ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കച്ചവട സിനിമ…!!

0

ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിവ്യൂ: പ്രിയ തെക്കേടത്

 

 

 

‘നോട്ട് എ ഡോൺ സ്റ്റോറി ‘എന്ന ടാഗ്‌ലൈനോടെ “ഇരുപത്തിയൊന്നാം നൂറ്റാണ്ട്” പ്രദർശനത്തിനെത്തി. എന്ത്കൊണ്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകർക്ക് പ്രതീക്ഷ നൽകി എന്നതിന് രണ്ട് ഉത്തരമാണ് ഉള്ളത് ഒന്ന് രാമലീല എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അരുൺ ഗോപി എന്ന സംവിധായകന്റെ രണ്ടാമത്തെ സിനിമ എന്നത്. രണ്ടാമത്തെ കാര്യം അത് മോഹൻലാലിന്റെ മകൻ തന്നെയാണ്. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയിലൂടെ മികച്ച നായക തുടക്കം കുറിച്ച പ്രണവ് ഇപ്പോൾ അപ്പുവായാണ് എത്തിയിരിക്കുന്നത് .ആദിയിൽ ചാടി മറിയുന്ന പ്രണവിനെയാണ് കണ്ടതെങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കാമുകനായി ആടിപ്പാടുന്ന അപ്പുവിനെയാകും കാണാനാകുക. താരപുത്രന്റെ രണ്ടാം വരവ് ആദ്യ സിനിമയിൽ നിന്ന് വ്യത്യസ്തം തന്നെയെന്ന് വ്യക്തം.

 

 

 

 

 

 

 

 

‘ഇരുപതാം നൂറ്റാണ്ട്’ എന്ന മോഹൻലാൽ ചിത്രവുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല. ഒരുകാലത്ത് ഗോവയിൽ അധോലോകവും ക്വട്ടേഷനുമൊക്കെയായി വിലസി നടന്നിരുന്ന ബാബ(മനോജ് കെ ജയൻ)യുടെ മകനാണ് അപ്പു (പ്രണവ് മോഹൻലാൽ). എന്നാൽ അപ്പു, അപ്പനെപ്പോലെയല്ല. തല്ലിനും ബഹളത്തിനുമൊന്നും പോകാതെ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലർത്തുകയാണ് അവന്റെ ലക്ഷ്യം. അവന്റെ ഇഷ്ടവിനോദമാകട്ടെ സർഫിങും. എന്നാൽ ഇപ്പോഴും എന്തെങ്കിലുമൊക്കെ അടിപിടിക്കേസുമായി ബാബ പ്രശ്നങ്ങൾ ഉണ്ടാക്കും. അതൊക്കെ പരിഹരിച്ച് മുന്നോട്ടുപോകുന്ന സന്തുഷ്ട കുടുംബത്തെ ചിത്രത്തിൽ കാണാം.

 

 

 

 

 

 

 

 

അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ (സായ് ഡേവിഡ് ) കടന്നുവരുന്നു. സായയുമായുള്ള അപ്പുവിന്റെ പ്രണയം; ശേഷം അപ്പുവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പറയുന്നത്.

 

 

 

 

 

 

 

ചിത്രത്തിന്റെ ആദ്യ പകുതി ഗോവയിലും രണ്ടാം പകുതി കേരളത്തിലാണ്. പ്രണയിനിയെ സ്വന്തമാക്കാൻ കാമുകൻ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ആക്‌ഷനും പ്രണയവും കോർത്തിണക്കിയാണ് സംവിധായകൻ അരുൺ ഗോപി ചിത്രം ഒരുക്കിയിരിക്കുന്നത്. ഗോവൻ പശ്ചാത്തലത്തിൽ ചെറിയ തമാശകളും പ്രണയവുമായി പതിഞ്ഞ താളത്തിൽ നീങ്ങുന്ന ആദ്യ പകുതി ഇടവേളയ്ക്ക് ശേഷം ആക്ഷൻ രംഗങ്ങളിലേക്ക് കടക്കുന്നു.

 

 

 

 

 

 

 

ആദ്യ പകുതിയില്‍ കഥ സ്വല്‍പം ഇഴച്ചിലുണ്ടാക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ കഥ കേരളത്തില്‍ എത്തുന്നതോടെ കഥയുടെ വേഗം കൂടുന്നുണ്ട്. എന്നാൽ ഒടുവിൽ സിനിമ അവസാനിക്കുമ്പോൾ നല്ലത് എന്തൊക്കെ എന്ന് പറയാൻ അധികം ചിന്തിക്കേണ്ടി വരില്ല. വികലമായ സംഭാഷണങ്ങളും അഭിനയവും നിറഞ്ഞ സിനിമയിൽ ചുരുക്കം ചില നർമ്മ മുഹൂർത്തങ്ങളും ആക്ഷനും ഒഴിച്ച് നല്ലതൊന്നും പറയാനില്ല.

 

 

 

 

 

 

 

വർഗീയത, കുട്ടികൾക്കു നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ, രാഷ്ട്രീയ പകപോക്കൽ എന്നിങ്ങനെയുള്ള സമകാലിക സാമൂഹിക പ്രശ്നങ്ങളെ കൂടി പ്രതിപാദിക്കുന്നുണ്ട് ചിത്രം. സ്വന്തം വീട്ടിൽപോലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വസ്തുത ഒന്നുകൂടി ഓർമപ്പെടുത്തുന്നു ഈ ചിത്രം. അരുൺ ഗോപി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിരിക്കുന്നത്. ആദിയിലെ ആദിത്യ മോഹനിൽ നിന്നും അപ്പുവിലേക്ക് എത്തുമ്പോൾ അഭിനയത്തിൽ പ്രണവ് അൽപം മാത്രം മെച്ചപ്പെട്ടെന്നെ പറയാനാകൂ.. എന്നാലും അപ്പുവെന്ന കഥാപാത്രത്തോട് നീതിപുലർത്താൻ പ്രണവിന് കഴിഞ്ഞു.

 

 

 

 

 

 

 

 

തന്റെ ആദ്യ ചിത്രത്തില്‍ അത്ര നല്ല പ്രകടനമല്ല നായിക സായ കാഴ്ച വച്ചത് എന്ന് തന്നെ പറയേണ്ടി വരും. എങ്കിലും പുതുമുഖ നായിക എന്ന നിലയ്ക്ക് മലയാള സിനിമക്ക് പ്രതീക്ഷ കൂടിയാണ്. സിനിമയില്‍ സായക്കും പ്രണവിനും പുറമേ പ്രധാനകഥാപാത്രമായി എത്തുന്ന അഭിഷേക് രവീന്ദ്രൻ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. പലയിടങ്ങളിലും തിയേറ്ററില്‍ ചിരി പടര്‍ത്താന്‍ അഭിഷേകിന് കഴിഞ്ഞു. ധര്‍മ്മജന്റെയും ബിജു കുട്ടന്റെയും കഥാപാത്രങ്ങള്‍ വളരെ കുറച്ചെയുള്ളങ്കിലും തിയേറ്ററില്‍ ചിരിപ്പടർത്താൻ ഇരുവര്‍ക്കുമായി. മനോജ് കെ ജയനും, കലാഭവന്‍ ഷാജോണും, സിദ്ദിക്കും, ഗോകുൽ സുരേഷ് ലഭിച്ച കഥാപാത്രങ്ങൾ മനോഹരമാക്കി.

 

 

 

 

 

 

 

 

ചില മോഹൻലാൽ ഡയലോഗുകൾ കൈയ്യടി നേടാൻ സംവിധായകൻ ചിത്രത്തിൽ ഉള്പെടുത്തിയിട്ടുണ്ട്‌കിലും അതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല .ഗാനങ്ങൾ അത്ര ഗംഭീരമായി തോന്നിയില്ല എങ്കിലും ഗോപി സുന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതം മികച്ചതാണ്. പീറ്റർ ഹെയ്‌ൻ പതിവ് തെറ്റിച്ചില്ല; പ്രണവിന്റെ സംഘട്ടന രംഗങ്ങൾ പടത്തിന്റെ നല്ല ഘടകങ്ങളിൽ ഒന്നാണ്. അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണം ദൃശ്യങ്ങൾ മനോഹരമായി ഒപ്പിയെടുത്തു. എന്നാൽ ക്ലൈമാക്‌സിലെ ഗ്രാഫിക്‌സും വെറും ശരാശരിയായിരുന്നു. ഛായഗ്രഹണത്തില്‍ ചില ഷോട്ടുകള്‍ അതി മനോഹരമായിരുന്നു. എങ്കിലും ഛായഗ്രഹണം കൊണ്ട് മികച്ചതെന്ന് പറയാന്‍ പറ്റിയ അല്ലെങ്കില്‍ മനസില്‍ തങ്ങി നില്‍ക്കുന്ന ഫ്രെയിമുകള്‍ കുറവ് തന്നെയാണ്. അതിനു കാരണം മലയാള സിനിമയിൽ കണ്ടു പഴകിയ കഥാരംഗങ്ങളിലൂടെയുള്ള സഞ്ചാരം തന്നെയാണ്. മോഹൻലാലിന്റെ മകൻ , പുലിമുരുകൻ നിർമ്മാതാവ് , രാമലീല സംവിധായകൻ , പീറ്റർ ഹെയ്‌ൻ ആക്ഷൻ , ഗോപി സുന്ദർ സംഗീതം എന്നീ കച്ചവട സാധ്യതകള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ട് തയാറാക്കിയ കഥയാണെന്ന തോന്നലാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ ഒടുവിൽ പ്രേക്ഷകന് നല്‍കുന്നത്. നിങ്ങൾ വെറുതെ സമയവും , കയ്യിൽ കാശുണ്ടോ എങ്കിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിനു ടിക്കറ്റ് എടുക്കാം ..

 

 

 

 

 

 

 

 

You might also like