ഉദ്ദേശിച്ചത് ത്രില്ലർ ; പക്ഷേ ദുരന്തം – “ജാക്ക് ആൻഡ് ഡാനിയൽ” റിവ്യൂ വായിക്കാം.

0

ജാക്ക് ആൻഡ് ഡാനിയൽ റിവ്യൂ: ധ്രുവൻ ദേവർമഠം

 

“ജാക് ഡാനിയൽ” മലയാള സിനിമയിലേക്ക് ഈ വർഷം സംഭാവന ചെയ്യപ്പെട്ട മോശം ചിത്രങ്ങളിൽ ഒന്നുകൂടി. നിർമ്മാതാവിന് തമിഴിൽ ദുരന്ത സിനിമകൾ സംഭാവന ചെയ്ത് നല്ല എക്സ്പീരിയൻസ് ഉള്ളത് വച്ചു നോക്കുമ്പോൾ ഇതൊക്കെ നിസാരമെന്ന് പറയാം. എസ് എൽ പുരം സദാനന്ദൻ എന്ന പ്രതിഭാധനനായ അച്ഛന്റെ മകൻ സിനിമയുമായി എത്തുമ്പോൾ മിനിമം പ്രേക്ഷകരെ കളിയാക്കാതിരിക്കുവാനെങ്കിലും ശ്രദ്ധിക്കാമായിരുന്നു.

 

 

 

ഈ സിനിമ തിരഞ്ഞെടുത്തതിലൂടെ ജനപ്രീയനായകൻ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഒരു മോശം സിനിമ കൂടി ഉണ്ടായിരിക്കുന്നു. ത്രില്ലർ സിനിമ എന്ന ലേബലിൽ ത്രില്ലർ ഘടകങ്ങൾ എല്ലാ മുണ്ടായിട്ടും ഒട്ടും ത്രില്ലടിപ്പിക്കാതെയാണ് ചിത്രം കടന്നു പോകുന്നത്. നേരത്തെ ദിലീപിന്റെ തന്നെ ചിത്രമായിരുന്ന ക്രേസി ഗോപാലനിലേതിന് സമാനമായ ഒട്ടെറെ രംഗങ്ങൾ ഈ ചിത്രത്തിൽ വാരി വിതറിയിട്ടുണ്ട്. മുൻപ് പല സിനിമകളിലും കണ്ടു മടുത്ത രംഗങ്ങൾ ചേർത്തുണ്ടാക്കിയ വെറും ആവറേജ് സിനിമ അനുഭവം എന്നു പറയാം ഇതിനെ.

 

 

 

പട്ടാളത്തിൽ നിന്ന് വിരമിച്ച കമാന്റോയാണ് ചിത്രത്തിൽ ദിലീപ് അവതരിപ്പിക്കുന്ന ജാക്ക് എന്ന കഥാപാത്രം. അയാൾ പലതരം ബിസിനസ്സുകൾ നടത്തുന്ന ആളാണെങ്കിലും മോഷ്ട്ടാവുകൂടിയാണ്. വെറും മോഷ്ടാവല്ല നൂറ് കോടിയും ആയിരംകോടിയുമൊക്കെ അടിച്ചു മാറ്റുന്ന വലിയ കള്ളനാണ്. ഈ കോടികൾ എല്ലാം കള്ളപണമാണ്. ഇത്തവണ ഒരു പ്രത്യേകതയുണ്ട്.നായകനെ വളഞ്ഞിട്ട് അക്രമിക്കാൻ വരുന്ന വില്ലൻമാരില്ല. പകരം സിബിഐയിൽ നിന്ന് മോഷണ കേസ് അന്വേഷിക്കാൻ ഡപ്യൂട്ടേഷനിൽ എത്തുന്ന കുശാഗ്ര ബുദ്ധിക്കാരനായ നായകന് ഒപ്പം തന്നെ നിൽക്കുന്ന ഡാനിയൽ എന്ന തമിഴ് നാട്ടുകാരനായ പോലീസ് ഓഫീസറാണ്. ആക്ഷൻ കിങ്ങ് അർജുനാണ് ഡാനിയൽ എന്ന പോലീസ് ഓഫീസറായി എത്തുന്നത്.

 

 

 

പക്ഷേ ഈ പോലീസ് വേഷം കൊണ്ട് അദ്ദേഹത്തിന് അഭിനേതാവ് എന്ന നിലയിൽ കാര്യമായി ഒന്നും തന്നെ ചെയ്യാനില്ലാതെ പോയി. ഒരു പാട് അഭിനേതാക്കൾ വന്നു പോകുന്നുണ്ടെങ്കിലും അൽപ്പമെങ്കിലും ഇഷ്ട്ടമാകുന്നത് പോലീസ് വേഷത്തിൽ എത്തിയ സൈജുവിന്റെയും അശോകന്റെയും പ്രകടനങ്ങളാണ്. നായികയായി എത്തുന്ന അഞ്ജു കുര്യൻ ഭംഗി കൊണ്ടുമാത്രം ശ്രദ്ധ നേടുന്നു.

 

 

 

പശ്ചാത്തല സംഗീതം വെറുപ്പിക്കുന്നതും പാട്ടുകൾ മനസ്സിൽ നിൽക്കാതതുമായിപ്പോയി. ഷാൻ റഹ്മാൻ, ഗോപി സുന്ദർ എന്നിവർ ചേർന്നാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ ഇന്നെവരെ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും മോശം വി എഫക്സ് രംഗങ്ങളാണ് ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.

 

 

 

അതിബുദ്ധിമാനും എന്തും നിഷ്പ്രയാസം കണ്ടു പിടിക്കുന്നവനുമായ നായക കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് ഒഴിവാക്കി അൽപ്പം കൂടി കാഴ്ച്ചക്കാരെ മണ്ടൻമാരാക്കാത്ത സിനിമകൾ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ ദിലിപ് എന്ന ജനപ്രിയതാരത്തിന് ജനപ്രീതി നഷ്ട്ടപ്പെടാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഓർത്താൽ നല്ലത്. ആരംഭം മുതൽ തന്നെ കെട്ടുപൊട്ടിയ പട്ടം പോലെയാണ് സിനിമയുടെ സഞ്ചാരം.പിന്നീട് അങ്ങോട്ട് ഒരു നിമിഷം പോലും ചിത്രം ആസ്വാദന മികവിലേക്ക് ഉയർന്നതുമില്ല.

 

 

 

 

ജനാർദ്ദനൻ, ഇന്നസെന്റ്, അപ്പാഹാജ, ദേവൻ, പൊന്നമ്മ ബാബു, സുരേഷ് കൃഷ്ണ, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവർ പല കഥാപാത്രങ്ങളായി വന്നു പോയെങ്കിലും അവർക്കും കാര്യമായി ഒന്നും ചെയ്യാനില്ലാതെ പോയി. ചിത്രത്തിന്റെ ഛായാഗ്രഹണവും നിലവാരത്തിനൊത്ത് ഒട്ടും ഉയർന്നില്ല. ചുരുക്കി പറഞ്ഞാൽ രണ്ടര മണിക്കൂർ വധം തന്നെയാണ് ജാക് ആൻഡ് ഡാനിയൽ എന്ന ചിത്രം. നേരത്തെ തന്നെ സൂര്യ ടീവി സാറ്റ് ലൈറ്റ് അവകാശം സ്വന്തമാക്കിയിരുന്നതിനാൽ ടെലിവിഷനിൽ കാണാവുന്നതാണ് ഒരു ജോലിയും ഇല്ലെങ്കിൽ മാത്രം!!

 

 

 

 

You might also like