പ്രതീക്ഷയുടെ അമിതഭാരം മാറ്റി വയ്ക്കൂ..”ജനമൈത്രി” ആസ്വദിക്കൂ..

0

ജനമൈത്രി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

രസകരമായൊരു കഥാപശ്ചാത്തലത്തിൽ ഇതൾ വിരിയുന്ന ചിത്രമാണ് “ജനമൈത്രി”. വലിയ താരനിരകൾ ഒന്നുമില്ലാതെ ഒരുക്കിയിരിക്കുന്ന ഈ സിനിമ വലിയ പ്രതീക്ഷകൾ ഒന്നുമില്ലാതെ സമീപിച്ചാൽ കണ്ടിരിക്കാവുന്ന ഒന്നാണ്. എൺപതുകളിലും തെണ്ണൂറുകളിലും വലിയ താരനിരകൾ ഇല്ലാതെ പ്രദർശനത്തിനെത്തിപ്രേക്ഷക പ്രീതി നേടിയ സിനിമകളോടൊപ്പം ഈ സിനിമയെയും ചേർത്തുവെയ്ക്കാം.

 

 

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിജയ്ബാബു, സാബുമോൻ, അനീഷ് ഗോപാൽ, ഇർഷാദ്, മണികണ്ഠൻ പട്ടാമ്പി, അരുൺ പുനലൂർ, ശ്രുതി ജയൻ, ഷൈനിസാറ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. താരങ്ങൾ എല്ലാം തന്നെ അവരവരുടെ കഥാപാത്രങ്ങളെ ഭേദപ്പെട്ട രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. രാത്രിയുടെ പശ്ചാത്തലത്തിലാണ് സിനിമയുടെ ഏറെക്കുറെയുള്ള സഞ്ചാരം.

 

 

 

തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ ചിത്രത്തിന്റെ ആരംഭം. ടൈറ്റിലുകൾ കാണിച്ചു തുടങ്ങുന്നത് തന്നെ സംവിധായകൻ മിഥുൻ മാനുവൽ തോമസും ചിത്രത്തിന്റെ നിർമ്മാതാവ് വിജയ് ബാബുവും തമ്മിലുള്ള ഫോൺ സംഭാഷണത്തോടെയാണ്.

 

 

 

ടൈറ്റിലുകൾക്ക് ശേഷം ചിത്രം സീസി ക്യാം ദൃശ്യത്തിന്റെ ഡമോ കാട്ടുന്ന സൈജുകുറുപ്പിന്റെ സംയുക്തന്റെ പ്രകടനത്തോടെയാണ്. സംയുക്തൻ കൊച്ചിയിലെ പ്രശസ്തമായൊരു കമ്പനിയിലെ സെയിൽസ് മാനേജറാണ് സീ സി ക്യാംവിൽപ്പനയാണ് തൊഴിൽ. വ്യക്തിപരമായ ആവശ്യത്തിനായി സംയുക്തന് കണ്ണൂരിലേക്ക് വരേണ്ടിവരുന്നു ആയാത്രയിൽ അയാൾക്ക് ജനമൈത്രിയുടെ ഭാഗമായുള്ള പോലീസിന്റെ ജീവന് ഒരു ചായ പദ്ധതിയുടെ ഭാഗമാകേണ്ടിവരുന്നു തുടർന്ന് ആ രാത്രിയിലും പിറ്റേന്ന് പകലുമായി അയാളുടെയും കണ്ണൂർ ജില്ലയിലെ പാറമേട് സ്റ്റേഷനിലെ പോലീസുകാരുടെയും ജീവിതത്തിൽ സംഭവിക്കുന്ന രസകരമായ സംഭവങ്ങളിലൂടെയാണ് സിനിമയുടെ പ്രധാന കഥ സഞ്ചരിക്കുന്നത്. ക്യാരിക്കേച്ചർ സ്വഭാവത്തോടെയാണ് സിനിമയിലെ കഥാപാത്രങ്ങളെയും കഥാപശ്ചാത്തലവും വികസിപ്പിച്ചിരിക്കുന്നത്.

 

 

 

 

തിരക്കഥയിൽ സംഭവിച്ച ചില പോരായ്മകളാണ് ചിത്രത്തിന് കല്ലുകടിയായി മാറുന്നത്. സംവിധായകനൊപ്പം തന്നെ എഡിറ്ററുടെ കഴിവും കൂടി ചേർന്നതുകൊണ്ടാണ് ചിത്രം കാഴ്ച്ചക്കാർക്ക് കുറച്ചുകൂടി ആസ്വാദ്യകരമായതെന്ന് തോന്നി. ആദ്യ പകുതിയിൽ ഏറെക്കുറെ ഡ്രൈ ആയ അവസ്ഥയിലാണ് ചിത്രത്തിന്റെ കഥാ സഞ്ചാരം.

 

 

 

 

വിഷ്ണുനാരായണന്റെ ഛായാഗ്രഹണവും അരുൺ വെഞ്ഞാറമൂടിന്റെ കലാസംവിധാന മികവും ചിത്രത്തിന് ഗുണകരമായി തോന്നി. ഏറ്റവും എടുത്തു പറയേണ്ടതും കൈയടി നൽകേണ്ടതും ചിത്രത്തിന്റെ നിർമ്മാതാവായ വിജയ് ബാബുവിനാണ് വലിയ താരനിരകളില്ലാതെ ഇത്തരത്തിൽ ഒരു പരീക്ഷണത്തിനായി ധൈര്യപ്പെട്ടതിന്. വൻ സംഭവമൊന്നുമല്ലെങ്കിലും പ്രതീക്ഷകൾ ഇല്ലാതെ കയറിയാൽ ചിലപ്പോൾ ഇഷ്ട്ടമായേക്കാം ജനങ്ങൾക്ക് ഈ ‘ജനമൈത്രി’.

 

 

 

You might also like