“ഗൗതമന്റെ രഥം” വെറുതെ ഒരു പടം – റിവ്യൂ

0

ഗൗതമന്റെ രഥം റിവ്യൂ: മീര ജോൺ

ഒരു കുടുംബത്തിനൊപ്പം ഒരു നാനോ കാറും പ്രധാന കഥാപാത്രമായി എത്തുന്നതാണ് “ഗൗതമന്റെ രഥം” എന്ന സിനിമ. ഒരു കുടുംബത്തിന് അവരുടെ ആദ്യ വാഹനത്തോടുള്ള ബന്ധമാണ് നവാഗതനായ ആനന്ദ് മേനോന്‍ ഗൗതമന്റെ രഥത്തിലൂടെ പറയാന്‍ ശ്രമിക്കുന്നത്. നീരജ് മാധവാണ് നായക കഥാപാത്രമായ ഗൗതമനായി വേഷമിടുന്നത്.

കുട്ടിക്കാലം മുതല്‍ക്കേ ഗൗതമിന് കാറുകള്‍ ഒരു അരത്ഭുതമായിരുന്നു. അതിന് കാരണം ഗൗതമന്റെ മുത്തശ്ശിയാണ്. സന്തോഷകരമായ ഗൗതമന്റെ കുടുംബത്തില്‍ ഗൗതമിന് ഏറ്റവും പ്രിയം മുത്തശ്ശിയാണ്. മുത്തശ്ശി ഗൗതമന് കുട്ടിക്കാലം മുതല്‍ക്കേ ധാരാളം കഥകള്‍ പറഞ്ഞു കൊടുക്കാറുണ്ട്. പുരാണ കഥകള്‍ സ്ഥിരമായി പറയുന്ന മുത്തശ്ശി, സിലോണില്‍ നിന്നും കാറില്‍ വന്നിറങ്ങുന്ന മുത്തശ്ശന്റെ കഥയും ഗൗതമന് പറഞ്ഞു കൊടുക്കുമായിരുന്നു. ഇതു തന്നെയാണ് ഗൗതമന് കാര്‍ ഒരു അത്ഭുതമായി മാറാന്‍ കാരണവും.

തന്റെ മകന്‍ ആഗ്രഹിച്ച പോലുള്ള കാര്‍ വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അച്ഛന്‍ മകനോട് പറയാതെ മകന് വേണ്ടി ഒരു നാനോ കാര്‍ വാങ്ങുകയും ആ കാറിന് നാണപ്പന്‍ എന്ന് പേരിടുകയും ചെയ്യുന്നു. നാണപ്പനെ ഒരു കുടുംബാംഗത്തെ പോലെ വീട്ടുകാര്‍ സ്‌നേഹിക്കുമ്പോള്‍ ഗൗതമന് നാണപ്പനോട് വെറുപ്പ് തോന്നുകയും ആ വെറുപ്പ് പിന്നീട് അവനോടുള്ള സ്‌നേഹമായി മാറുന്നതുമാണ് കഥ.

ഉദ്യേഗജനകമായ നിമിഷങ്ങളോ, നായകന് ശക്തനായ പ്രതിനായകനോ ഒന്നുമില്ലാതെ അകത്തും പുറത്തും പരിമിതികള്‍ ഏറെയുള്ള ഒരു കൊച്ചു നാനോ കാറിലെ യാത്ര പോലെയാണ് ചിത്രവും. ഒന്നാം പകുതി ഹാസ്യത്തിന് പ്രാധാന്യം നല്‍കി മുന്നോട്ടു പോകുമ്പോള്‍ രണ്ടാം പകുതി ഇമോഷണല്‍ ട്രാക്കിലൂടെയാണ് സഞ്ചരിക്കുന്നത്. രണ്ടാം പകുതിയില്‍ ചിത്രം കുടുംബ ബന്ധങ്ങളുടെ ആഴങ്ങളിലേയ്ക്കാണ് പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നത്. ഒപ്പം ഒരു 18 വയസ്സുകാരന്റെ ജീവിതത്തിലെ ബാലിശമെന്ന് തോന്നുന്ന നിമിഷങ്ങളും പ്രണയവും വിഷമങ്ങളും ഒക്കെ പറയാന്‍ ശ്രമിക്കുന്നു.

ക്യാരക്ടര്‍ റോളുകള്‍ മാത്രമല്ല നായകവേഷവും തനിക്ക് വഴങ്ങുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് നീരജ് മാധവ്. ഒരു ഇടവേളയ്ക്ക് ശേഷം തിരികെയെത്തിയ നീരജ് തന്റെ റോള്‍ ഗംഭീരമാക്കിയപ്പോള്‍ അച്ഛനായെത്തിയ രഞ്ജി പണിക്കറും, ബേസില്‍ ജോസഫും, ദേവി അജിത്തും, വല്‍സല മേനോനും അവരുടെ റോളുകള്‍ മികച്ചതാക്കി. വിഷ്ണു ശര്‍മയുടെ ഛായാഗ്രഹണവും അങ്കിത് മേനോന്റെ സംഗീത സംവിധാനവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന് നിറം പകര്‍ന്നു. വലിയ പ്രതീക്ഷകളൊന്നുമില്ലാതെ പോയാല്‍ ഒറ്റത്തവണ മാത്രം കണ്ടിരിക്കാവുന്ന ഒരു ചിത്രമാണ് ഗൗതമന്റെ രഥം.

You might also like