“കാപ്പാൻ” – രക്ഷകനായി സൂര്യ, പ്രധാനമന്ത്രിയായി മോഹൻലാൽ ബാക്കി ശൂന്യത.

0

കാപ്പാൻ റിവ്യൂ: ധ്രുവൻ ദേവർമഠം

 

മോഹൻലാൽ – സൂര്യ കൂട്ടുകെട്ടിൽ ഒരു സിനിമ അത് തന്നെ മതി ആരാധകർക്ക് ആവോളം ആഘോഷമാക്കിമാറ്റാൻ. അത്തരത്തിൽ ആവേശം വാനോളമുയർത്തുന്ന ചിത്രമാകും എന്ന പ്രതീക്ഷയിലാണ് കെ വി ആനന്ദ്- മോഹൻലാൽ-സൂര്യാ ടീമിന്റെ “കാപ്പാൻ” എന്ന ചിത്രത്തിനായി ടിക്കറ്റ് എടുക്കുവാനുള്ള കാരണം.

 

 

 

എന്നാൽ ആ പ്രതീക്ഷകളെയെല്ലാം തല്ലിതകർക്കുന്നതായി പോയി ചിത്രത്തിന്റെ അവസ്ഥ. പ്രേക്ഷകന്റെ യുക്തിയെയും ലോജിക്കിനെയുമെല്ലാം മെത്തമായി വെല്ലുവിളിക്കുകയാണ് സംവിധായകൻ ചിത്രത്തിലൂടെ ചെയ്യുന്നത്. മാട്രാൻ , അയൻ എന്നീ മുൻ ചിത്രങ്ങളുടെ വഴിയെയാണ് ഈ ചിത്രവും ഏറെക്കുറെ സഞ്ചരിക്കുന്നതെന്ന് പറയാം. ഇവിടെ ഈ ചിത്രത്തിലേതു പോലെ മലയാളത്തിൽ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുവാൻ മോഹൻലാൽ എന്ന നടൻ തയ്യാറാകുമോ? ഒരിക്കലും വഴിയില്ല കാരണം ആര്യയെ പോലെ ഒരു മകൻ ഉള്ള അച്ഛൻ കഥാപാത്രത്തെ ഒരിക്കലും ചെയ്യാൻ ഈ അടുത്തകാലത്തൊന്നും സാധ്യത ഇല്ല. പിന്നെ എന്തുകൊണ്ടാകും തമിഴിൽ ഇത്തരത്തിൽ അദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്ന എന്നാൽ അദ്ദേഹത്തിന്റെ താരപദവിക്ക് ഒട്ടും ചേരാത്ത കഥാപാത്രത്തെ അവതരിപ്പിക്കാൻ തയ്യാറായിട്ടുണ്ടാവുക.

 

 

 

ജീവിതത്തിൽ കാശ് കൊടുത്താൽ പോലും വാങ്ങാൻ ലഭിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രിയുടെ റോൾ വെള്ളിത്തിരയിലെങ്കിലും അവതരിപ്പിച്ച് സ്വയം സായൂജ്യമടയാൻ സാധിക്കുമെന്ന മോഹമാകാം ഇത്തരത്തിൽ ഒരു കഥാപാത്രത്തെ സ്വീകരിക്കുന്നതിന് കാരണമായിട്ടുണ്ടാവുക. ഒരു നൂറ് ആവർത്തിയെങ്കിലും മുരുഗദോസിനെയും ആറ്റ്ലിയെയും പോലുള്ള സംവിധായകർ അവതരിപ്പിച്ച് കൈയ്യടിവാങ്ങിയ കർഷകരുടെ ജീവിതമാണ് ഈ സിനിമയിലും പ്രധാനമായും ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. മിൽട്രി ഇന്റിലിജെൻസ് ഉദ്യോഗസ്ഥനാണ് ചിത്രത്തിൽ സൂര്യ അവതരിപ്പിക്കുന്ന കതിർ എന്ന കഥാപാത്രം.

 

 

 

ചിത്രത്തിന്റെ ആരംഭത്തിൽ തന്നെ ആരാധകരെ കൈയ്യിൽ എടുക്കുവാനായുള്ള ഒരു രംഗവുമായാണ് ചിത്രം തുടങ്ങുന്നത്. ഓടി നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിനു മുകളിലേക്ക് ആകാശത്തു നിന്ന് പറന്നിറങ്ങുന്ന കതിർ (സൂര്യ) ബോംബ് വയ്ക്കുയും തുടർന്ന് ആ ട്രെയിൻ തകർക്കപ്പെടുകയും ചെയ്യുന്നതാണ് ദൃശ്യം. ആ രംഗമാകട്ടെ അതിലും മനോഹരമായി എത്രയോ ഹോളിവുഡ് സിനിമകളിൽ ആവർത്തിക്കപ്പെട്ടതുമാണ്.തുടർന്ന് ടൈറ്റിലുകൾക്ക് ശേഷം സിനിമ ഡൽഹിയിലേക്കാണ് നീങ്ങുന്നത്.

 

 

തമിഴ് സംസാരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രിയും മറ്റ് ഉദ്യോഗസ്ഥരും ഒരു പൊതു ചടങ്ങിലേക്ക് പങ്കെടുക്കാൻ വരുന്നിടത്ത് ഭീകര ആക്രമണം നടക്കുന്നു.തലനാരിഴയ്ക്ക് അദ്ദേഹം രക്ഷപ്പെടുകയും മറ്റ് ചടങ്ങിൽ പങ്കുകൊള്ളാൻ എത്തിയവർ ബന്ധികളാക്കപ്പെടുകയും ചെയ്യുന്നു.തുടർന്നങ്ങോട്ട് എൻഎസിജി സംഘം തീവ്രവാദികളെ കീഴ്പ്പെടുത്തുകയും ബന്ധികളാക്കപ്പെട്ടവരിൽ മണ്ടത്തരം കാട്ടുന്ന ഒരു മന്ത്രിമരണപ്പെടുകയും ബാക്കിയുള്ളവർ രക്ഷപ്പെടുകയും ചെയ്യുന്നു. പിന്നെ സിനിമ തമിഴ്നാട്ടിലെ തഞ്ചാവൂരിലേക്കാണ് വരുന്നത്. നല്ല ഒന്നാം നമ്പർ ഡപ്പാംകൂത്ത് പാട്ടോടുകൂടി കർഷകനായ കതിരി നെയാണ് അവിടെ അപ്പോൾ നമുക്ക് കാണാൻ സാധിക്കുക. പ്രായപൂർത്തിയായിട്ടും കല്യാണം പോലും ആകാത്ത പാക്കിസ്ഥാനിലെ മടയിൽ കയറി തീവ്രവാദികളെ മൊത്തം വിറപ്പിക്കുന്ന കതിർ തന്റെ അമ്മയുടെ സ്നേഹത്തിന് മുന്നിൽ വിറകൊണ്ട് നിൽക്കുന്നവനാണ്.

 

 

 

ഓർഗാനിക്ക് ഫാമിങ്ങിലൂടെ മികച്ച വിളകൾ ഉണ്ടാക്കുന്ന കർഷകനാണ്. ഒരു മഴക്കാല രാത്രിയിൽ അയാൾ വീണ്ടും ഒറ്റയാൾ പോരാളിയുടെ വേഷമണിയുന്നു. കടലിൽ ഇന്ത്യൻ സൈനത്തിന്റെ സുരക്ഷയിൽ സൂക്ഷിച്ചിരിക്കുന്ന ഒരു ജൈവ ആയുധപ്പുര ബോംബ് വച്ച് തകർക്കുന്നു. തുടർന്നങ്ങോട്ട് അയാൾ ജെയിംസ് ബോണ്ടിനെപ്പോലെ അണ്ടർ കവർ ഓപ്പറേഷനുമായി പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി അദ്ദേഹം പങ്കെടുക്കുന്ന ഒരു പ്രോഗ്രാമിൽ പത്രപ്രവർത്തകന്റെ വേഷത്തിൽ എത്തുന്നു. അവിടെ വച്ച് അദ്ദേഹത്തിന് നേരെ ഉണ്ടാകുന്ന വധശ്രമത്തിൽ നിന്ന് അതിസാഹസികമായി കതിർ രക്ഷപ്പെടുത്തുന്നു.

 

 

 

തുടർന്ന് അങ്ങോട്ട് പ്രധാനമന്ത്രി മിൽട്രി ഇന്റിലിജെൻസിൽ നിന്ന് ഡെപ്യൂട്ടേഷനിൽ കതിറിനെ എസ് പി ജിയിൽ എടുക്കുന്നു തുടർന്ന് അങ്ങോട്ട് അയാൾ പ്രധാനമന്ത്രിയുടെ കൂടി ജീവിതത്തിന്റെ ഭാഗമാവുകയാണ്. ഒപ്പം കൂടി വരുന്ന തീവ്രവാദ ഭീഷണിയിൽ നിന്ന് പ്രധാനമന്ത്രിയെ അതിസാഹസികമായി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നുവെങ്കിലും ഇന്റർവെൽ പഞ്ചിനായി സംവിധായകൻ പ്രധാനമന്ത്രിയെ തന്നെ ഭീകരാക്രമണത്തിലൂടെ കൊല്ലുകയാണ്.

 

 

 

പ്രധാനമന്ത്രിയുടെ മരണം തീവ്രവാദി ആക്രമണത്തിൽ ആണെങ്കിലും. അത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത് ഇന്ത്യയിലെ വൻ വ്യവസായ പ്രമുഖനായ മഹാദേവ ഗ്രൂപ്പിന്റെ ഉടയ്മക്ക് വേണ്ടിയായിരുന്നുവെന്നതും. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥനായിരുന്ന ഡബിൾ ഏജന്റ് ആണ് ഈ ആക്രമണങ്ങൾക്ക് എല്ലാം ചുക്കാൻ പിടിക്കുന്നത് എന്ന് കൂടി കണ്ടെത്തുന്ന കതിർ ഒരു ഘട്ടത്തിൽ പ്രധാനമന്ത്രിക്ക് മുകളിലുള്ള സുപ്രിം പവർ പോലെയാണ് പൂണ്ട് വിളയാടുന്നത്. അവസാനം എല്ലാ സിനിമകളിലേയും പോലെ വില്ലൻമാരെ ബുദ്ധിയും ശക്തിയും ഉപയോഗിച്ച് ഇല്ലാതാക്കുന്നതോടെ സിനിമ അവസാനിക്കുകയാണ് എന്റ് ടൈറ്റിലിൽ നായകനും നായികയും മധുവിധു ആഘോഷിക്കുകയാണ്.

 

 

 

നായകനായി എത്തിയ സൂര്യ ലഭിച്ച വേഷം മനോഹരമാക്കി എന്ന് പറയാം ; അല്ലാതെ അദ്ദേഹത്തിന് വെല്ലുവിളി ഉളവാക്കുന്ന ഒന്നും തന്നെ കതിർ എന്ന കഥാപാത്രത്തിന് ഇല്ല. ആരാധകർക്ക് വേണ്ടി കയ്യടിക്കാൻ നായകനെ സ്റ്റൈലായി തന്നെ സംവിധായകൻ അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ചിത്രമായ എൻ.ജി.കെയിൽ നിന്നും സൂര്യയുടെ അഭിനയ രേഖ ഉയർന്നിട്ടില്ല എന്ന് നിസ്സംശയം പറയാം. പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയായി വേഷ പകർച്ചയിൽ മോഹൻലാൽ നിറഞ്ഞു നിന്നെങ്കിലും ; തമിഴ് ഡബ്ബിങ്ങും അറു ബോറായിരുന്നുവെന്ന് പറയാതെ വയ്യ ഒട്ടും തന്നെ ലിപ്പ് സിങ്കാവുന്നതു പോലും ഉണ്ടായില്ല. അത് കാഴ്ച്ചയുടെ സുഖം കുറയ്ക്കുന്ന അവസ്ഥയാക്കി. നായികയായി എത്തിയ സായ്‌യേഷ ഗ്ലാമർ കൊണ്ടോ അഭിനയം കൊണ്ടോ പ്രേക്ഷക തൃപ്തി നൽകുന്നില്ല. പ്രധാനമന്ത്രിയുടെ മകൻ വേഷത്തിലെത്തിയ ആര്യ ലഭിച്ച വേഷം ഭംഗിയായി തന്നെ അവതരിപ്പിച്ചു; പക്ഷേ ഇങ്ങനെയൊക്കെ ഒരു കഥാപാത്രം യഥാർത്ഥത്തിൽ ഉണ്ടാകുമോ എന്നതും ഒരു ചോദ്യ ചിഹ്നമാണ്. ബോമൻ ഇറാനിയെ പോലെ അഭിനയസമ്പത്തുള്ള അതുല്യ പ്രതിഭയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ല. വില്ലനായി എത്തിയ ചിരാഗ് ജാനി മികച്ചു നിന്നു. സമുതിരകനിയും തലൈവാസൽ വിജയും വെറും ക്ളീഷേ വേഷങ്ങളായി ഒതുങ്ങി നിന്നു. ഷംന കാസിമും ചിത്രത്തിൽ കടന്നു പോകുന്ന ഒരു കഥാപാത്രമായിയുണ്ട്.

 

 

 

സംഗീതത്തിൽ ഹാരിസ് ജയരാജിന്റെ സ്ഥിരം മാജിക്ക് പ്രതീക്ഷിക്കുന്നവർക്ക് നിരാശയാകും ഫലം. എം എസ് പ്രഭുവിന്റെ ഛായാഗ്രഹണവും അന്തോണിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ തിരക്കഥയോട് ചേർന്ന് നിൽക്കുന്നുണ്ട്.

 

 

 

“കാപ്പാൻ” ഒരു മഹാസംഭവമൊന്നുമല്ല എന്നാൽ തന്നെ മോഹൻലാൽ , സൂര്യ , ആര്യ എന്നീ താരനിരയും കെ വി ആനന്ദ് എന്ന സംവിധായകന്റെ നാമത്തിലും ചിത്രം ഒറ്റ തവണ കാണാം.

 

 

 

You might also like