കഷ്ടിച്ച് രക്ഷ നേടിയ കക്ഷി അമ്മിണിപിള്ള.

0

കക്ഷി അമ്മിണിപിള്ള റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

മനോഹരമായൊരു കഥാപശ്ചാത്തലമുണ്ടായിട്ടും കൈവിട്ടു പോയ ശ്രമമായി പോയി നവാഗതനായ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത “കക്ഷി അമ്മിണിപിള്ള” എന്ന ചിത്രം. കാസ്റ്റിങ്ങിലും തിരക്കഥയിലും വന്ന പോരായ്മകളാണ് ചിത്രത്തിന്റെ ആസ്വാദന സുഖം കുറയ്ക്കുന്നത്.

 

 

ദുബായിൽ നിന്ന് നാട്ടിലേക്ക് വരുന്ന ഷജിത്ത് കുമാർ അമ്മിണിപിള്ളയെ ബന്ധുക്കൾ ചേർന്ന് ഒരിക്കൽ പോലും കാണാത്ത ഒരു പെണ്ണിനെ കല്ല്യാണം കഴിക്കേണ്ടി വന്നതും തുടർന്ന് അയാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയ പശ്ചാത്തലം. സിനിമയുടെ ലാന്റിങ്ങ് തന്നെ ആസ്വാദനത്തിന്റെ മികവ് കുറയ്ക്കുന്നതായിട്ടാണ് തോന്നിയത്. പറയാൻ ഉദ്ദേശിച്ച വിഷയത്തിലേക്കുള്ള ക്രാഷ് ലാന്റിങ്ങിന് പകരം സേയിഫ് ലാന്റിങ്ങ് ആയിരുന്നെങ്കിൽ മികച്ച സിനിമ അനുഭവമായിമാറിയെനെ സിനിമയുടെത്.

 

 

 

ചിത്രത്തിൽ ആസിഫ് അലി അവതരിപ്പിച്ച പ്രദീപൻ മഞ്ഞോടിയെ ആർക്ക് വേണമെങ്കിലും അവതരിപ്പിച്ച് ഫലിപ്പിക്കാവുന്ന കഥാപാത്രമായാണ് തോന്നിയത്. പശ്ചാത്തല സംഗീതവും കല്യാണ പാട്ടും,തലശ്ശേരി പാട്ടും നന്നായപ്പോൾ ബാക്കി ഗാനങ്ങളൊന്നും അത്രകണ്ട് സിനിമയ്ക്ക് ഗുണകരമായോ എന്നതും കാഴ്ച്ചക്കാർക്ക് ചിത്രം കാണുമ്പോൾ മനസ്സിലാകും. ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായ ഷജിത്ത്കുമാറായെത്തിയ അഹമ്മദ് സിദ്ദീഖിന്റെ പ്രകടനമാണ് ചിത്രത്തിൽ ഏറ്റവും മോശമായി തോന്നിയത്. കാന്തിയായി എത്തിയ ഫറ ഷിബില മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തക്ക കാലിബർ ഉണ്ടെന്ന് ആദ്യ ചിത്രത്തിലെ പ്രകടനത്തിലൂടെ ബോധ്യപ്പെടുത്തുന്നുണ്ട്.

 

 

 

ചിത്രത്തിന്റെ എഡിറ്റിങ്ങ് സുഖകരമായി തോന്നിയില്ല ഇടയിൽ ലാഗ് അനുഭപ്പെടുത്തുന്നതായി തോന്നി. കോടതിയുടെ പശ്ചാത്തലത്തിൽ ഇതിനു മുൻപും സിനിമകൾ ഉണ്ടായിട്ടുണ്ട്. അതിൽ ഒട്ടുമിക്കവയും വിജയം കൈവരിച്ചവയാണെങ്കിലും അതിൽ ഏറെയും റിയൽ ഫീൽ തരുന്നവയായിരുന്നില്ല. എന്നാൽ ഈ സിനിമ അത്തരത്തിലൊക്കെ ഡീറ്റേലിങ്ങിൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

 

 

 

ഒരു പരിധിയെത്തുമ്പോൾ തന്നെ ചിത്രത്തിന്റെ കഥാന്ത്യം എന്താകുമെന്നുള്ളത് പ്രേക്ഷകർക്ക് ഊഹിക്കുവാൻ സാധിക്കുന്ന ഒന്നായതും. ആദ്യ പകുതിയുടെ അത്ര തന്നെ രണ്ടാം പകുതിയിൽ നിലവാരം പുലർത്താൻ സാധിക്കാതെ പോകുന്നതും ആസ്വാദനത്തിന് വിലങ്ങുതടിയാകുന്നതായി തോന്നി.

 

 

 

ബേസിൽ ജോസ്ഫ്, അശ്വതി മനോഹർ, സുധീഷ്, വിജയരാഘവൻ, നിർമൽ പാലാഴി, ശ്രീകാന്ത് മുരളി, ലുക്മാൻ ലുക്കു,മാമ്മുക്കോയ, സരസ ബാലുശേരി,വിപി ഖാലിദ്, എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ നന്നായി തന്നെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.

 

 

 

സംവിധായകനും തിരക്കഥാകൃത്തും കഴിവുള്ളവരാണെന്ന് ചിത്രം കാണുമ്പോൾ മനസ്സിലാക്കാമെങ്കിലും മറ്റെന്തൊകാരണത്താൽ അവർ ചിത്രത്തിൽ വേണ്ടത്ര സൂക്ഷ്മത പുലർത്താതെ പോയതാണ് ചിത്രം ആസ്വാദന നിലവാരം കുറയ്ക്കുന്നതിന് കാരണമായി തീർന്നത് .അടുത്ത അവസരത്തിൽ ആദ്യ ചിത്രത്തിന് സംഭവിച്ച പാളിച്ചകൾ തിരുത്തി വീണ്ടും ഈ കൂട്ടുകെട്ട് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം. ശരാശരി ചിത്രമെന്ന നിലയിൽ ഒറ്റത്തവണ കാഴ്ച്ചയ്ക്കായി ടിക്കറ്റ് എടുക്കാം.

 

 

 

You might also like