പ്രതീക്ഷകളുടെ കെട്ട് ഇറക്കി ; ദൃശ്യ മികവിന്റെ “ജല്ലിക്കെട്ട്” കാണാം – റിവ്യൂ

0

ജല്ലിക്കെട്ട് റിവ്യൂ: ധ്രുവൻ ദേവർമഠം

 

“ജല്ലിക്കെട്ട്” കാത്തിരിപ്പുകൾ ശേഷം ലിജോ ജോസ് പല്ലിശേരി ചിത്രം പ്രേക്ഷകർക്ക് മുന്നിൽ ഇന്ന് എത്തുമ്പോൾ തീയറ്ററുകളിൽ യുവാക്കളുടെ നീണ്ടനിരയെയാണ് കാണാൻ സാധിച്ചത്. വിദേശ സിനിമ ഫെസ്റ്റിവെല്ലുകളിൽ പ്രദർശനം നടത്തി വാർത്തകളിൽ ഇടം നേടിയതിന് ശേഷമാണ് ചിത്രം ഇന്ന് മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. കൃത്യമായ രാഷട്രീയ ആശയം മുന്നോട്ടു വെയ്ക്കുന്ന ചിത്രം സാധാരണ പ്രേക്ഷകർ എത്രത്തോളം അംഗീകരിക്കുമെന്നത് കണ്ട് തന്നെ അറിയണം.

 

 

 

 

ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് എല്ലാം വ്യക്തത ഉണ്ടെങ്കിലും കൃത്യമായി പ്രകടനം നടത്താനുള്ള സമയവും ഇടവും നൽകാഞ്ഞത് കല്ലുകടിയായി തോന്നി. പ്രകടനങ്ങളിൽ ഏറ്റവും മോശമാക്കിയത് ആന്റണി വർഗ്ഗീസ് അവതരിപ്പിച്ച ആന്റണി എന്ന കഥാപാത്രവും. ഏറെക്കുറെ കഥയോട് അടുത്തു നിൽക്കുന്ന മേയിക്കിങ്ങ് രീതി തന്നെയാണ് ചിത്രത്തിന്റെത്. ഇതിൽ ഏറ്റവും അധികം കൈയ്യടി അറിക്കുന്നത് ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനും പശ്ചാത്തല സംഗീതം ഒരുക്കിയ പ്രശാന്ത് പിള്ളയും ശബ്ദ്ധമിശ്രണം നടത്തിയ രംഗനാഥ് രവിയുമാണ്. ഏറെക്കുറെ ഈ ചിത്രം ടെക്നീഷ്യൻമാരുടെതാണെന്ന് പറയാം.

 

 

 

 

ഈ വർഷത്തെ മികച്ച ഛായാഗ്രാഹകനുള്ള അവാർഡ് ഗിരീഷ് ഗംഗാധരന് ഉറപ്പായും ലഭിക്കാം. അത്ര മനോഹരമാക്കി തന്നെ അദ്ദേഹം തന്റെ ഭാഗം നിർവ്വഹിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗം തീർച്ചയായും പ്രേക്ഷകന് ഒരു ദൃശ്യ വിസ്മയമാകും. ആന്റണി വർഗ്ഗീസിന് പുറമേ ചെമ്പൻ വിനോദ്, ജാഫർഇടുക്കി, സാബുമോൻ, വിനോദ് കോഴിക്കോട്, ശാന്തി ബാലചന്ദ്രൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

മലയോരത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറഞ്ഞിരിക്കുന്നത്. അറക്കാൻ കൊണ്ടുവന്ന ഒരു പോത്ത് അതിരാവിലെ കയറ് പൊട്ടിച്ചോടുന്നതും തുടർന്നങ്ങോട്ട് ഒരു നാട് മുഴുവൻ പോത്തിന് പിന്നാലെ ഓടുന്നതുമാണ് ചിത്രത്തിന്റെ കഥാസഞ്ചാര വഴി. ആ പോത്തിനൊപ്പം ഓടുന്ന നാട്ടിലെ ആളുകളുടെ ജീവിതം കാട്ടി വൻഅത്ഭുതം ഉണ്ടാകുമെന്ന പ്രതീക്ഷ ചിത്രത്തിന് കാക്കാൻ ആയില്ല. സിങ്ങ് സൗണ്ട് ഉപയോഗിച്ചുള്ള സൗണ്ട് റെക്കോടിങ്ങ് ചിലപ്പോഴെങ്കിലും അരോചകമായി മാറുന്നുണ്ട്.

 

 

 

കഴിഞ്ഞ ലിജോ ചിത്രങ്ങളിൽ നിന്ന് ഏറ്റവും ഗംഭീര സിനിമയാണോ ഈ ചിത്രമെന്ന് ചോദിച്ചാൽ അല്ല! എന്ന് പറയേണ്ടിവരും. കഥയുടെ ആസ്വാദനത്തിന് ചിത്രത്തിൽ വല്ലാതെ പ്രാധാന്യം കുറഞ്ഞു പോയതായി തോന്നി. ഏറെ വൈകാരികമായ മുഹൂർത്തങ്ങൾക്കുള്ള വഴിയുണ്ടായിട്ടും സംവിധായകനും ടീമിനും അതൊന്നും ഉപയോഗിക്കാൻ കഴിഞ്ഞില്ല എന്നതാണ് സത്യം. നേരത്തെ മാവോയിസ്റ്റ് എന്ന ചിത്രത്തിന്റെ മൂലകഥ വായിച്ചവർക്ക് ഇഷ്ട്ടമാകാൻ സാധ്യത കുറവാണ്. വേറെ എടുത്തു പറയേണ്ട കാര്യം ചിത്രം മുന്നോട്ട് വെയ്ക്കുന്ന രാഷ്ട്രീയമാണ്. കൃത്യമായ അളവിൽ മനുഷ്യർ മൃഗമാകുന്നതെങ്ങനെ എന്ന് പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്. പ്രതീക്ഷകൾ മാറ്റി വയ്ച്ചു ഈ ദൃശ്യ മികവിന്റെ ജല്ലിക്കെട്ട് കാണാം.

 

 

 

 

You might also like