“കൈദി” ഒരു മാസ് മസാല ചിത്രമല്ല – റിവ്യൂ വായിക്കാം .

0

കൈദി റിവ്യൂ: പ്രിയ തെക്കേടത്

 

“അടിക്ക് അടി …മാസ്സിന് മാസ്സ് …. ആക്ഷന് ആക്ഷൻ ” ഒരു ഫുൾ പാക്ക് ഗംഭീര പടമാണ് കാർത്തി നായകനാകുന്ന “കൈദി”. ഒരു സിനിമക്ക് വേണ്ട ഒരു പാകവും ചിത്രലില്ല. പാട്ടില്ല , നായികയില്ല , റൊമാൻസില്ല…. രണ്ടര മണിക്കൂർ ശ്വാസം അടക്കി പിടിച്ച് കാണാവുന്ന ഒരു സമ്പൂർണ്ണ ക്രൈം ത്രില്ലറാണ് കൈദി. എന്നാൽ പ്രതീക്ഷകൾക്ക് അപ്പുറത്തേക്ക് ഇല്ലെന്നത് മറ്റൊരു സത്യാവസ്ഥയാണ്. ‘മാനഗരം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകൻ ലോകേഷ് കനഗരാജിന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത ചിത്രത്തിനുണ്ട്. ആ ഒരു കാരണം കൊണ്ട് തീയേറ്ററിൽ എത്തിയവരുടെ എണ്ണം വളരെ കൂടുതലാണ്. മറ്റൊരു പ്രധാന കാരണം ‘കാർത്തി’യാണ് .

 

 

ബിജോയ്‌ (നരേന്‍) എന്ന സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥന്‍ ഒരു വലിയ ഡ്രഗ് മാഫിയയെ വലയിലാക്കുന്നു. എണ്ണൂറു കോടിയോളം ആണ് പിടിച്ചെടുത്ത വസ്തുക്കളുടെ വില. അതിന്റെ പിന്നാലെയുള്ള ഒരു രാത്രി യാത്രയാണ് കൈദി പറയുന്നത്. ഇതിന്റെ പിന്നിലുള്ള ഗ്യാങ്ങിനെ കണ്ടുപിടിച്ച് അവരെയൊന്നാകെ വലയിൽ വീഴ്ത്തുവാനായി ഈ തൊണ്ടി മുതൽ കമ്മീഷണർ ഓഫീസിനടുത്ത് ഒളിപ്പിച്ചു വെക്കുന്നു. ചരക്ക് പിടികൂടിയതിൽ കുപിതനായ ഗ്യാങ് തലവൻ കമ്മീഷണറടക്കമുള്ള അഞ്ചംഗ സംഘത്തെ വകവരുത്തുവാൻ തീരുമാനിക്കുന്നതോടെ കഥ പുരോഗമിക്കുകയായി.അതിനായി ഗാംഗ്‌സ്റ്റർ ടീം പോലീസുകാർ കഴിക്കുന്ന മദ്യത്തിൽ ഡ്രഗ്സ് ഉപയോഗിച്ച് എല്ലാവരെയും ബോധരഹിതരക്കാക്കുന്നു. ഇവരെകൊണ്ടുള്ള ബിജോയ് പോലീസിന്റെയും ദിൽ (കാർത്തി ) എന്ന അപരിചിതന്റെയും യാത്രയാണ് ചിത്രത്തിൽ പറയുന്നത്.

 

 

ദില്ലി വിചാരിച്ചതിലും ദുഷ്കരമായിരുന്നു ആ ദൗത്യം. മയക്കുമരുന്ന് ഗ്യാങ് ആ യാത്രയിലുടനീളം പല പ്രാവശ്യം ഇവരെ ആക്രമിക്കുന്നു. ഡില്ലിയുടെ ഇടപെടൽ ഒന്നുകൊണ്ടുമാത്രം എല്ലാവരും രക്ഷപ്പെടുകയാണ്.കാർത്തിയുടെ അതിമാനുഷിക രംഗങ്ങൾ, പ്രത്യേകിച്ച് നാലഞ്ചു കുത്തു കിട്ടിയിട്ടും ആർത്തെണീച്ച് പത്ത് മുപ്പതാളുകളെ ഇടിച്ച് പപ്പടമാക്കുന്നതടക്കമുള്ളവ ഒരു കണക്കിന് നോക്കുമ്പോൾ ഗംഭീരമായെങ്കിലും മറ്റൊരു വശം നോക്കുമ്പോൾ സാമാന്യ യുക്തിക്ക് നിരക്കാത്ത സംഭവമാണ്.

 

 

ഇത് തികച്ചും സംവിധായകന്റെ സിനിമയാണ്. ‘കൈദി’യിലൂടെ തമിഴ് സിനിമയിൽ തന്റേതായ മുദ്ര പതിച്ചിരിക്കുകയാണ് ലോകേഷ്. ഹരീഷ് പേരടി, രമണ, ദീന ജോർജ്ജ്, മറിയം, ഹരീഷ് ഉത്തമൻ, അംസദ്, അർജ്ജുൻ ദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളായുള്ളത്. ഒരു സൂപ്പർ സ്റ്റാർ മാസ് മസാല ചിത്രമല്ല “കൈദി”, അതിനാൽ അത് മനസ്സിൽ വച്ച് സമീപിച്ചാൽ ഈ ലോകേഷ് കനകരാജ് ചിത്രം നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം.

 

 

You might also like