
ഓംക്രീം “ജീംബൂംബാ”…. ഇറങ്ങി ഓടിക്കോ…!!
ജീംബൂംബാ റിവ്യൂ: ധ്രുവൻ ദേവർമഠം
ഒറ്റ ദിവസം സംഭവിക്കുന്ന കഥ പറയുന്ന നിരവധി ചിത്രങ്ങൾ നമ്മൾ കണ്ടിട്ടുണ്ട് അത്തരത്തിൽ ഒരു സിനിമയാണ് നവാഗതനായ രാഹുൽ രാമചന്ദ്രൻ സംവിധാനം നിർവ്വഹിച്ച “ജീംബൂംബാ”. അസ്ക്കർ അലി, അഞ്ജു കുര്യൻ, കണ്ണൻ നായർ, ബൈജു സന്തോഷ് , നേഹാ സക്സേന , രതീഷ് രോഹിണി, അനീഷ് ഗോപാൽ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുത്. അപർണ ബാലമുരളി അതിഥി വേഷത്തിലുമെത്തുന്നുണ്ട്.
വളരെയധികം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുവാനുള്ള കഥാപശ്ചാത്തലമുണ്ടായിട്ടും തിരക്കഥ ഒരുക്കിയതിലെ പോരായ്മയും സംവിധാനത്തിലെ പാളിച്ചകളും നിമിത്തം തീയറ്ററിൽ പ്രേക്ഷകർ ചിത്രത്തെ കൈവിടുവാനുള്ള സാധ്യതയാണ് കാണുന്നത്.
അര മണിക്കുറിൽ വെറും ഷോട്ട് ഫിലിമായി മാത്രം ആളുകളെ രസിപ്പിക്കാമായിരുന്ന കഥ വലിച്ചു നീട്ടി പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുകയാണ് ചിത്രത്തിൽ. ന്യൂ ഇയർ തലേദിവസം തിരുവനന്തപുരം നഗരത്തിൽ അരങ്ങേറുന്ന സംഭവങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ബൈജു സന്തോഷ് അവതരിപ്പിച്ച കഥാപാത്രമാണ് സിനിമയിൽ അൽപ്പമെങ്കിലും ആശ്വാസം. അസ്ക്കർ അലി അഭിനയം ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. ആസിഫ് അലിയുടെ അനുജൻ എന്ന നിഴലിൽ നിന്ന് പുറത്തു കടന്ന് അഭിനേതാവായി പേരെടുക്കണമെങ്കിൽ ഇനിയും ഒട്ടെറെ മുന്നോട്ട് പോകേണ്ടിയിരിക്കുന്നു.
ഷോട്ട്ഫിലിമുകൾ ഒരുക്കിയുള്ള പരിചയത്തിൽ സിനിമ ചെയ്യാൻ ഇറങ്ങിയ സംവിധായകൻ നിർമ്മാതാവിനെയും പ്രേക്ഷകരെയും ശരിക്കും പറ്റിക്കുകയാണ് ചെയ്തതെന്ന് പറയാതെ വയ്യ. കഥയിൽ ഉള്ള വിശ്വാസത്തിൽ സിനിമ ചെയ്യാൻ പുറപ്പെട്ട നിർമ്മാതാവ് തിരക്കഥയുടെ കെട്ടുറപ്പ് പരിശോധിക്കുന്നതിൽ ശരിക്കും പരാജയമായി എന്നത് സിനിമ കാണുന്നവർക്ക് വളരെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. വളരെ മോശം എഡിറ്റിങ്ങും പശ്ചാത്തല സംഗീതവും ചിത്രത്തിന് ബാധ്യതയാകുന്നുണ്ട്. രാഹുൽ രാമചന്ദ്രൻ , വിവേക് രാജ്, ലിമു ശങ്കർ എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം നിർമ്മിച്ചിരിക്കുന്നത് സച്ചിൻ ആണ്.
നല്ല സിനിമ ഒരുക്കാതെ തട്ടിക്കൂട്ട് സംരംഭവുമായി വന്ന് ഞങ്ങളുടെ ജീവിതമാണ് നിങ്ങളുടെ കൈകളിലേക്ക് ഏൽപ്പിക്കുന്നത് എന്ന് പറഞ്ഞതു കൊണ്ടൊന്നും പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് കരുതുന്നതു തന്നെ വലിയ മണ്ടത്തരമാണെന്ന് സംവിധായകൻ അടുത്ത ചിത്രത്തിലേക്ക് കടക്കുമ്പോഴെങ്കിലും ഓർക്കുമെന്ന് പ്രതീക്ഷിക്കാം. കണ്ടുമടുത്ത തമാശ രംഗങ്ങളും, വിരസത നിറഞ്ഞ അവതരണവും തന്നെയാണ് “ജീംബൂംബാ”യെ പ്രേക്ഷകനെ വെറുപ്പിക്കാൻ കാരണം. ചലച്ചിത്ര പ്രേമികളും സിനിമ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ചിത്രത്തിന് ധൈര്യപൂർവ്വം ടിക്കറ്റ് എടുക്കാം ; കാരണം ഒരു മോശം സിനിമ എങ്ങനെ എടുക്കാതിരിക്കാം എന്ന് പഠിക്കുന്നതിനായി.