ഹൃദയസ്പർശിയായ “ഹെലൻ” – റിവ്യൂ

0

ഹെലൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

മലയാളത്തിൽ സർവൈവൽ ശ്രേണിയിലുള്ള ചിത്രങ്ങൾ വളരെക്കുറച്ചു മാത്രമേ ഉണ്ടായിട്ടുള്ളു. ഭരതൻ സംവിധാനം ചെയ്ത മാളൂട്ടിയാണ് മലയാളത്തിലെ എടുത്തു പറയാവുന്ന സർവൈവൽ ചിത്രങ്ങളിൽ ഒന്ന് അത്തരത്തിൽ മലയാളത്തിന് ഇനി ധൈര്യമായി മുന്നോട്ട് വെയ്ക്കാൻ ഒരു ചിത്രം കൂടി എത്തിയിരിക്കുന്നു “ഹെലൻ”.

 

 

 

വലിയ താരനിരകൾ ഉണ്ടെങ്കിൽ മാത്രമേ സിനിമ വിജയിക്കാൻ സാധ്യത ഉള്ളു എന്ന് ധരിച്ചു വച്ചിരിക്കുന്ന നിർമ്മാതാക്കൾ കൂടി പഠിക്കേണ്ടതാണ് ഇതുപോലുള്ള സിനിമകൾ എങ്ങനെയാണ് പ്രേക്ഷകർക്ക് ഉള്ളിലേക്ക് കയറുന്നത് എന്നത്. മാത്തുക്കുട്ടി സേവ്യർ എന്ന നവാഗത സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രം കൂടിയാണിത്. സിനിമയുടെ ഓരോ ഏര്യയയും വളരെ മനോഹരമായി തന്നെ സംവിധായകൻ കാഴ്ച്ചക്കാർക്കായി ഒരുക്കിയതിന്റെ ഫലം തീയറ്ററിൽ എത്തുന്ന ഓരോ കാഴ്ച്ചക്കാർക്കും കിട്ടുന്നുമുണ്ട്.

 

 

 

ഹെലൻ പോൾ എന്ന ഇരുപത്തിയഞ്ചുകാരിയായി അന്നബെൻ തന്റെ രണ്ടാമത്തെ ചിത്രവും മനോഹരമാക്കിയിരിക്കുന്നു. സ്വാഭാവികമായ അഭിനയം കൊണ്ടു തന്നെയാണ് താരം പ്രേക്ഷക ഹൃദയങ്ങളിലേക്ക് കുടിയേറുന്നത്. അജു വർഗ്ഗീസ് എന്ന താരത്തിന് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷമാണ് ചിത്രത്തിൽ ലഭിച്ചിരിക്കുന്നത്. അതിഥി വേഷത്തിൽ എത്തിയ വിനീത് ശ്രീനിവാസനും കൈയ്യടി വാങ്ങുന്നുണ്ട് ചിത്രത്തിൽ. നോബിൾ എന്ന നിർമ്മാതാവാണ് സിനിമയിൽ നായകനായെത്തിയിരിക്കുന്നത്. വളരെയധികമൊന്നും ചെയ്യാൻ ഇല്ലെങ്കിലും ഉള്ള രംഗങ്ങൾ എല്ലാം ഭംഗിയാക്കിയിട്ടുണ്ട്. ശ്രമിച്ചാൽ നോബിളിന് നായകവേഷത്തിൽ തിളങ്ങാൻ ഇനിയും സാധിക്കും. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ലാലിൻറെ പോൾ എന്ന കഥാപാത്രമാണ്. ഈ അടുത്ത കാലത്ത് ലാൽ ചെയ്ത കഥാപാത്രങ്ങളിൽ മുന്നിട്ട് നിൽക്കും ഈ അച്ഛൻ കഥാപാത്രം.

 

 

 

മാളിലെ ഹെലൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മാനേജറായി എത്തിയ ഡോക്ടർ റോണിയും തന്റെ വേഷം വളരെ മനോഹരമാക്കി. മാളിലെ സെക്യൂരിറ്റിയായി അഭിനയിച്ച താരവും അജുവിന്റെ കഥാപാത്രത്തിനൊപ്പം പോലീസുകാരനായി അഭിനയിച്ച താരവും വർഷങ്ങളായി മലയാളത്തിൽ ചെറിയ ചെറിയ വേഷങ്ങളിൽ വന്നു പോകുന്നവരാണ്. അവരെ പോലും ചെറുവേഷമായിരുന്നിട്ടും സംവിധായകൻ വളരെ മനോഹരമായി തന്നെ ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം, ഛായഗ്രഹണം, വസ്ത്രാലങ്കാരം ,ചമയം, ചിത്രസംയോജനം എന്നിവയെല്ലാം വളരെ മനോഹരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുണ്ട് സംവിധായകൻ.

 

 

 

വിദേശത്തേക്ക് പോകാൻ തയ്യാറെടുക്കുന്ന ഹെലൻ പോൾ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ യാഥർശ്ചികമായി ഉണ്ടാകുന്ന അപകടവും അതിൽ നിന്ന് അവൾ എങ്ങനെയാകും രക്ഷപ്പെടുക എന്നതുമാണ് ചിത്രത്തിന്റെ പ്രധാന കഥാസാരം.അപ്പനും മകളും തമ്മിലുള്ള സൗഹൃദവും വ്യത്യസ്ത മതത്തിൽപ്പെട്ട കാമുകനും കാമുകിയും തമ്മിലുള്ള അടുപ്പവും അവരുടെ ജീവിതത്തിൽ ഇടപെടുന്ന പോലീസുകാരനും വഷളനായ ഓട്ടോ ഡ്രൈവറും അങ്ങനെ തുടങ്ങി വരുന്ന കഥാപാത്രങ്ങൾ ഒക്കെയും കൃത്യമായി പകപ്പെടുത്തി കാഴ്ച്ചക്കാർക്ക് സമ്മാനിക്കാൻ സാധിച്ചതിൽ സംവിധായകന് അഭിമാനിക്കാം. “ഹെലൻ” ഈ വർഷമിറങ്ങിയ മനോഹര ചിത്രങ്ങളിൽ ഒന്നാണ്. തീയറ്ററിന്റെ തണുപ്പിൽ തന്നെ ഈ സിനിമ കാണണം. മനോഹരമായ ഈ ചിത്രത്തിന് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം.

 

 

 

You might also like