“ഹാപ്പി സർദാർ” കളർഫുള്ളാണ് പക്ഷേ പവർഫുള്ളല്ല – റിവ്യൂ.

0

ഹാപ്പി സർദാർ റിവ്യൂ: ധ്രുവൻ ദേവർമഠം

“ഹാപ്പി സർദാർ” ;പേരിലെ ഹാപ്പിയും കളർഫുള്ളായ വിഷ്വലുകളുമുള്ള ചിത്രം ഒറ്റ വാക്കിൽ അങ്ങനെ വിശേഷിപ്പിക്കാം. എന്നാൽ നവാഗതരായ സുദീപ് ഗീതിക ദമ്പതികൾ ഒരുക്കിയ ഹാപ്പി സർദാർ എന്ന കാളിദാസ് ജയറാം ചിത്രത്തെ തങ്ങളുടെ ആദ്യ സിനിമയ്ക്ക് ബോളിവുഡ് തട്ടുപൊളിപ്പൻ സിനിമകളുടെ നിറവും ഭംഗിയും വേഗവും കൊടുത്തപ്പോൾ സംവിധായകർ ആത്മാവ് കൊടുക്കാൻ മറന്നു എന്ന് വേണം പറയാൻ. മതമൈത്രിയും ഏക മതേതര ഭാരതം എന്ന സങ്കൽപ്പവും ജാതിയതയ്ക്ക് എതിരെ നിലകൊള്ളാനുള്ള ശ്രമവും ഉണ്ടായപ്പോൾ മനസ്സിനെ സ്പർശിക്കുന്ന മനോഹരമായൊരു കഥ നൽകാൻ അവർക്കായില്ല. അതു തന്നെയാണ് പ്രേക്ഷകരെ ഹാപ്പിയാക്കാൻ കഴിയാകാതെ പോയതിന്റെ കാരണവും.

 

 

 

നായകനായ കാളിദാസ് ജയറാം ഫാൻസിഡ്രസ് കോമ്പറ്റീഷന് പങ്കെടുത്തതുപോലെയാണ് സർദാർജി വേഷത്തിൽ താരത്തെ കണ്ടപ്പോൾ തോന്നിയത്. മനോഹരമായ പ്രണയരംഗങ്ങൾക്കുള്ള സാധ്യത ഉണ്ടായിട്ടും നായകനും നായികയ്ക്കും അതൊന്നും അഭിനയിച്ച് ഫലിപ്പിക്കുവാൻ ആയതുമില്ല. കഥയുടെ ആത്മാവും പ്രേക്ഷകരെ സിനിമയ്ക്ക് ഒപ്പം കൂട്ടേണ്ടിയിരുന്നതും അവരുടെ പ്രണയങ്ങളിലൂടെ ആയിരുന്നു താനും.

 

 

 

 

മുൻപ് പഞ്ചാബികളെയും, പഞ്ചാബും പശ്ചാത്തലമായി ഒരുക്കപ്പെട്ട ചിത്രങ്ങൾ എല്ലാം തന്നെ മലയാളത്തിൽ ഇറങ്ങിയപ്പോൾ വൻ വിജയങ്ങളായിട്ടുണ്ട്. അതിൽ ആദ്യമായി ബോക്സ് ഓഫീസിൽ പരാജയമടയാൻ പോകുന്ന ചിത്രവും ഇതായിരിക്കും എന്ന് പറയാം.

 

 

 

ശ്രീനാഥ് ഭാസി, സിദ്ദിഖ്, ബാലു വർഗ്ഗീസ്, സിനിൽ സൈനുദീൻ, മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വതി, സിദ്ധി മഹാജന്‍കട്ടി, ജാവേദ് ജഫ്റി , ഷറഫുദ്ദീൻ, വിജിലേഷ്, പ്രവീണ എന്നിവർ വലിയ തരക്കേടില്ലാതെ അവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നെ പറയാനാവു. തിരക്കഥയിലെ പാളിച്ചതന്നെയാണ് താരങ്ങളുടെ പ്രകടനത്തെയും ബാധിച്ചതെന്ന് ചിത്രം കാണുന്നവർക്ക് മനസ്സിലാകും.

 

 

 

ക്നാനായ സഭക്കാരനായ ജോയിസിയുടെയും കുടുംബത്തിന്റെയും പഞ്ചാബിലെ രാഷ്ട്രീയക്കാരനായ ഇന്ദ്രപാലിന്റെയും കുടുംബത്തിന്റെയും ഇടയിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെത്. സംവിധായകർ പഴയ പ്രിയദർശൻ റാഫിമെക്കാർട്ടിൻ സിനിമകളുടെയും പുത്തൻപതിപ്പുണ്ടാക്കാനാണ് ശ്രമിച്ചിട്ടുള്ളത്. സ്വന്തം ഐഡന്റിറ്റി അവർക്ക് സംവിധാനത്തിൽ പകർത്താൻ ആയോ എന്നതും സംശയമാണ്. ചിത്രത്തിനായി ഒരുക്കിയ ഒരൊറ്റ ഗാനം പോലും മനസ്സിൽ തങ്ങിനിൽക്കുന്നവയല്ല. മനോഹരങ്ങളായ വിഷ്വലുകൾ ഒരുക്കുന്നതിൽ പതിവ് പോലെ അഭിനന്ദം രാമാനുജൻ വിജയിച്ചിട്ടുണ്ട്. മോശമല്ലാത്ത എഡിറ്റിങ്ങും ചിത്രത്തിന് തുണയായിട്ടുണ്ട്. കോസ്റ്റ്യൂം കണ്ടിന്യൂയിറ്റ് പല സ്ഥലങ്ങളിലും കൈവിട്ട് പോയിട്ടുണ്ട്.

 

 

 

ചുരുക്കി പറഞ്ഞാൽ സിനിമയുടെ പേരിലെ കളർഫുള്ളിന്റെയും ഹാപ്പിനസിന്റെയും പേരിൽ ടിക്കറ്റ് എടുത്താൽ പ്രേക്ഷകർക്ക് കൈനഷ്ട്ടവും സമയനഷ്ട്ടവും ഉണ്ടാകുമെന്ന് ചുരുക്കം. മികച്ചൊരു ചിത്രവും വൻ വിജയവുമായി സംവിധായകർ വീണ്ടും തിരിച്ചെത്തട്ടെ എന്ന് ആശംസിക്കുന്നു.

 

 

 

You might also like