“ഇട്ടിമാണി മെയ്ഡ് ഇൻ ചൈന”. മോഹൻലാൽ സിംപിളാണ് .. റിവ്യൂ വായിക്കാം.

0

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന റിവ്യൂ: ധ്രുവൻ ദേവർമഠം

മോഹൻലാൽ എന്ന സൂപ്പർ താരത്തെ സാധാരണക്കാരനായി അവതരിപ്പിക്കുവാനുള്ള ശ്രമമാണ് “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” എന്ന ചിത്രം. നവാഗതരായ ജിബു ജോജി എന്നിവർ ചേർന്നാണ് അവരുടെ തന്നെ തിരക്കഥയിൽ സിനിമ ഒരുക്കിയത്. സത്യത്തിൽ മോഹൻലാൽ എന്ന നടന്റെ കരിയറിൽ ഈ ചിത്രം പേരിലുള്ള പുതുമ മാത്രമേ നൽകുന്നുള്ളു. മികച്ചൊരു സന്ദേശം പറയുവാൻ ശ്രമിക്കുന്നു എന്നത് മാത്രമാണ് ഇട്ടിമാണി എന്ന ചിത്രത്തിന്റെ പ്രത്യേകത.

 

 

 

എന്തിനും കമ്മീഷൻ പേശി വാങ്ങുന്നയാളാണ് ഇട്ടിമാണി. അത്തരത്തിൽ സ്വന്തം അമ്മയുടെ ഓപ്പറേഷനു വേണ്ടി അടക്കാൻ കൊണ്ടുവരുന്ന കാശിൽ നിന്ന് ഇട്ടി മാണി കമ്മീഷൻ പേശി വാങ്ങുന്നിടത്തു നിന്നാണ് ചിത്രത്തിന്റെ ആരംഭം. ഇട്ടിമാണി ചൈനയിൽ ജനിച്ച് കുന്നംകുളത്ത് ജീവിക്കുന്ന തനി ഡ്യൂപ്ലിക്കേറ്റാണ്. എല്ലാത്തിനും ഡ്യൂപ്ലിക്കേറ്റ് കിട്ടിയിരുന്ന പഴയ കുന്നംകുളത്ത് ഇപ്പോൾ ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടാക്കുന്നയാളാണ് ഇട്ടിമാണി. അമ്മയും അയാളും മാത്രമടങ്ങിയതാണ് കുടുംബം വയസ്സ് കഴിഞ്ഞിട്ടും വിവാഹിതനാകാൻ കഴിയാതതിന്റെ എല്ലാത്തരത്തിലുള്ള വിഷമതകളും അയാൾ അനുഭവിക്കുന്നുണ്ട്.

 

 

 

കുറുക്കന്റെ ബുദ്ധിയുള്ള ഇട്ടിമാണി കമ്മീഷൻ കിട്ടിയാൽ സ്വന്തം അമ്മയുടെ കിഡ്നി പോലും അടിച്ചു വിൽക്കുമെന്ന് പറയുന്നുണ്ട് .ആ കുറുക്കൻ ബുദ്ധിയിൽ ഇട്ടിമാണിയുടെ എരിപൊരിസഞ്ചാരമാണ് സിനിമ മുഴുവൻ. ഏറെക്കുറെ വെള്ളി മൂങ്ങ, ഇന്നത്തെ ചിന്താവിഷയം, തോപ്പിൽ ജോപ്പൻ , സ്നേഹവീട് എന്നീ സിനിമകളുടെ ചേരുംപടിയുള്ള സങ്കലനമായാണ് ചിത്രം കാണുന്നവർക്ക് തോന്നുക.

 

 

 

മികച്ചൊരു സിനിമയൊരുക്കാൻ 20-25 വർഷം സിനിമയിൽ അനുഭവസമ്പത്തുള്ളവർക്ക് കഴിയാതെ പോയി എന്നത് നിരാശയാണ്. സംവിധാനത്തിലല്ല മികച്ച തിരക്കഥയൊരുക്കുന്നതിൽ വന്ന പാളിച്ചകളാണ് കല്ലുകടിയാകുന്നത്. ഇട്ടിമാണി എന്ന കഥാപാത്രത്തിന്റെ മുഴുവൻ ലെയറും കിടക്കുന്നത് വെള്ളിമൂങ്ങയിലെ മാമച്ചനിലാണെന്ന് തോന്നി. ഏറെക്കുറെ അത്തരത്തിലുള്ള സഞ്ചാരമാണ് ഇട്ടിമാണിയുടെത്. ഇടവേളയിലെ വഴിമാറ്റം തിരക്കഥയിൽ വരുന്നുണ്ടെങ്കിലും അതു രണ്ടാം പകുതിയിൽ എവിടെയോ നഷ്ടമായി. തൃശൂരാണ് കഥാപാത്രങ്ങളുടെ പ്രധാന സ്ഥലമെങ്കിലും തൃശൂർ ഭാഷയുടെ ഉപയോഗവും മേന്മയും നൽകാൻ നായകൻ അടക്കമുള്ള കഥാപാത്രങ്ങൾക്ക് കഴിഞ്ഞില്ല. എന്നാൽ ചിത്രത്തിൽ അടങ്ങുന്ന സന്ദേശം എടുത്തു പറയേണ്ടവയുമാണ്. ബന്ധങ്ങൾക്ക് വില നൽകാതെ പണത്തിനു പുറകെ പോകുന്നവർക്ക് ഒരു പാഠം തന്നെയാണ് ഈ ചിത്രം.

 

 

 

രാധിക ശരത്കുമാറിന്റെ അന്നാമ്മ എന്ന കഥാപാത്രം മികച്ചു നിൽക്കുന്നുണ്ട്. ചിത്രത്തിൽ നായകനൊപ്പം നിൽക്കുന്ന കഥാപാത്രമാണ് അന്നാമ്മ. അജു വർഗ്ഗീസിന്റെ സുഗുണൻ എന്ന കഥാപാത്രം പതിവുപോലെ നായകന്റെ വാലായി ഒതുങ്ങുന്നു. കൈലാഷ്, സിജോയി വർഗ്ഗീസ്, വിനുമോഹൻ തുടങ്ങിയ താരങ്ങളുടെ കുടുംബ വീട്ടിൽ എത്തിയതിന് ശേഷമുള്ള രംഗങ്ങൾ സീരിയൽ നിലവാരത്തിൽ ഒതുങ്ങുന്നതായി പോയി. വളരെ പ്രയാസ്സപ്പെട്ട് കഥയുടെ സഞ്ചാരവഴിയൊരുക്കാനുള്ള ശ്രമം എന്നു പറയാം.

 

 

 

വാർദ്ധക്യത്തിൽ അച്ഛനമ്മമാരെ ഒറ്റപ്പെടുത്തുന്നവർക്ക് നേരെയുള്ള വിരൽ ചൂണ്ടലാവാനാണ് ചിത്രം ശ്രമിക്കുന്നത്.ചുരുക്കി പറഞ്ഞാൽ ഇന്നത്തെ ചിന്താവിഷയത്തിൽ അച്ഛനമ്മമാരാൽ ഒറ്റപ്പെടുന്ന മക്കളുടെ അവസ്ഥ പറിഞ്ഞിടത്ത് ഇതിൽ മക്കളാൽ ഒറ്റപ്പെടുന്ന അച്ഛനമ്മമാരെക്കുറിച്ചു പറയുന്നു എന്ന് മാത്രം. ഹരിഷ് കണാരൻ, ധർമ്മജൻ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ കൃത്യത പാലിച്ചില്ലെങ്കിൽ വരുംകാലത്ത് പ്രേക്ഷകർക്ക് അവരോടുള്ള താൽപര്യം കുറയാനുള്ള സാധ്യത ഉണ്ടായെക്കാമെന്നാണ് ഇട്ടിമാണിയിലെ അവരുടെ അഭിനയം കണ്ടപ്പോൾ തോന്നിയത്.

 

 

 

ഫോർ മ്യൂസിക്ക് ഒരുക്കിയ പാട്ടുകൾ അത്രകണ്ട് സുഖകരമായില്ലെങ്കിലും പശ്ചാത്തല സംഗീതം ഭേദപ്പെട്ടതായാണ് തോന്നിയത്. ഷാജി കുമാറിന്റെ ഛായാഗ്രഹണവും കുഴപ്പമില്ലാതെ സിനിമയ്ക്ക് ഗുണമാകുന്നുണ്ട്. അദ്യ പകുതിക്ക് ശേഷം ഇഴച്ചിൽ അനുഭവപ്പെടുത്തുന്നുണ്ട്.

 

 

 

ജോണി ആന്റണി, സലിംകുമാർ തുടങ്ങിയവർ കുഴപ്പമില്ലാതെ തങ്ങൾക്ക് കിട്ടിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. നായികയായി എത്തിയ ഹണി റോസിന് ഒന്നും തന്നെ ചിത്രത്തിൽ ചെയ്യാൻ ഉണ്ടായില്ല എന്നതാണ് സത്യം. ഇട്ടിച്ചന്റെ അമ്മയായി എത്തിയ കെ.പി എസ് സി ലളിതയും പള്ളിലച്ചനായി എത്തിയ സിദ്ദീഖും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ പതിവുപോലെ ഈ സിനിമയിലും ഗംഭീരമാക്കിയിട്ടുണ്ട്.

 

 

 

വിവിയ , കോമൾ ശർമ്മ, അരിസ്ട്രോ സുരേഷ്, ശ്വാസിക,നന്ദു, സാജു നവോദയ, അഞ്ജന അപ്പുക്കുട്ടൻ, സാജു കൊടിയൻ, അശോകൻ , മാധുരി ബ്രഗാൻസ തുടങ്ങിയ താരങ്ങളും തങ്ങൾക്ക് കിട്ടിയ കഥാപാത്രങ്ങളെ കുഴപ്പമില്ലാത്ത രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട് ചിത്രത്തിൽ. വലിയ ട്വിസ്റ്റ്കളോ ബഹളങ്ങളൊ ഇല്ലാതെ ഇട്ടിമാണിക്കായി ഒറ്റത്തവണ കാഴ്ച്ചയ്ക്ക് മാത്രമായി ടിക്കറ്റ് എടുക്കാം.

 

 

You might also like