പ്രണയവും പോരാട്ടവും; “കപ്പേള” റിവ്യു

0

കപ്പേള റിവ്യൂ: മീര ജോൺ

റോഷന്‍ മാത്യു, അന്ന ബെന്‍, ശ്രീനാഥ് ഭാസി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്‌കാര ജേതാവ് മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് “കപ്പേള”. ചെറിയൊരു ത്രെഡില്‍ നിന്നും വികസിപ്പിച്ചെടുത്ത ചിത്രം പരിചിതമായ ഒരു പ്രമേയത്തെ കൂടുതല്‍ തീവ്രതയോടെ അവതരിപ്പിക്കുന്നു. ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പ്രണയമല്ല… പോരാട്ടവും അതിജീവനവുമാണ് ചിത്രം പറയുന്നത്. ഒറ്റ ദിവസം നടക്കുന്ന കഥയുടെ ദൃശ്യാവിഷ്‌കാരമാണ് ‘കപ്പേള’.

വയനാട്ടിലെ ഒരു മലയോര ഗ്രാമത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സാമ്പത്തികമായി പിന്നോട്ട് നില്‍ക്കുന്ന കുടുംബത്തിലെ കൂലിപ്പണിക്കാരന്റെ മകളാണ് അന്ന ബെന്‍ അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രം. നമ്പര്‍ തെറ്റി പോകുന്ന ഒരു ഫോണ്‍ കോളിലൂടെ പരിചയപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറായ വിഷ്ണു (റോഷന്‍ മാത്യു)വുമായി ജെസ്സി അടുക്കുന്നു. ഇതിനിടെ ജസ്സിക്ക് സമ്പന്നനായ ബെന്നിയുടെ വിവാഹാലോചന വരികയും തന്റെ വിവാഹം നടക്കുമോ എന്ന ഭയത്താല്‍ വിഷ്ണുവിനെ കാണാനായി ജെസ്സി ഒറ്റയ്ക്ക് കോഴിക്കോട്ടേയ്ക്ക് പുറപ്പെടുകയും ചെയ്യുന്നു. എന്നാല്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഒരു കശപിശയില്‍ വിഷ്ണുവിന്റെ ഫോണ്‍ നഷ്ടപ്പെടുകയും അത് ശ്രീനാഥ് ഭാസിയുടെ കഥാപാത്രമായ റോയ് കൈക്കലാക്കുയും ചെയ്യുന്നതോടെ ആദ്യ പകുതി അവസാനിക്കുന്നു.

ആദ്യ പകുതി റോഷനും അന്നയും കീഴടക്കുമ്പോള്‍ രണ്ടാം പകുതി ശ്രീനാഥ് ഭാസി കൈയ്യടക്കുന്നു. ജെസ്സിയുടെയും വിഷ്ണുവിന്റെയും ആദ്യ കൂടിക്കാഴ്ച്ചക്കിടെ റോയ് കടന്നുവരുന്നതോടെ സിനിമയുടെ ഗതി മാറുന്നു. ഇതിലൂടെ പ്രേക്ഷകന്റെ മനസ്സില്‍ സംഘര്‍ഷങ്ങളും സങ്കീര്‍ണതകളും കോരിയിടാന്‍ ഒരു ശ്രമവും സംവിധായകന്‍ നടത്തുന്നു.

ചിത്രത്തിലെ അന്ന ബെന്നിന്റെ പ്രകടനം ഏറെ കൈയ്യടി നേടുന്നതാണ്. നിഷ്‌കളങ്കയായ തനി നാട്ടിന്‍പുറത്തുകാരി ജെസ്സിയെ അന്ന മികവുറ്റതാക്കി. സഹാനുഭൂതിയുള്ള കഠിനാധ്വാനിയായ വളരെ പക്വതയുള്ള പ്രകൃതമാണ് റോഷന്റേത്. എന്നാന്‍ റോഷന്റെ നേര്‍വിപരീതമാണ് കെട്ടഴിഞ്ഞ ജീവിതം നയിക്കുന്ന ശ്രീനാഥ് ഭാസി അവതരിപ്പിച്ച റോയുടേത്. അന്നയും റോഷനും ശ്രീനാഥ് ഭാസിയും തങ്ങളുടെ റോള്‍ തന്മയത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളായ നിഷ സാരംഗ്, സുധി കോപ്പ, ജയിംസ്, മുസ്തഫ, തന്‍വി എന്നിവരും അവരുടെ റോളുകള്‍ മികവുറ്റതാക്കി. ജിംഷി ഖാലിദിന്റെ ഛായാഗ്രഹണവും കഥാഗതിയോടു ചേര്‍ന്നുള്ള സുഷിന്‍ ശ്യാമിന്റെ സംഗീതവും ചിത്രത്തിന്റെ പ്ലസ് പോയിന്റുകളാണ്.

ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ കഥാപാത്രങ്ങളുടെ തനിനിറം പുറത്തുവരുന്നത് ചിത്രത്തിന്റെ ഗതി നിര്‍ണയിക്കുന്നു. പ്രണയം പലപ്പോഴും ചതിക്കുഴികളാകാറുണ്ടെങ്കിലും ഒരുപാട് ജെസ്സിമാര്‍ക്കുള്ളതാണ് കപ്പേള. യുവാക്കളെയും കുടുംബങ്ങളെയും ലക്ഷ്യമിടുന്ന “കപ്പേള” തീർച്ചയായും കണ്ടിരിക്കാവുന്ന ചിത്രമാണ്.

You might also like