താനുള്ള ഇടമൊന്നും മമ്മൂട്ടിക്ക് ചിത്രം നൽകുന്നില്ല. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് പുരുഷൻമാരെ എങ്ങനെയെല്ലാം കള്ളകേസുകളിൽ പെടുത്താൻ കഴിയുമെന്നുള്ളത് ചിത്രം കൃത്യമായി പറഞ്ഞുവെയ്ക്കുന്നുണ്ട്. തന്റെ തന്നെ സ്റ്റേജ് ജീവിതാനുഭവങ്ങളാണ് ചിത്രത്തിൽ പിഷാരടി ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഒട്ടുമിക്കവയും ലൈഫുള്ളവയാണെങ്കിലും പ്രധാന കഥയിൽ അവയെല്ലാം മുഴച്ചു നിൽക്കുന്നതായാണ് ഫീൽ ചെയ്യുന്നത്.

 

 

കൃത്യമായി ഊഹിക്കാൻ പറ്റുന്നതാണ് ചിത്രത്തിന്റെ കഥാസഞ്ചാരം എങ്കിലും കാഴ്ച്ചക്കാരനെ അദ്യ പകുതിയെക്കാൾ രണ്ടാം പകുതി പിടിച്ചിരുത്തുന്നുണ്ട്. ആദ്യ പകുതിയിലുള്ള ഇഴച്ചിൽ സംവിധായകന് ഒഴിവാക്കുവാൻ സാധിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നായെനെ എന്നു തോന്നി. രമേശ് പിഷാരടിയും ഹരി പി നായരുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഛായാഗ്രഹണവും ഗാനങ്ങളും ശരാശരിയായി ഒതുങ്ങി. ദീപക് ദേവ് ഒരുക്കിയ ഗാനങ്ങൾ ഒട്ടും മനസ്സിൽ നിൽക്കുന്നതായില്ല. ലിജോ പോളിന്റെ എഡിറ്റിങ്ങിന്റെ പിൻബലം തന്നെയാണ് ഒരു പകുതിയെങ്കിലും ചിത്രത്തിന് ഗുണമായിരിക്കുന്നത്.

 

 

ഉല്ലാസിന്റെ ഭാര്യ കഥാപാത്രമായ മിനിയായി എത്തിയ വന്ദിത മനോഹരനു ലഭിച്ച കഥാപാത്രം ശക്തമാണെങ്കിലും വേണ്ടത്ര അഭിനയ വ്യക്തതയില്ലാതെ പോയി. എന്നാൽ അതുല്യ ചന്ദ്ര അഭിനയിച്ച സാന്ദ്ര എന്ന കഥാപാത്രം മികച്ചു നിന്നു. ഇന്നസെന്റ് , സലിം കുമാർ , ഹരീഷ് കണാരൻ , ധർമജൻ, അശോകൻ എന്നിവരുടെ ഹാസ്യ രംഗങ്ങൾ കുത്തിത്തിരുക്കിയതായി തോന്നി. എന്നാൽ മനോജ് കെ ജയൻ , മുകേഷ്, മണിയൻ പിള്ള രാജു എന്നിവർ ചിത്രത്തിന്റെ കഥയ്ക്ക് പലപ്പോഴും വേഗതയേകി. മറ്റു സിനിമകളിൽ ഞെട്ടിക്കുന്ന വില്ലന്മാരായി എത്തിയ സുരേഷ് കൃഷ്ണക്കും ദേവനും തികച്ചും വേറിട്ട കഥാപാത്രങ്ങളാണ് ഗാനഗന്ധർവ്വനിൽ ഉള്ളത്. അനൂപ് മേനോന്റെ അതിഥി വേഷമൊക്കെ കല്ലുകടിയായി തോന്നി. റാഫി , സുനിൽ സുഗത , അബു സലിം , സിദ്ദിക്ക് , ചാലി പാലാ , കലാഭവൻ പ്രജോദ് , രാജേഷ് ശർമ്മ , കുഞ്ചൻ , ജോണി ആന്റണി , സാദിഖ് , ബൈജു എഴുപുന്ന , കൊച്ചു പ്രേമൻ, ഷൈനി , സ്നേഹ ബാബു , സിതാര , ആര്യ, സിന്ധു വർമ്മ തുടങ്ങിയ വൻതാര നിര ചിത്രത്തിലുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ ചെയ്യേണ്ടിയിരുന്ന റോളുകൾ എല്ലാം തന്നെ സീനിയർ താരങ്ങൾ ചെയ്യുന്ന കാഴ്ച്ചയാണ് കാണേണ്ടി വന്നത്.

 

 

രമേശ് പിഷാരടി തന്റെ ആദ്യ ചിത്രമായ പഞ്ചവർണ്ണതത്തയെ പോലെ തന്നെ കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യമിട്ട് ചിത്രീകരിച്ചതാണ് ഈ “ഗാനഗന്ധർവ്വൻ”. മോശമെന്ന് പറയാനാകില്ല , എന്നാൽ വളരെ മികച്ചതുമല്ല.

 

 

 

You might also like