പേടിപ്പിക്കാൻ കഷ്ടപ്പെടുന്ന “ഇഷ” – റിവ്യൂ വായിക്കാം.

0

ഇഷ റിവ്യൂ: ധ്രുവൻ ദേവർമഠം

സ്ഥിരം ക്ലീഷേ പ്രേതകഥ ഒറ്റ വാക്കിൽ അങ്ങനെ പറയാം “ഇഷ” എന്ന ചിത്രത്തേക്കുറിച്ച്. മലയാളത്തിലെ സീനിയർ സംവിധായകരിൽ ഒരാളായ ജോസ് തോമസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. സംവിധായകനും ടീമും വളരെ മികച്ച ഹൊറർ അനുഭവം നൽകുന്ന ചിത്രമായിരിക്കും എന്ന് അവകാശപ്പെട്ട് ഇഷയെ തീയറ്ററിൽ കാണാൻ പ്രേക്ഷകരോട് ആവശ്യപ്പെട്ട് തീയറ്ററിൽ എത്തിക്കുമ്പോൾ വളരെ മോശം അനുഭവമാണ് സിനിമ പ്രേക്ഷകർക്ക് നൽകുന്നത്.

 

സിരിയൽ നിലവാരത്തിൽ നിന്നും താഴെയാണ് ചില നേരത്തെങ്കിലും ഇഷചെന്ന് എത്തി നിൽക്കുന്നത്. ഏറെക്കുറെ പുതുമുഖങ്ങളാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടുമിക്കവരുടെയും അഭിനയം ശരാശരിക്കും താഴെമാത്രമായേ അനുഭവിക്കുവാൻ സാധ്യമാവുകയുള്ളു. തുടങ്ങി ഒരു പത്ത് മിനുറ്റ് ആകുമ്പോഴെക്കും ഈ സിനിമയുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് സാധാരണ പ്രേക്ഷകർക്ക് പോലും ഊഹിച്ചെടുക്കാവുന്ന ഒന്നായി മാറുമ്പോൾ സിനിമ ആ നീമിഷം തന്നെ കൈവിട്ടകളിയായി തീരുന്നുവെന്ന് ചുരുക്കം.

 

തന്റെ സ്ഥിരം തട്ടകമായ ഹാസ്യത്തെയും മുഖ്യധാര താരങ്ങളെയും കൈവിട്ട് ഒരു മാറ്റത്തിന് ശ്രമം നടത്തി എന്നുള്ളത് അഭിനന്ദനാർഹമാണെങ്കിലും. ആദ്യമായി സിനിമയുടെ മുഴുനീള രചന നിർവ്വഹിച്ചപ്പോൾ എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹം പരാജയമടയുന്നു എന്നത് ചിത്രം കാണുന്ന ഏതൊരാൾക്കും മനസ്സിലാകും. പ്രേതകഥകൾ പറയുമ്പോൾ ദുരൂഹത നിറഞ്ഞ ബംഗ്ലാവ് എന്ന സംങ്കൽപ്പം ഈ സിനിമയിലും പിൻതുടരുന്നു.കോൺ ജുറിങ്ങ് പോലുള്ള സിനിമകളിൽ കാണിച്ചതു പോലെ വികൃതമുഖമുള്ള പ്രേതസങ്കൽപ്പം തന്നെയാണ് ഈ സിനിമയിലും സംവിധായകൻ പിൻതുടർന്നിരിക്കുന്നത്. ആധുനിക സാങ്കേതികത വളർന്ന കാലത്ത് വെള്ളസാരി സങ്കൽപ്പത്തിന് മാത്രമേ മാറ്റമുള്ളു എന്ന് ചുരുക്കം.

 

ബിൽഡപ്പിന് വേണ്ടി പലയിടങ്ങളിലും വാരി വിതറിയിരിക്കുന്ന ബിജിഎം ചിലനേരങ്ങളിലെങ്കിലും പ്രേക്ഷകർക്ക് അലോസരമായി തീരുന്നുണ്ട്. മറ്റൊന്ന് ചിത്രത്തിലെ പ്രേതാനുഭങ്ങൾ ഒരുക്കാൻ വേണ്ടി ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സുകളാണ്. ദയനീയമാണ് ഗ്രാഫിക്സിന്റെ അവസ്ഥ ചിത്രത്തിൽ. മനോഹരമായ ഒരൊറ്റ ഫ്രെയിമുകൾ പോലും ഒരുക്കാൻ ചിത്രത്തിന്റെ ഛായാഗ്രാഹകന് സാധിക്കാതെ പോയതും നിരാശ സമ്മാനിക്കും കാഴ്ച്ചകാർക്ക്. അത്രമേൽ അറു ബോറൻ ലൈറ്റിങ്ങ് പാറ്റേൺ പോലുമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

 

അഭിനേതാക്കളിൽ ഏറെയും പുതുമുഖങ്ങളാണ്. അവരുടെ അഭിനയമാകട്ടെ ഏറെ ക്രിത്രിമത്വം നിറഞ്ഞതും. അതും സിനിമയ്ക്ക് ബാധ്യതയാകുന്നുണ്ട്. കിഷോർ സത്യ, ഇഷ, മാർഗരറ്റ് ആന്റണി, അഭിഷേക് വിനോദ്, വി കെ ബൈജു, വിജയ് മേനോൻ  തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

വിജനമായ ഒരു മൈതാനം പോലുള്ള പുൽമേട്ടിൽ ബോൾ എടുക്കാൻ വേണ്ടി പോകുന്ന ഏയ്ഞ്ചലിനെ പ്രേതം പേടിപ്പിക്കുന്ന സ്വപ്നരംഗത്തോടെയാണ് ചിത്രത്തിന്റെ ആരംഭം. തുടർന്ന് ഹൈറേഞ്ചിലെ തോട്ടം മേഖലയിൽ നടക്കുന്ന ഒരു കൊലപാതകത്തിന്റെ ടെലിവിഷൻ വാർത്തയിലേക്ക് ചിത്രം വഴി മാറുന്നു. കൊല്ലപ്പെട്ട ഇഷാലക്ഷ്മിയെന്ന പെൺകുട്ടിയുടെ മരണകാരണത്തിലൂടെയാണ് സിനിമയുടെ സഞ്ചാരം . പോലീസുകാർ പെൺകുട്ടിയുടെ കൊലപാതകം നടത്തിയ ആളെ അറസ്റ്റ് ചെയ്യുന്ന രംഗത്തിലേക്ക് എത്തുന്നതും തുടർന്ന് പോലീസ് സ്റ്റേഷനിൽ നിന്ന് അയാളെ കോടതിയിലേക്ക് കൊണ്ടു പോകുന്ന രംഗത്തിൽ മാർട്ടിൻ എന്ന അയാളുടെ മുതലാളിയുടെ രംഗപ്രവേശം കൂടിയാകുമ്പോൾ കഥയുടെ സഞ്ചാരം ഏങ്ങനെയായിരിക്കുമെന്നും അത് എവിടെ അവസാനിക്കുമെന്നതും പ്രേക്ഷകന് ഊഹിക്കാവുന്ന തരത്തിലേക്ക് വഴിമാറും. പിന്നീട് അങ്ങോട്ട് അവൾ കൊല്ലപ്പെട്ട ബംഗ്ലാവിൽ താമസ്സിക്കാൻവരുന്ന മാർട്ടിൻ എന്ന മുതലാളിയുടെ (വിവാഹ മോചനം നേടിയ ) രണ്ടാം ഭാര്യയും കുടുംബവും അയാളുടെ കുഞ്ഞുമോളുടെ ശരീരത്തിൽ പ്രവേശിക്കുന്ന പ്രേതം ഇരുട്ടുമുറിയിലെ പ്രേതത്തിന്റെ പ്രകടനങ്ങൾ. അതിനിടയിൽ പ്രേതത്തെ കീഴ്പ്പെടുത്താൻ എത്തുന്ന കിഷോർ സത്യയുടെ മുനവർ എന്ന കഥാപാത്രം. ഏറെക്കുറെ ഡോക്ടർ സണ്ണിയെ പോലെയുള്ള കഥാപാത്രങ്ങളെ അനുകരിക്കാനുള്ള താരത്തിന്റെ ശ്രമവും കല്ലുകടിയാകുന്നു .

 

ശരിക്കും പറഞ്ഞാൽ തീയറ്ററിൽ ഒരു മണിക്കൂർ അമ്പത്തി ഒൻപത് മിനുറ്റോളമുള്ള ബോറൻ മണിക്കൂറുകൾ ഒരുക്കുന്ന ദുരന്ത അവസ്ഥ.. എന്തായാലും ‘ഇഷ’ എന്ന ഹൊറർ സിനിമ പ്രേക്ഷകനെ ബോറടിയുടെ പരകോടിയിൽ എത്തിക്കും എന്നതിൽ തർക്കമില്ലെന്ന് സാരം. ജോസ് തോമസിനെ പോലെ കഴിവുള്ള സംവിധായകൻ അടുത്ത സിനിമ ഒരുക്കുമ്പോഴെങ്കിലും പ്രേക്ഷകനെ ഓർത്തു കൊണ്ട് ആകും എന്ന് വിശ്വസിക്കാം. ഹൊറർ സിനിമ കാണാൻ ഇഷ്ട്ടമുള്ളവർക്ക് ഒരു കഠിന പരീക്ഷണം എന്ന നിലയിൽ ഈ സിനിമയ്ക്ക് ടിക്കറ്റ് എടുക്കാം.

 

Isha Malayalam Movie Review. Isha horror malayalam movie directed by Jos Thomas starring Kishore Sathya, Isha etc.

 

You might also like