നിഗൂഢതയുടെ പതിഞ്ഞ താളവുമായി “കമല” ; റിവ്യൂ വായിക്കാം.

0

കമല റിവ്യൂ: ധ്രുവൻ ദേവർമഠം

 

വ്യത്യസ്തമാർന്ന പ്രമേയങ്ങൾ മികച്ച രീതിയിൽ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കർ. അദ്ദേഹത്തിന്റെ സംവിധാനത്തിൽ എത്തിയ “കമല” എന്ന ചിത്രവും അത്തരത്തിലുള്ള ത്രില്ലർ പരീക്ഷണമാണ്. അജു വർഗ്ഗീസ് എന്നതാരത്തെ നായകനാക്കിയുള്ള ഗംഭീരമാർന്ന പരീക്ഷണം എന്ന് തന്നെ ചിത്രത്തെ വിശേഷിപ്പിക്കാം. ചില നേരങ്ങളിലെ പതർച്ചകൾ ഒഴിവാക്കിയാൽ, നായകനായുള്ള അജുവിന്റെ പ്രകടനവും മികച്ചു നിൽക്കുന്നുണ്ട്.

 

 

 

 

സഫർ എന്ന വാഹന ലാന്റ് ബ്രോക്കറുടെ വേഷമാണ് ചിത്രത്തിൽ താരത്തിന്. ഏറെക്കുറെ ദുരൂഹതയുള്ള സ്വഭാവസവിശേഷതകൾ കാട്ടുന്നയാളാണ് ബാച്ചിലറായ സഫർ. കേരള തമിഴ്നാട് അതിർത്തിയിലുള്ള സ്ഥലമിടപാടുമായി ബന്ധപ്പെട്ട സഫറിന്റെ യാത്രയോടെയാണ് ചിത്രത്തിന്റെ ആരംഭം.

 

 

 

 

ഷഹനാദ് ജലാലിന്റെ ഛായാഗ്രഹണം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നുണ്ട്. മറ്റ് രഞ്ജിത്ത് ശങ്കർ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഏറെക്കുറെ റിയലിസ്റ്റിക്ക് മൂഡിലാണ് ചിത്രത്തിന്റെ സഞ്ചാരം. അതിനാൽ തന്നെ ആദ്യ പകുതി പിന്നിടുമ്പോഴെക്കും ചിത്രം പ്രധാന കഥാവഴിയിലേക്ക് കയറാൻ നന്നായി പാടുപെടുകയും ചെയ്യുന്നുണ്ട്. ശരിക്കു പറഞ്ഞാൽ പ്രേക്ഷകനെ ലാഗ് അടിപ്പിച്ച് ബോറടിപ്പിക്കുകയാണ് ചെയ്യുന്നത്.

 

 

 

ചിത്രത്തിന്റെ സഞ്ചാരവഴിയിൽ ഉടനീളം നിഗൂഢതയാണ് സംവിധായകൻ പ്രേക്ഷകർക്കായി കരുതി വച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യഭംഗിയും മികച്ച പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ നിഗൂഢതയെ മികവുറ്റതാക്കുന്നുണ്ട്. എന്നാൽ വേഗമില്ലാത്ത പതിഞ്ഞ കഥാസഞ്ചാരമാണ് സിനിമയെ ആസ്വാദനത്തിൽ നിന്ന് അകറ്റുന്നത്. യഥാർത്ഥ്യമാണോ മിഥ്യയാണോ എന്നതരത്തിലുള്ള ആദ്യ പകുതിയെ അവസാനിപ്പിക്കുവാനായി കൂട്ടിച്ചേർക്കപ്പെട്ടതു പോലെയാണ് അനൂപ് മേനോന്റെ അഗസ്തി എന്ന കഥാപാത്രത്തെ അനുഭവപ്പെട്ടത്.

 

 

 

 

കമല എന്ന ടൈറ്റിൽ കഥാപാത്രമായി എത്തിയ റുഹാനി ശർമ്മ ലഭിച്ച വേഷം മോശമല്ലാത്ത രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. അനൂപ്മേനോൻ, ബിജു സോപാനം, ശ്രീജ ശ്യാം, മൊട്ടരാജേന്ദ്രൻ എന്നിവരുടെ ഭേദപ്പെട്ട പ്രകടനമാണ് ചിത്രത്തിന്റെ മറ്റൊരു ഹൈല്ലെറ്റ്.

 

 

 

 

ഭൂമി കൈയ്യേറുന്ന ഭൂമാഫിയയുടെ രാഷ്ട്രീയവും ചിത്രം കൈകാര്യം ചെയ്യുന്നു എന്നതും ശ്രദ്ധേയമാണ്. എന്നാൽ ആദിവാസി സമൂഹത്തെ പ്രതിനിധീകരിച്ച് അഭിനയിച്ച ആളുകളുടെ അഭിനയം നല്ലതാണെങ്കിലും ആ വേഷങ്ങളിലെക്കുള്ള തിരഞ്ഞെടുപ്പ് അത്ര സുഖമായി തോന്നിയില്ല.

 

 

 

 

ആദ്യ പകുതിയിലെ പതിഞ്ഞതാളം ഒഴിവാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഒരു മികച്ച ത്രില്ലർ മിസ്റ്ററി ചിത്രമായേനെ “കമല”. എന്നാൽ അജുവർഗ്ഗീസ് എന്ന താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വേറിട്ട കഥാപാത്രമാണ് കമലയിലെ സഫർ. ത്രില്ലർ,മിസ്റ്ററി ചിത്രങ്ങൾ ഇഷ്ട്ടപ്പെടുന്നവർക്ക് കമലയ്ക്ക് വേണ്ടി ടിക്കറ്റ് എടുക്കാം.

 

 

 

You might also like