കീ ക്ളീഷേ…!!

0

കീ റിവ്യൂ: ധ്രുവൻ ദേവർമഠം

 

 

 

ജീവ നായകനായി എത്തിയ “കീ” പ്രദർശനത്തിനെത്തി. ഹിറ്റ് മേക്കർ ശെൽവരാഘവന്റെ അസ്സോസിയേറ്റായി പ്രവർത്തിച്ച കലീസിന്റെ ആദ്യ സംവിധാന സംരഭമാണ് ‘കീ’. മലയാളി താരം ഗോവിന്ദ് പത്മസൂര്യ വില്ലൻ വേഷത്തിലെത്തുന്ന ചിത്രത്തിൽ നിക്കി ഗൽറാണിയാണ് നായിക.

 

 

 

ടെക്നോളജി ത്രില്ലർ വിഭാഗത്തിൽ ഒരുങ്ങിയ “കീ”യിൽ സിദ്ധാർഥ് എന്ന കോളേജ് വിദ്യാർത്ഥിയായി നായകൻ ജീവ എത്തുന്നു. സിദ്ധാർഥ് ഹാക്കിങ് വിദ്യകളിൽ സാമര്‍ത്ഥ്യമുള്ള വ്യകതിയാണ്. സിദ്ധാർത്ഥിന്റെ കാമുകി വേഷത്തിൽ നിക്കി ഗൽറാണി എത്തുന്നു. ചിത്രത്തിൽ ഒരു ഹൈടെക്ക് ക്രിമിനൽ വില്ലനായി ഗോവിന്ദ് പത്മസൂര്യ എത്തുന്നു. പ്രതീക്ഷിക്കുമ്പോലെ തുടക്കത്തിൽ നായകനെ ബുദ്ധി സാമര്‍ത്ഥ്യം കൊണ്ട് അടിച്ചു വീഴ്‌ത്തുന്ന വില്ലൻ , തുടരെ നായകന്റെ തിരിച്ചടിയും ഈ ക്ളീഷേ തുടർക്കഥ തന്നെയാണ് കീയിലും സംഭവിക്കുന്നത്.

 

 

 

സോഷ്യൽ മീഡിയയും ടെക്നോളജിയുടെയും ദൂഷ്യവശങ്ങളാണ് ചിത്രം ചൂണ്ടി കാണിക്കുന്നത്. സംവിധായകൻ തന്നെയാണ് കഥയും ഒരുക്കിയിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ കഥാപശ്ചാത്തലത്തിനുള്ള പ്രസക്തി തിരക്കഥയിലും സംവിധാനത്തിലും എഡിറ്റിംഗിലും പാളിപ്പോയ അവസ്ഥയാണ് പ്രേക്ഷകന് ‘കീ’ മുഷിപ്പുളവാക്കുന്നത്. അനാവശ്യമായ ഗാനങ്ങൾ , സെന്റിമെന്റ്സ് രംഗങ്ങൾ, കുത്തിനിറച്ച കോമഡികൾ എന്നിവ ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. അഭിനനന്ദ് രാമാനുജത്തിന്റെ ഛായാഗ്രഹണം ശരാശരിക്ക് മേലെ നിന്നു.

 

 

 

നായകനായി ജീവ മികച്ച പ്രകടനം കാഴ്ച വച്ചു. നായികയായി എത്തിയ നിക്കി ഗൽറാണിക്ക് തികച്ചും മറ്റൊരു ക്ളീഷേ വേഷമാണ് ലഭിച്ചത്. ഗോവിന്ദ് പത്മസൂര്യ തന്റെ തമിഴ് തുടക്കം മികവുറ്റതാക്കി. എന്നാൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഇരുമ്പ് തിരൈ എന്ന ചിത്രത്തിലെ വിശാൽ – അർജുൻ പോലെയുള്ള ഒരു നായകൻ – വില്ലൻ കൂട്ടുകെട്ട് പ്രതീക്ഷിച്ചു പോയാൽ പ്രേക്ഷകന് നിരാശയാണ് ഫലം. അനൈക സോട്ടി , ആർ ജെ ബാലാജി , സുഹാസിനി , രാജേന്ദ്ര പ്രസാദ് , മനോബാല , മീര കൃഷ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

 

 

ചിത്രീകരണവും റിലീസും നീണ്ടുപോയതും ചിത്രത്തിന്റെ പരിണതഫലത്തെ ബാധിച്ചിട്ടുണ്ട്. ചിത്രത്തിലെ കുറച്ചു ഭാഗങ്ങൾ ഒഴിച്ചാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒന്നും തന്നെ ‘കീ’യിൽ ഇല്ലെന്ന് സാരം.

 

 

 

 

You might also like