മാസ് ലെവലിൽ “കൽക്കി” കലക്കി. ബാക്കി രണ്ടാം ഭാഗത്തിൽ ..?!!! റിവ്യൂ വായിക്കാം.

0

കൽക്കി റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

കലിയുഗത്തിൽ ധർമ്മംക്ഷയിക്കുകയും അധർമ്മത്തിന് ഉയർച്ചയുണ്ടാകുകയും മനുഷ്യർ സത്യവും ധർമ്മവും ഉപേക്ഷിച്ച് അധാർമ്മികമായ ജീവിതം നയിക്കുകയും ഭരണാധികാരികളുടെ ലക്ഷ്യം പണം മാത്രമാവുകയും ചെയ്യുമ്പോൾ ഹൈന്ദവ വിശ്വാസ പ്രകാരം ധർമ്മം പുന:സ്ഥാപിക്കുവാനായി ഭഗവാൻ വിഷ്ണു തന്റെ പത്താമത്തെ അവതാരമാണ് കൽക്കി. ധർമ്മം സംരക്ഷിക്കുകയും സദ്ജനങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന വിശ്വാസമാണ് കൽക്കി അവതാരം .അത്തരത്തിൽ പേരിനെ അന്വർത്ഥമാക്കുന്ന ചിത്രമാണ് ടോവിനോ തോമസ് മാസ്പോലീസ് വേഷത്തിൽ എത്തിയ “കൽക്കി” എന്ന ചിത്രം.

 

 

നഞ്ചൻകോട്ട എന്ന സാങ്കൽപ്പിക സ്ഥലത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. അവിടെത്തെ രാഷ്ട്രീയക്കാരനും അഴിമതിയും അക്രമങ്ങളും അഴിച്ചുവിടുന്ന അമറും അയാളുടെ സഹോദരൻ അപ്പുവും പ്രബല ശക്തിയായ അയാളുടെ രാഷ്ട്രീയ പാർട്ടിയും പേരിന് പോലും ധൈര്യമില്ലാത്ത പ്രതിപക്ഷ നിരയും ഒന്നും ചെയ്യാൻ പറ്റാത്ത പോലീസ്സ്റ്റേഷനും അവിടുത്തെ പോലീസുകാരും തമിഴരായ ജനങ്ങളെ നഞ്ചൻകോട്ടയിൽ നിന്ന് പുറത്താക്കിയാണ് അമറും അയാളുടെ കൂട്ടാളികളും അവരുടെ സാമ്രാജ്യം അവിടെ പടുത്തുയർത്തിയത് .

 

 

 

ഒരു പ്രത്യേക സാഹചര്യത്തിൽ നഞ്ചങ്കോട്ടയിലെ സർക്കിൾ ഇൻസ്പെക്ട്ടർ പോലീസ്സ്റ്റേഷനകത്ത് ആത്മഹത്യ ചെയ്യുന്നു. തുടർന്നങ്ങോട്ട് നാഥനില്ലാകളരിയായി മാറുന്ന നഞ്ചങ്കോട്ടയിലേക്ക് ചാർജ്ജ് ഏറ്റെടുക്കാൻ വരുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ടൊവിനോ അവതരിപ്പിക്കുന്ന കഥാപാത്രം. അയാളുടെ വരവോടു കൂടി നഞ്ചങ്കോട്ട യുദ്ധക്കളമായി മാറുന്നു. പോലീസ് മുറയ്ക്ക് പകരം അയാൾ ഗുണ്ടകളെ ഒതുക്കാൻ ഗുണ്ടായിസം തന്നെയാണ് ഉപയോഗപ്പെടുത്തുന്നത്. 200തുടർന്നങ്ങോട്ട് അയാളുടെ യാത്ര സങ്കീർണ്ണമാക്കുന്നു.

 

 

 

ടൊവിനോ അഭിനയിക്കുന്ന ആദ്യ മാസ് മസാല പോലീസ് ചിത്രമാണ് ‘കൽക്കി’. താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തും വിധമാണ് ചിത്രം സംവിധായകൻ പ്രവീൺ റാം ഒരുക്കിയിരിക്കുന്നത്. സംവിധാന മികവിലും മികച്ച പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയിലുമാണ് ചിത്രം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നത്. തിരക്കഥയിൽ ഉള്ള പോരായിമകളെയെല്ലാം ടൊവിനോ തന്റെ അഭിനയ മികവിനാൽ മറികടക്കുന്നുണ്ട്. ചിത്രത്തിലെ സംഭാഷണങ്ങൾ അൽപ്പം കൂടി നന്നാക്കിയിരുന്നെങ്കിൽ കൂടുതൽ മികവേകിയേനെ എന്നു തോന്നി. സുധീഷ് , ഇർഷാദ് , സൈജു കുറുപ്പ്, ഹരീഷ് ഉത്തമൻ, കെ പി എ സി ലളിത എന്നിവർ മികച്ച രീതിയിൽ പ്രകടനം കാഴ്ചവച്ചു. സംയുക്ത മേനോൻ , ശിവജിത് , വിനി വിശ്വലാൽ, ജെയിംസ് , അനീഷ് ഗോപാൽ , അഞ്ജലി നായർ , അപർണ നായർ, കൃതിക പ്രദീപ് എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

ആദ്യ പകുതിയെക്കാൾ മാസ് രംഗങ്ങൾ രണ്ടാം പകുതിയിൽ കുറവാണ്. എന്നാൽ ചിത്രത്തിന്റെ രണ്ടാം പകുതിയാണ് കുറച്ചു കൂടി പ്രേക്ഷകരുടെ ഉള്ളുപൊള്ളിക്കുന്നത്. അഭിനയത്തിലെ സ്വാഭാവികത കൊണ്ട് കഥാപാത്രങ്ങൾ മികവു കാട്ടുന്നുണ്ട് ചിത്രത്തിൽ. ഇന്നത്തെ ഇന്ത്യയുടെ അവസ്ഥയാണ് ചിത്രം ശരിക്കും ചർച്ച ചെയ്യുന്നത് ദുർബലമായ പ്രതിപക്ഷമുള്ളൊരുരാജ്യത്തെ ഭരണാധികാരികൾ അധികാരം പിടിക്കുന്നത് പണത്തിന്റെ കൈയ്യൂക്കിന്റെയും ആൾബലത്തിലാകുമെന്ന് ഒരിക്കൽ കൂടിക്കാട്ടുന്നുണ്ട്.

 

 

പ്രവീൺ പ്രഭാറാം എന്ന സംവിധായകൻ തന്റെ ആദ്യ വരവ് മോശമാക്കിയില്ലെന്ന് കൽക്കി കണ്ടിറങ്ങുന്നവർ പറയും. ഫാമിലി പ്രേക്ഷകർ ചിത്രത്തെ എങ്ങനെയാകും നോക്കികാണുക എന്നത് കണ്ട് തന്നെ അറിയണം. മാസ്സ് സിനിമകളുടെ കടുത്ത ആരാധകർക്ക് തിയ്യേറ്ററിൽ പോയി കണ്ടു രസിക്കാവുന്ന ഒരു സിനിമയാണ് “കൽക്കി”. ഏറ്റവും ശ്രദ്ധേയമായൊരുകാര്യം ഈ ചിത്രത്തിലെ ടൊവിനോയുടെ കഥാപാത്രത്തിന് പേരില്ല എന്നതാണ്. രണ്ടാം ഭാഗത്തിന് സാധ്യത നൽകിയാണ് ചിത്രം അവസാനിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

 

 

You might also like