വെറും പ്രണയമല്ല “ഇഷ്ക്”, മറുപടിയാണ് ….!!

0

ഇഷ്ക് റിവ്യൂ: പ്രിയ തെക്കേടത്

 

 

കൊച്ചിക്കാരൻ ടെക്കിയായ സച്ചിയും, അവന്‍റെ കോട്ടയം കാരി കോളേജ് വിദ്യാർത്ഥിയായ വസുധ എന്ന കാമുകിയുടെയും പ്രണയമാണ് “ഇഷ്‌ക്” . എന്നാൽ ടാഗ്‌ലൈൻ സൂചിപ്പിക്കുന്ന പോലെ ഇഷ്‌ക് ഒരു പ്രണയകഥയുമല്ല. ഇഷ്‌ക്കിനെത്തുന്ന ഓരോരുത്തരെയും ഇരുത്തി ചിന്തിപ്പിക്കുന്ന ചിത്രമാണ് അനുരാജ് മനോഹറിന്റെ ഇഷ്‌ക്.

 

 

 

സദാചാരക്കാർക്കുള്ള ചെകിട്ടത്തടിയാണ് ഇഷ്‌ക്. ഇന്നത്തെ കാലത്ത് ഇത്തരത്തിൽ ഉള്ള ഒരു ചിത്രത്തിന്റെ പ്രസക്തി വളരെവലുതാണ്. സദാചാര പോലീസിങ്ങിന് ഇരയായ നിരവധിപേരാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി മരിച്ചിട്ടുള്ളത്. ആണും പെണ്ണും ഒരുമിച്ചിരുന്നാൽ പൊട്ടുന്ന കുറവുള്ള സദാചാരക്കാർക്ക് ഈ സിനിമ വലിയൊരു തലവേദയവുമെന്ന കാര്യത്തിൽ നൂറു ശതമാനം ഉറപ്പാണ്.

 

 

 

 

ഒരു നാൾ‌ രാത്രി, ലേക് ഷോര്‍ ആശുപത്രിയുടെ‌ പാർക്കിംഗ് ഏരിയയിൽ വെച്ച് ഇരുവർക്കുമുണ്ടാകുന്ന മോറൽ പോലീസിംഗ് അനുഭവത്തെ ആസ്പദമാക്കിയാണ് ‘ഇഷ്ക്’ എന്ന സിനിമ മുന്നോട്ട്‌ പോകുന്നത്. വളരെ പതുക്കെ പറഞ്ഞ് തുടങ്ങിയ സിനിമ പിന്നീടങ്ങോട്ട് പിരിമുറുക്കം സൃഷ്ടിക്കുകയാണ്. ഇരുവരും കാറിൽ ഒരു യാത്ര പോകുന്നതും രാത്രി അവർക്ക് സദാചാര പൊലീസുകാരിൽ നിന്ന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളാണ് സിനിമയുടെ ഇതിവൃത്തം.

 

 

 

ആദ്യ പകുതിയുടെ ആദ്യ 30 മിനിട്ട് അമ്മയും സഹോദരിയുമടങ്ങുന്ന സച്ചിയുടെ സന്തോഷകരമായ ജീവിതത്തെ അനാവരണം ചെയ്യുമ്പോൾ പിന്നീടുള്ളത് സച്ചിയും കാമുകി വസുധയും അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ചാണ്.

 

 

 

ഓരോ മിനിട്ടിലും ത്രില്ലിംഗ് സ്വാഭാവം നിലനിറുത്തി മുന്നോട്ട് പോകുന്ന സിനിമ ക്ളൈമാക്സിൽ വീണ്ടും ഒന്നുകൂടി ഞെട്ടിക്കും. പരമ്പരാഗത പ്രണയ സിനിമാ സങ്കൽപങ്ങളുടെ പൊളിച്ചെഴുത്ത് കൂടിയാണ് ഈ സിനിമ. സദാചാര ആക്രമണങ്ങൾക്കെതിരെ പ്രതിഷേധിച്ചു കൊണ്ട് യൂ ട്യൂബിലും മറ്റും ഹ്രസ്വചിത്രങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. എന്നാൽ, ഇത്രയും ശക്തമായും അതിലേറെ അതേനാണയത്തിൽ തിരിച്ചടി നൽകുന്ന പ്രമേയവുമായി ഒരു ഹ്രസ്വചിത്രവും ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല.

 

 

 

 

പത്തോ പന്ത്രണ്ടോ മിനിട്ടിൽ ഒതുങ്ങുന്ന ഇത്തരമൊരു പ്രമേയത്തെ ബിഗ് സ്ക്രീനിലേക്ക് പറിച്ചു നട്ടപ്പോൾ അത് കേവലമൊരു പ്രണയകഥ മാത്രമായി ഒതുങ്ങാതിരിക്കുന്നതിൽ സംവിധായകൻ അതീവശ്രദ്ധ പുലർത്തിയിരിക്കുന്നു. സദാചാരവാദികളുടെ ചെകിടടച്ചുള്ള മറുപടി എങ്ങനെ ആയിരിക്കണമെന്ന് സിനിമ കാണിച്ചുതരുന്നുവെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്.

 

 

 

 

ആൻ ശീതളാണ് നായികയായി എത്തുന്നത്. ഷൈൻ ടോം ചാക്കോയുടെ‌ പ്രകടനം അസാമാന്യമാണ്. ഒപ്പം ഗംഭീര പ്രകടനത്തോടെ ഷെയ്ൻ നിഗവും മുന്നിട്ട് നിന്നു. ലിയോണ ലിഷോയി, ജാഫർ ഇടുക്കി, സ്വാസിക തുടങ്ങിയവർ മറ്റ് പ്രമുഖ വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഉൾപ്പെടെയുള്ളവരുടെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്ന അനുരാജ് മനോഹർ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇഷ്ക്. ഇ ഫോർ എന്‍റര്‍ടെയ്ൻമെന്‍റ്സും എ.വി.എ പ്രൊഡക്ഷൻസും ചേർന്ന് നിർമ്മിച്ചിരിക്കുന്നതാണ് ചിത്രം. ക്യാമറ കാഴ്ചകളും, ചിത്രത്തിന്‍റെ എഡിറ്റിംഗ് പെയ്സുമെല്ലാം കഥയോട്‌ ബന്ധപ്പെട്ട് നിൽക്കുന്നു. സംവിധായകന്‍റെ കയ്യടക്കം ചിത്രത്തിൽ ഉടനീളം നിഴലിക്കുന്നുമുണ്ട്. ആകാംക്ഷയും, ഭയവും, ദേഷ്യവുമെല്ലാം കുമിഞ്ഞ് കൂടുന്ന അനുഭവം സൃഷ്ടിക്കുന്നതിൽ തിരക്കഥാകൃത്തായ രതീഷ് രവി അഭിനന്ദനം നേടുന്നു. ജേക്സ് ബിജോയുടെ മാസ്മരിക സംഗീതവും ചിത്രത്തിന് മാറ്റ് കൂട്ടുന്നു. സിദ് ശ്രീറാം ആദ്യമായ് മലയാളത്തിൽ പാടുന്ന ചിത്രം കൂടിയാണ് ഇഷ്ക്.

 

 

 

You might also like